ബിജെപിക്ക് കനത്ത തിരിച്ചടി!! തെരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക തള്ളിയതിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. സ്ഥാനാർഥികൾക്ക് മത്സരിക്കാനാകില്ല

കൊച്ചി: തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്നാണ് കോടതി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാൽ വരണാധികാരിക്കാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച പൂർണ അധികാരമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ അനുകൂലിക്കുകയായിരുന്നു കോടതി. ഇതോടെ തലശേരിയിലും, ഗുരുവായൂരും താമര ചിഹ്നത്തിൽ സ്ഥാനാർത്ഥിയുണ്ടാകില്ല.

തലശ്ശേരിയില്‍ എന്‍. ഹരിദാസിന്റെയും ഗുരുവായൂരില്‍ നിവേദിത സുബ്രഹ്മണ്യന്റെയും ദേവികുളത്ത് ആർ.എം. ധനലക്ഷ്മിയുടെയും പത്രികകളാണ് തള്ളിയത്. ഇതോടെ ഈ മൂന്നു മണ്ഡലങ്ങളിലും എൻഡിഎയ്ക്ക് സ്ഥാനാര്‍ഥിയില്ലാത്ത അവസ്ഥയായി. നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബിജെപി സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജികള്‍ ഞായറാഴ്ച ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തി പരിഗണിച്ചിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദമായ നിലപാടു തേടി ജസ്റ്റിസ് എന്‍. നഗരേഷ് ഹര്‍ജികള്‍ ഇന്നത്തേക്കു മാറ്റുകയായിരുന്നു.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയാല്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചതാണെന്നും വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ പറഞ്ഞു. വരണാധികാരി യാന്ത്രികമായി പ്രവര്‍ത്തിക്കുന്നുവെന്നും തീരുമാനം വിവേചനപരമാണെന്നും ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ രണ്ടുമണ്ഡലങ്ങളില്‍ സാങ്കേതിക പിഴവ് പരിഹരിക്കുന്നതിന് വരണാധികാരികള്‍ സമയം അനുവദിച്ചിരുന്നു. ഇതുചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിക്കാരുടെ വാദം.

പിറവത്തും മലപ്പുറത്തെ ഒരു മണ്ഡലത്തിലുമാണ് ഇപ്രകാരം സമയം അനുവദിച്ചത്. പിറവത്തു സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി റോബിന്‍ മാത്യുവിനു പത്രികയ്‌ക്കൊപ്പം വേണ്ട ഫോം എയും ബിയും നല്‍കാന്‍ ഇന്നു രാവിലെ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തു പലര്‍ക്കും പല നീതിയാണെന്നും പത്രിക തള്ളപ്പെട്ട ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യന്റെ അഭിഭാഷകന്‍ വാദിച്ചു. കൊണ്ടോട്ടിയില്‍ സൂക്ഷ്മപരിശോധന പോലും മാറ്റിയെന്നറിയുന്നു. റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് ഓരോ സ്ഥലത്തും ഓരോ അളവുകോലാണെന്നു തലശ്ശേരിയിലെ സ്ഥാനാര്‍ഥി എന്‍. ഹരിദാസിന്റെ അഭിഭാഷകനും ആരോപിച്ചു. ഒപ്പിട്ടതിന്റെ ഒറിജിനല്‍ പകര്‍പ്പു നല്‍കണമെന്നാണ് വ്യവസ്ഥയെന്നും തലശ്ശേരിയിലെ സ്ഥാനാര്‍ഥി സൂക്ഷ്മപരിശോധനയ്ക്കു മുന്‍പേ അപാകത പരിഹരിച്ചിരുന്നുവെന്നും സ്റ്റേറ്റ് അറ്റോര്‍ണി ശ്രദ്ധയില്‍പ്പെടുത്തി.

ചിഹ്നം അനുവദിക്കുന്ന ഘട്ടത്തിലാണ് സംസ്ഥാന അധ്യക്ഷന്റെ ഒപ്പ് അടങ്ങിയ ഫോമിന് പ്രസക്തിയുളളത്. അത് നാമനിര്‍ദേശ പത്രികയുടെ ഭാഗമല്ല. അതുകൊണ്ടുതന്നെ വരണാധികാരിയുടെ പ്രവര്‍ത്തനം പ്രഥമദൃഷ്ട്യാ തന്നെ തെറ്റാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പ് ഹര്‍ജിയിലേക്ക് പോകാതെ തന്നെ ഹൈക്കോടതി ഇടപെട്ട് സ്ഥാനാര്‍ഥികള്‍ക്ക് മത്സരിക്കാനുളള അവസരം അനുവദിക്കണമെന്നാണ് സ്ഥാനാര്‍ഥികള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഭരണഘടനാപരമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള ഒരു വ്യക്തിയുടെ അവകാശത്തിന്മേലുളള ലംഘനമായി വരണാധികാരിയുടെ നടപടി മാറുന്നു എന്ന നിലപാടാണ് ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ സ്വീകരിച്ചത്.

എന്നാല്‍ സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് പ്രകാരം വരണാധികാരിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പിഴവുകള്‍ ഉള്‍പ്പടെ ചോദ്യം ചെയ്യേണ്ടത് തെഞ്ഞെടുപ്പ് ഹര്‍ജിയിലൂടെയാണ്. തെരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെ നടപടികള്‍ ചോദ്യം ചെയ്യണമെങ്കില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ച് ഫലപ്രഖ്യാപനം വന്ന ശേഷം മാത്രമേ അത് സാധ്യമാകൂ. തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞാല്‍ വരണാധികാരിയുടെ തീരുമാനം അന്തിമമാണ്. അതില്‍ കോടതിക്ക് ഇടപെട്ട് നിര്‍ദേശം നല്‍കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ ബോധിപ്പിക്കുകയായിരുന്നു.

Top