ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തെ നിയന്ത്രിക്കാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് ശേഷവും നീട്ടാന്‍ ധാരണ.പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ചില മേഖലകളിൽ ഇളവുണ്ടാവും.ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കിയേക്കും. രണ്ടാഴ്ചത്തേക്കാണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ സമവായം ഉണ്ടായത്.
ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ ഉള്ള മഹാരാഷ്ട്ര ഉള്‍പ്പടേയുള്ള ഇരുപതിലേറെ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ലോക്ക് ഡൗണ്‍ നീട്ടിയത് സംബന്ധിച്ച് കേന്ദ്ര പുതിയ ഉത്തരവ് പുറത്തിറക്കും. ലോക്ക് ഡൗണ്‍ തുടരുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ അവകാശം നല്‍കിയേക്കുമെന്ന ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ദേശീയ തലത്തില്‍ തന്നെ ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
ഏപ്രില്‍ 14 നാണ് നിലവിലെ ലോക്ക് ഡൗണിന്‍റെ കാലാവധി കഴിയുന്നത്. ഇതിന് ശേഷം 14 ദിവസം കൂടി ലോക്ക് ഡൗണ്‍ നീട്ടാനാണ് ധാരണയായിരിക്കുന്നത്. ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചിരുന്നു. ലോക്ക് ഡൗണ്‍ തുടരാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ചില മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കാനുള്ള സാധ്യതയും ഉണ്ട്. ലോക്ഡൗണ്‍ പൂര്‍ണ്ണമായി പിന്‍വലിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യാവൂ എന്ന് കേരള മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പടെയുള്ള മലയാളികള്‍ നേരിടുന്ന പ്രതിസന്ധിയും പിണറായി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലോക് ഡൗണ്‍ 14 ദിവസത്തേക്ക് കൂടി നീട്ടണം, എന്നാല്‍ കാർഷിക, വ്യവസായ മേഖലകൾക്ക് ലോക്ഡൗണിൽനിന്ന് ഇളവു ലഭിക്കണമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടത്.