മാർപാപ്പയ്ക്കു ശേഷം ഒരു വിദേശ നേതാവിനു ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണം!! യുഎസ് ആർത്തുവിളിച്ചു ‘മോദി..മോദി.ഹൗഡി മോദി സംഗമത്തിലൂടെ ഇന്ത്യയും മോദിയും വാനോളം ഉയർന്നു.

വാഷിങ്ടൻ: യുഎസിൽ മാർപാപ്പയ്ക്കു ശേഷം ഒരു വിദേശ നേതാവിനു ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണമെന്ന റെക്കോർഡ് ഹൗഡി മോദി സംഗമത്തിലൂടെ നരേന്ദ്ര മോദിക്കു സ്വന്തം. മോദി, മോദി… എന്ന് ആവേശം കൊണ്ട ജനസാഗരത്തിനു മുന്നിലേക്കു ട്രംപിന്റെ കൈ പിടിച്ചാണ് മോദി എത്തിയത്. ഒരു മണിക്കൂറോളം നീണ്ട മോദിയുടെ പ്രസംഗം മുഴുവനും സദസ്സിലിരുന്ന് ട്രംപ് കേൾക്കുകയും ചെയ്തു. ആദ്യം നിശ്ചയിച്ച അരമണിക്കൂർ പരിപാടിയിൽ നിന്നു മാറി അവസാന നിമിഷമാണ് ഒന്നേ മുക്കാൽ മണിക്കൂറോളം ചടങ്ങിൽ പങ്കെടുക്കാൻ ട്രംപ് തീരുമാനിച്ചതും. ഒഴിവാക്കാനാകാത്ത സഖ്യശക്തിയാണ് ഇന്ത്യയെന്നു യുഎസ് തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനം കൂടിയായിരുന്നു ‘ഹൗഡി മോദി’യിൽ കണ്ടത് .ഇതിലൂടെ ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യശസ്സ് വാനോളം ഉയർന്നു .

ഒന്നരപ്പതിറ്റാണ്ടു മുൻപ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് യുഎസ് വീസ നിഷേധിച്ചു. 2005 മാർച്ച് അവസാന ആഴ്ച അഞ്ചു ദിവസത്തെ യുഎസ് പര്യടനത്തിനു പുറപ്പെടാനിരിക്കെയായിരുന്നു ആ പ്രഖ്യാപനം. നയതന്ത്ര വീസയ്‌ക്കുള്ള മോഡിയുടെ അപേക്ഷ തള്ളി എന്നു മാത്രമല്ല, അദ്ദേഹത്തിനു നേരത്തേ നൽകിയിരുന്ന ബിസിനസ്-ടൂറിസ്‌റ്റ് വീസ റദ്ദാക്കുകയും ചെയ്‌തു.എന്നാൽ14 വർഷങ്ങൾക്കിപ്പുറം യുഎസ് പ്രസിഡന്റ് തന്നെ മോദിയെ കൈപിടിച്ചു കൊണ്ട് ജനസാഗരത്തിനു മുന്നിലേക്കു നയിച്ചു. ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ നിറഞ്ഞ കരഘോഷത്തെ സാക്ഷിനിർത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു– ‘ഇതാ എന്റെ ഏറ്റവും വിശ്വസ്തനായ സുഹൃത്ത്…’ ചരിത്രത്തിന്റെ കാവ്യനീതിക്കു സാക്ഷ്യം വഹിക്കുകയായിരുന്നു ഇന്ത്യയും മോദിയും അന്നേരം. മോദിയുടെ വലിയ വിജയമായാണ് ഇതിനെ നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നതും.

മതസ്വാതന്ത്യ്രത്തിനെതിരെ പ്രവർത്തിച്ചവർക്കു വീസ നിഷേധിക്കുന്ന വകുപ്പ് ഉപയോഗിച്ചായിരുന്നു മോദിക്ക് 2005ൽ യുഎസ് പ്രവേശനം നിഷേധിച്ചത്. 2002ലെ ഗുജറാത്ത് വർഗീയ കലാപത്തിന്റെ പേരിലായിരുന്നു അത്. യുഎസിലെ ഫ്ലോറിഡയിൽ ഏഷ്യൻ-അമേരിക്കൻ ഹോട്ടലുടമകളുടെ യോഗത്തിലും ന്യൂയോർക്കിൽ ഒരു പൊതുയോഗത്തിലും മോദി പ്രസംഗിക്കേണ്ടതായിരുന്നു. ഒട്ടേറെ വ്യവസായികളുമായും കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു.

ഈ വീസ നിഷേധമാണ് സ്വന്തം സംസ്ഥാനത്തു തന്നെ ‘വൈബ്രന്റ് ഗുജറാത്ത്’ എന്ന പേരിൽ രാജ്യാന്തര നിക്ഷേപക സംഗമം 2003ൽ നടത്താൻ മോദിക്ക് പ്രേരകമായതെന്നാണു പറയപ്പെടുന്നത്. അടുത്തിടെ മോദിയുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങിയ സിനിമയുടെ നിർണായക രംഗങ്ങളിലൊന്നും ഇതായിരുന്നു. അമേരിക്കയിൽ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടെങ്കിലും യുഎസിലെ മാഡിസൺ സ്‌ക്വയർ ഗാർഡൻ ഹാളിൽ ഉപഗ്രഹ സംപ്രേഷണം വഴി മോദിയുടെ പ്രസംഗം തത്സമയം പ്രദർശിപ്പിച്ചുവെന്നതു മറ്റൊരു ചരിത്രം.

ന്യൂജഴ്‌സിയിൽ നടക്കുന്ന ലോക ഗുജറാത്തി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനു പുറപ്പെടാനിരിക്കെ 2008ലും യുഎസ് മോദിക്കു വീസ നിഷേധിച്ചു. മോദി നടത്തിയ മനുഷ്യാവകാശലംഘനങ്ങൾ കണക്കിലെടുത്താണു വീസ നിഷേധമെന്നായിരുന്നു അന്നത്തെ വിശദീകരണം. 2012ൽ വീസ നിരോധനം പിൻവലിച്ചെങ്കിലും ‘വീസയ്‌ക്കു മോദി അപേക്ഷിച്ചാൽ നിലവിലുള്ള ഇമിഗ്രേഷൻ നിയമം അനുസരിച്ച് അതു പരിഗണിക്കു’മെന്നായിരുന്നു യുഎസ് നയം. അതിനെ പരിഹാസമായാണു പലരും വിലയിരുത്തിയതും.

2014ലാകട്ടെ മോദിക്ക് വീസ നല്‍കരുതെന്ന് ആവശ്യപ്പെടുന്ന യുഎസ് കോൺഗ്രസ് പ്രമേയത്തിന് 26 റിപ്പബ്ലിക്കൻ പാർട്ടിക്കാരും 25 ഡമോക്രാറ്റിക് പാർട്ടിക്കാരും ഉൾപ്പെടെ 51 അംഗങ്ങള്‍ പിന്തുണയറിയിക്കുകയും ചെയ്തു. എന്നാൽ വൻവിജയത്തോടെ മോദി അധികാരത്തിലെത്തിയതോടെ കാര്യങ്ങളെല്ലാം കീഴ്മേൽ മറിഞ്ഞു.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിനു ശേഷം യുഎസുമായുള്ള നയതന്ത്ര ബന്ധത്തെപ്പറ്റി പല കോണുകളിൽ നിന്നു മോദിക്ക് ഉപദേശങ്ങൾ ലഭിച്ചിരുന്നു. വീസ നിഷേധവുമായി ബന്ധപ്പെട്ടുള്ള ‘നീരസം’ യുഎസിനോടു പ്രകടിപ്പിക്കണമെന്നതായിരുന്നു അതിൽ പ്രധാനം. സ്വന്തം ഉപദേശക സംഘത്തിൽ നിന്നു തന്നെയുണ്ടായിരുന്നു അത്തരത്തിലുള്ള ആവശ്യം. എന്നാൽ യുഎസുമായുള്ള ബന്ധം എത്രത്തോളം പ്രധാനപ്പെട്ടതാണെന്നു മറ്റാരേക്കാളും നന്നായി മോദിക്കറിയാമായിരുന്നു.

പാക്കിസ്ഥാനും ചൈനയുമായുള്ള അതിർത്തി തർക്കം നേരിടാൻ യുഎസിനെ പോലൊരു ലോകോത്തര ശക്തി ഒപ്പമുണ്ടാകണമെന്നതിലും അദ്ദേഹത്തിനു വ്യക്തയുണ്ടായിരുന്നു. അതനുസരിച്ചു നടത്തിയ നീക്കങ്ങളുടെ വിജയം ഹൂസ്റ്റണിലെ സംഗമത്തിലും പ്രകടമായതാണ്. അതിർത്തി സുരക്ഷ യുഎസിനെപ്പോലെ ഇന്ത്യയ്ക്കും പ്രധാനപ്പെട്ടതാണെന്നു ട്രംപിനെക്കൊണ്ടു പറയിച്ചതും ആ നയതന്ത്ര വിജയമാണ്. ട്രംപിനെ മുന്നിലിരുത്തിക്കൊണ്ടാണ് പാക്ക് ഭീകരതയ്ക്കെതിരെ മോദി ആഞ്ഞടിച്ചതും.

പ്രധാനമന്ത്രിയായതിനു ശേഷം 2014ലായിരുന്നു ആദ്യമായി മോദി യുഎസിലെത്തുന്നത്. ഒരിക്കൽ ടിവി സ്ക്രീനിലൂടെ പ്രസംഗിക്കേണ്ടി വന്ന അതേ വേദിയിൽ തന്നെയായിരുന്നു അന്നു മോദി ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്തത്. മാഡിസണ്‍ സ്ക്വയർ ഗാർഡനിൽ നടന്ന യോഗത്തിൽ 20,000ത്തോളം പേരാണ് അന്ന് പങ്കെടുത്തത്. സാൻ ജോയിൽ 2015ൽ നടന്ന യോഗത്തിലും അത്രത്തോളം പേർ തന്നെ പങ്കെടുത്തു.

എന്നാൽ രണ്ടാം തവണയും പടുകൂറ്റൻ വിജയത്തിലൂടെ ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനം നിലനിർത്തിയതോടെ യുഎസിൽ മോദിയുടെ ജനപ്രീതിയും കുതിച്ചു കയറി. ഇന്ത്യക്കാരും ഇന്ത്യൻ വംശജരുമായി അരലക്ഷത്തിലേറെ പേരാണ് കഴിഞ്ഞ ദിവസം ഹൗഡി മോദി സംഗമത്തിനായി എൻആർജി സ്റ്റേഡിയത്തിലെത്തിയത്. ഒരിക്കൽ തനിക്കെതിരെ പ്രമേയത്തിനു പിന്തുണ പ്രഖ്യാപിച്ച റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിലെ 20 അംഗങ്ങളും മോദിക്കു സ്വാഗതം പറയാൻ ഹൂസ്റ്റണിലെ വേദിയിലെത്തിയിരുന്നു.

കടപ്പാട് :മനോരമ

Top