ന്യൂഡല്‍ഹി: ഭാര്യമാരെ നാട്ടിലുപേക്ഷിച്ച് വിദേശത്തേയ്ക്ക് കടക്കുന്നവര്‍ക്ക് പണി വരുന്നു. ഇതത്രത്തില്‍ മുങ്ങുന്ന ഭര്‍ത്താക്കന്മാരെ പിടികൂടാനായി പ്രത്യേക പോര്‍ട്ടല്‍ തയ്യാറാക്കുകയാണ് വിദേശകാര്യ മന്ത്രാലയം. ഒളിച്ച് കടക്കുന്ന പ്രവാസികള്‍ക്കെതിരെ വാറണ്ടുകളും സമന്‍സുകളും പുറപ്പെടുവിക്കുക എന്നതാണ് പോര്‍ട്ടലിന്റെ ലക്ഷ്യം. കുറ്റക്കാരായവര്‍ പ്രതികരിക്കാതിരുന്നാല്‍ സ്വത്ത് കണ്ട്‌കെട്ടുന്നതടക്കമുള്ള നടപടികളിലേയ്ക്ക് നീങ്ങുമെന്ന് മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇത്തരത്തിലുള്ള പോര്‍ട്ടല്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് ക്രിമിനല്‍ നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. പോര്‍ട്ടല്‍വഴി പുറപ്പെടുവിക്കുന്ന സമന്‍സുകള്‍ക്കും വാറണ്ടുകള്‍ക്കും നിയമസാധുത ലഭിക്കണമെങ്കില്‍ ഇതാവശ്യമാണ്. ഭേദഗതി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാകുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിയമ മന്ത്രാലയം, നിയമനിര്‍മാണ സഭ, ആഭ്യന്തര മന്ത്രാലയം, വനിതാ ശിശുക്ഷേമ മന്ത്രാലയം എന്നിവ പോര്‍ട്ടല്‍ രൂപവത്കരണമെന്ന ആശയത്തോടു യോജിപ്പു പ്രകടിപ്പിച്ചതായും മന്ത്രി സുഷമ പറഞ്ഞു.
വിവാഹശേഷം പ്രവാസി ഭര്‍ത്താക്കന്മാര്‍ കടന്നുകളയുന്ന പ്രവണതയെയും വിവാഹശേഷം വിദേശരാജ്യത്തുവച്ച് ഭാര്യയെ മാനസികവും ശാരീരികവുമായി ഉപദ്രവിക്കുന്ന രീതിയും ഇല്ലാതാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം എന്‍ ആര്‍ ഐ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചെന്ന പരാതിയുമായി 3328 സ്ത്രീകളാണ് 2015 ജനുവരി മുതല്‍ നവംബര്‍ 2017 വരെ അധികൃതരെ സമീപിച്ചിട്ടുള്ളത്.