മുംബൈ: എന്തുകൊണ്ട് ന്യൂസിലാന്‍ഡിനെ ഫോളോ ഓണ്‍ ചെയ്യിച്ചില്ല എന്ന ചോദ്യമാണ് മുംബൈ ടെസ്റ്റില്‍ ഉയര്‍ന്നത്. കിവീസിനെതിരെ കൂറ്റന്‍ ജയം നേടിയതിന് പിന്നാലെ അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.
ന്യൂസിലാന്‍ഡിനെ ഫോളോ ഓണ്‍ ചെയ്യിക്കാനും ഇന്നിങ്‌സ് ജയം നേടാനുമുള്ള അവസരമാണ് മുന്‍പില്‍ വന്നത്. എന്നാല്‍ ടീമിലെ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കാന്‍ വേണ്ടിയാണ് അവരെ ഫോളോഓണ്‍ ചെയ്യിക്കാതിരുന്നത്, രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
ഇത് യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും
ഭാവിയില്‍ ഇത്തരം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ കളിക്കാര്‍ക്ക് നേരിടേണ്ടി വന്നേക്കാം. അപ്പോള്‍ ചലഞ്ചിങ് ആയ സാഹചര്യങ്ങളില്‍ കളിക്കാന്‍ ഇതുപോലുള്ള അവസരങ്ങള്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കും. കൂടുതല്‍ അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കും, ന്യൂസിലാന്‍ഡിനെതിരായ ജയത്തിന് പിന്നാലെ ദ്രാവിഡ് പറഞ്ഞു.
മുംബൈയില്‍ ഒന്നാം ഇന്നിങ്‌സില്‍ 62 റണ്‍സിനാണ് ന്യൂസിലാന്‍ഡ് ഓള്‍ഔട്ട് ആയത്. എന്നാല്‍ കിവീസിനെ ഫോളോഓണ്‍ ചെയ്യിക്കാതെ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങി. 540 റണ്‍സ് ആണ് ന്യൂസിലാന്‍ഡിന് മുന്‍പില്‍ ഇന്ത്യ വെച്ചത്. എന്നാല്‍ 167 റണ്‍സിന് കിവീസ് ഓള്‍ഔട്ടായി. 372 റണ്‍സിന്റെ കൂറ്റന്‍ ജയത്തിലേക്ക് ഇന്ത്യ എത്തി. ജയത്തോടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനവും തിരികെ പിടിച്ചു.