ന്യൂഡല്‍ഹി: ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടം നിറഞ്ഞ രാജ്യം ഇന്ത്യയാണെന്ന് സര്‍വേ ഫലം. തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്റെ കീഴില്‍ 550 ആഗോള വിദഗ്ധര്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. ലൈംഗിക അതിക്രമവും അടിമപ്പണിയും കാരണം ഇന്ത്യയിലെ സ്ത്രീകള്‍ അതീവ അരക്ഷിതാവസ്ഥയിലാണെന്നാണ് സര്‍വേ ഫലം. യുദ്ധഭീതി നിലനില്‍ക്കുന്ന സിറിയയിലും അഫ്ഗാനിസ്ഥാനിലും ഉളള സ്ത്രീകള്‍ ഇന്ത്യയിലെ സ്ത്രീകളേക്കാള്‍ സുരക്ഷിതരാണെന്നാണ് സര്‍വേയില്‍ പറയുന്നത്. അഫ്ഗാന്‍ രണ്ടാം സ്ഥാനത്തും സിറിയ മൂന്നാം സ്ഥാനത്തും ആണ്. അമേരിക്ക മൂന്നാം സ്ഥാനം പങ്കിടുന്നുണ്ട്.
അമേരിക്കയാണ് ആദ്യ പത്തില്‍ സ്ഥാനം പിടിച്ച ഏക പാശ്ചാത്യ രാജ്യം. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം, ഉപദ്രവം, ഭീഷണിപ്പെടുത്തിയുളള പീഡനം എന്നിവയിലൂടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് അമേരിക്കയ്ക്ക്. 2011ല്‍ നടത്തിയ സര്‍വേയുടെ തുടര്‍ച്ചയായാണ് റോയിറ്റേഴ്‌സ് പുതിയ പോള്‍ നടത്തിയത്. അന്ന് അഫ്ഗാനിസ്ഥാന്‍, റിപബ്ലിക് ഓഫ് കോംഗോ, പാക്കിസ്ഥാന്‍, ഇന്ത്യ, സൊമാലിയ എന്നീ രാജ്യങ്ങളായിരുന്നു സ്ത്രീകള്‍ക്ക് ഏറ്റവും അപകടം പിടിച്ച രാജ്യങ്ങള്‍.
2007നും 2016നും ഇടയില്‍ സ്ത്രീകള്‍ക്ക് എതിരായ അക്രമം 83 ശതമാനം ആയി ഉയര്‍ന്നു. അതായത് മണിക്കൂറില്‍ നാല് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലൈംഗികവൃത്തിക്ക് വേണ്ടിയുളളതും, ഗാര്‍ഹിക അടിമകളാക്കാനുമുളള മനുഷ്യക്കടത്തും ഇന്ത്യയിലാണ് കൂടുതലെന്നും സര്‍വേ ഫലത്തില്‍ പറയുന്നുണ്ട്. സര്‍വേ ഫലത്തില്‍ വനിതാ ശിശുക്ഷേമ വകുപ്പ് പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് റോയിറ്റേഴ്‌സ് വ്യക്തമാക്കി.
അടിക്കടി സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ നടന്നിട്ടും യാതൊരു പരിഹാര മാര്‍ഗങ്ങളും ഇന്ത്യ കൈക്കൊണ്ടിട്ടില്ലെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളെ അവഹേളിച്ചും അതിക്രമിച്ചും മുന്നിട്ട് നില്‍ക്കുകയാണ് ഇന്ത്യ. ബലാത്സംഗം, വിവാഹബന്ധത്തിലെ ബലാത്സംഗം, ലൈംഗിക അതിക്രമം, ഉപദ്രവം, പെണ്‍ഭ്രൂണഹത്യ എന്നിവ നിയന്ത്രിക്കാനാവാത്ത വിധം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.