രാജ്യത്ത് കോവിഡ് വ്യാപനം അതി തീവ്രമായി തുടരുന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്ന് കഴിഞ്ഞു. കഴിഞ്ഞ ദിവസം മാത്രം 2,64,202 പേർക്ക് രോഗം സ്ഥിതീകരിച്ചു. 12 ലക്ഷത്തിലധികം പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 14.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗമുക്തി നിരക്ക് 95.20% ആണെന്നുള്ളതാണ് ആശ്വാസം. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണവും വർധിക്കുകയാണ്. ആകെ 5753 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിതീകരിച്ചത്.
ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ ദിവസം നാൽപത്തി ആറായിരത്തിൽ അധികം പേർക്ക് കോവിഡ് സ്ഥിതീകരിച്ച മഹാരാഷ്ട്രയിലാണ് ദിനംപ്രതി ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. അതേസമയം കേസുകളിൽ വർദ്ധനവുണ്ടെങ്കിലും ദേശീയ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നൽകിയത്.