ദ്രാവിഡിനെ പ്രധാനമന്ത്രിയാക്കണമെന്ന് ആരാധകര്‍

ക്രിക്കറ്റ് ക്രീസിലെ ഇന്ത്യയുടെ വന്‍ മതിലായിരുന്ന രാഹുല്‍ ദ്രാവിഡിനെ രാജ്യത്തെ പ്രധാനമന്ത്രിയാക്കണമെന്ന് ആരാധകര്‍. അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനുള്ള പാരിതോഷികത്തിലെ അസമത്വം അവസാനിപ്പിക്കണമെന്നും എല്ലാ പരിശീലകര്‍ക്കും തുല്യ പാരിതോഷികം വേണമെന്നുമുള്ള ദ്രാവിഡിന്റെ അഭ്യര്‍ഥന ബിസിസിഐ അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് താരത്തെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം ട്വിറ്ററില്‍ ശക്തി പ്രാപിച്ചത്. എല്ലാവരെയും തുല്യതയോടെ കാണുന്ന രാഹുല്‍ ദ്രാവിഡിനെ പോലെ ഒരാളെയാണ് ഇന്ത്യക്കാവശ്യമെന്നാണ് മിക്കവരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. രാഹുലിനെ പ്രധാനമന്ത്രിയാക്കുമെന്ന് ഉറപ്പു നല്‍കുന്ന ഏത് പാര്‍ട്ടിക്കും താന്‍ വോട്ട് ചെയ്യുമെന്നായിരുന്നു മറ്റൊരു ട്വീറ്റ്. പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന് 50 ലക്ഷം രൂപയും പരിശീലക സംഘത്തിലെ മറ്റുള്ളവര്‍ക്ക് 20 ലക്ഷം രൂപയുമാണ് പാരിതോഷികമായി ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ താരം രംഗതെത്തിയതോടെ പരിശീലകനും സംഘാംഗങ്ങള്‍ക്കും 25 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ തടിയൂരുകയായിരുന്നു.

Top