ലണ്ടൻ :ലോർഡ്‌സിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 151 റൺസിന്റെ ത്രസിപ്പിക്കും ജയം. ഒരു ഘട്ടത്തിൽ തോൽവി മുന്നിൽക്കണ്ടതിന് ശേഷമാണ് ഇന്ത്യൻ സംഘം ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് വെന്നിക്കൊടി പാറിച്ചത്. ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് ആതിഥേയരായ ഇംഗ്ലണ്ടിനെ 151 റൺസിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.
ആറിന് 181 റൺസുമായി അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ, അവിശ്വസനീയ ചെറുത്തുനിൽപ്പിലൂടെ മികച്ച ലീഡിലേക്കു നയിച്ചത് മുഹമ്മദ് ഷമി- ജസ്പ്രീത് ബുമ്ര കൂട്ടുകെട്ടാണ്. ഒൻപതാം വിക്കറ്റിൽ 120 പന്തിൽ 89 റൺസ് കൂട്ടിച്ചേർത്ത ഇവരുടെ മികവില്‍ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്ത് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു.
നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തതോടെയാണ് ഇംഗ്ലണ്ടിന് മത്സരം ജയിക്കാൻ 272 റൺസ് വിജയലക്ഷ്യം നിശ്ചയിക്കപ്പെട്ടത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് പക്ഷെ ഇന്ത്യയുടെ മികച്ച പേസ് ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വരുന്ന കാഴ്ചയാണ് കണ്ടത്. ഇംഗ്ലണ്ട് സ്കോർ രണ്ടക്കം കടക്കും മുൻപ് തന്നെ ഇംഗ്ലണ്ടിന്റെ രണ്ട് ഓപ്പണർമാരും പവലിയനിൽ തിരിച്ചെത്തി. ഇരുവർക്കും റൺ ഒന്നും തന്നെ എടുക്കാൻ കഴിഞ്ഞില്ല. റോറി ബേൺസിനെ ബുംറ പുറത്താക്കിയപ്പോൾ മറ്റൊരു ഓപ്പണറായ ഡോം സിബ്ലിയെ ഷമിയാണ് പുറത്താക്കിയത്.
പിന്നാലെ ഹസീബ് ഹമീദിനെയും, ആദ്യ ടെസ്റ്റിലെ അർധസെഞ്ചുറി വീരൻ ജോണി ബെയർസ്റ്റോയെയും ഇഷാന്ത് ശർമ മടക്കിയതോടെ ഇംഗ്ലണ്ടിന്റെ നിര പരുങ്ങലിലായി. ചായ സമയത്ത് പിരിയുമ്പോൾ 67-4 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് ഇടവേളക്ക് ശേഷമുള്ള ആദ്യ ഓവറിൽ തന്നെ ഇംഗ്ലണ്ട് ക്യാപ്റ്റനായ റൂട്ടിനെ ഇന്ത്യൻ ക്യാപ്റ്റനായ കോഹ്‌ലിയുടെ കൈകളിൽ എത്തിച്ച് ബുംറ ഇന്ത്യക്ക് അതിനിർണായകമായ വിക്കറ്റാണ് സമ്മാനിച്ചത്. 33 റൺസാണ് റൂട്ട് നേടിയത്.
പിന്നീട് സിറാജിന്റെ ഊഴമായിരുന്നു. ഇംഗ്ലണ്ട് സ്കോർ 90ൽ നിൽക്കെ സിറാജിനെ പന്തേൽപ്പിച്ച കോഹ്‌ലിയുടെ തീരുമാനം തെറ്റിയില്ല. മൊയീൻ അലിയെയും സാം കറനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ താരം ഇന്ത്യയെ ജയത്തോട് കൂടുതൽ അടുപ്പിച്ചു. പിന്നീട് ഇംഗ്ലണ്ട് സമനിലയ്ക്ക് വേണ്ടി പൊരുതാൻ തുടങ്ങിയതോടെ കളി വിരസമായി. ബട്ലറും റോബിൻസണും കൂടി എട്ടാം വിക്കറ്റിൽ ചെറിയ ചെറുത്ത്നില്പ് നടത്തി ഇംഗ്ലണ്ട് സ്കോർ 100 കടത്തി. ഇരുവരും പതിയെ അവരുടെ സ്കോർബോർഡിലേക്ക് റൺസ് ചേർത്തുകൊണ്ടിരുന്നു.
എന്നാൽ സ്കോർ 120ൽ നിൽക്കെ ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചതോടെ ഇന്ത്യക്ക് പിന്നെ ചടങ്ങുകൾ തീർക്കേണ്ട കടമ മാത്രമേ ഉണ്ടായിരുന്നുള്ളു. അടുത്ത ഓവർ എറിയാനെത്തിയ സിറാജ് ബട്ലറെയും ആൻഡേഴ്സണെയും മടക്കി ഇന്ത്യൻ ജയം സമ്പൂർണമാക്കി. ഇംഗ്ലണ്ട് നിരയിൽ മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ കഴിഞ്ഞത്. 33 റൺസെടുത്ത റൂട്ടാണ് ടോപ്സ്കോറർ. ഇന്ത്യയുടെ നാല് പേസർമാരാണ് ഇംഗ്ലണ്ടിന്റെ 10 വിക്കറ്റുകളുംനേടിയത്. സിറാജ് നാലും ബുംറ മൂന്നും ഇഷാന്ത് രണ്ട് വിക്കറ്റുകളും നേടിയപ്പോൾ ബാക്കി വന്ന ഒരു വിക്കറ്റ് ഷമി സ്വന്തമാക്കി.
നേരത്തെ തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം ഗംഭീര പോരാട്ടം കാഴ്ചവെച്ച ഇന്ത്യൻ വാലറ്റത്തിന്റെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് മത്സരത്തിൽ മികച്ച ലീഡ് നേടിയെടുക്കാൻ സഹായിച്ചത്. ഇംഗ്ലണ്ട് ബൗളർമാരെ വശം കെടുത്തുന്ന പ്രകടനം പുറത്തെടുത്ത ഷമിയും ബുംറയും കൂടി ഒമ്പതാം വിക്കറ്റിൽ 89 റൺസാണ് കൂട്ടിച്ചേർത്തത്. ഇവരുടെ ഈ പ്രകടനമാണ് ഇന്ത്യക്ക് 270 റൺസിന്റെ ലീഡ് സമ്മാനിച്ചത്. ഒമ്പതാം വിക്കറ്റിൽ ഇന്ത്യയുടെ ഉയർന്ന കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കുറിച്ചത്. 70 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം ഷമി 56 റൺസ് നേടിയപ്പോൾ ഒപ്പം മികച്ച പിന്തുണ നൽകിയ ബുംറ 34 റൺസാണ് നേടിയത്. മത്സരത്തിൽ ഇംഗ്ലണ്ട് സ്പിന്നറായ മൊയീൻ അലിയെ പടുകൂറ്റൻ സിക്സിന് പറത്തിയാണ് ഷമി തന്റെ ടെസ്റ്റിലെ രണ്ടാം അർധസെഞ്ചുറി കണ്ടെത്തിയത്.
നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ്, മൂന്നു വിക്കറ്റ് എടുത്ത ജസ്പ്രീത് ബുമ്ര, രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമ, ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി എന്നിവർ ചേർന്നാണ് ലോർഡ്സിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയമൊരുക്കിയത്. 60 പന്തിൽ അഞ്ച് ഫോറുകൾ ഉൾപ്പെടെ 33 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. റോറി ബേൺസ് (0), ഡൊമിനിക് സിബ്‌ലി (0), ഹസീബ് ഹമീദ് (9), ജോണി ബെയർസ്റ്റോ (2), സാം കറൻ (0), ജയിംസ് ആൻഡേഴ്സൻ (0) എന്നിവർ നിരാശപ്പെടുത്തി.