ഭിന്നശേഷിയുള്ള തന്റെ മകനെപ്പോലും മോദി അനുയായികള്‍ അധിക്ഷേപിച്ചു: അരുണ്‍ ഷൂരി

ഡല്‍ഹി: ഭിന്നശേഷിയുള്ള തന്റെ മകനെപ്പോലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായികള്‍ അധിക്ഷേപിച്ചുവെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അരുണ്‍ ഷൂരി. സാമൂഹ്യമാധ്യമങ്ങളില്‍ പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ പരസ്യമായി അപമാനിക്കാനും വ്യക്തിഹത്യ നടത്താനുമാണ് മോദിയുടെ അനുയായികള്‍ ശ്രമിക്കുന്നത്. ഒരവസരം തന്നാല്‍ തനിക്കും ഭിന്നശേഷിക്കാരനായ തന്റെ മകനു നേരെയും സോഷ്യല്‍ മീഡിയകളില്‍ മോദി ആരാധകര്‍ നടത്തിയ വ്യക്തിഹത്യ പരാമര്‍ശങ്ങള്‍ പുറത്തുകാണിക്കാന്‍ തനിക്ക് സാധിക്കും, അഭിമാനക്ഷതമേല്‍പ്പിക്കുന്ന ആ പരാമര്‍ശങ്ങള്‍ ഞെട്ടലുണ്ടാക്കുന്ന തരത്തിലുള്ളവയാണെന്നും അരുണ്‍ ഷൂരി പറഞ്ഞു. ഒരു പ്രമുഖ ദേശീയ മാധ്യമം സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു അരുണ്‍ ഷൂരിയുടെ പ്രതികരണം. നിന്റെ ഭ്രാന്തനായ മകന്‍ കൂടുതല്‍ ഭ്രാന്തനായി മാറുമെന്ന് പറഞ്ഞായിരുന്നു സോഷ്യല്‍ മീഡിയകളില്‍ ചിലര്‍ തന്നെ അധിക്ഷേപിച്ചത്, പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളിലെ ഇത്തരം പ്രവണതകള്‍ക്ക് മൗനസമ്മതം നല്‍കുകയാണെന്നും അരുണ്‍ ഷൂരി പറഞ്ഞു.

Top