ദില്ലി : ഇന്ത്യ കൊവിഡ് പ്രതിരോധ പരിപാടിയിലേക്ക് രണ്ട് വാക്സിനുകൾ കൂടി ഉൾപ്പെടുത്തി. കോർബെവാക്സ്, കോവോവാക്സ് എന്നീ രണ്ട് വാക്സിനുകൾക്കും ആന്റി വൈറൽ മരുന്നായ മോൾനുപിരാവിറിനും ആണ് കേന്ദ്രസർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. വാക്‌സിനുകളുടെയും മരുന്നിന്റെയും അടിയന്തരഘട്ടത്തിലുള്ള ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ സ്വദേശീയ ആർബിഡി പ്രോട്ടീൻ സബ്-യുണിറ്റ് വാക്സിൻ ആണ് കോർബെവാക്സ് എന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ-ഇ എന്ന കമ്പനിയാണ് വാക്സിൻ നിർമ്മിക്കുന്നത്. ഇത് ഒരു ഹാട്രിക് ആണെന്നും, ഇന്ത്യയിൽ വികസിച്ച മൂന്നാമത്തെ വാക്സിനാണ് കോർബെവാക്സ് എന്നും മൻസുഖ് മാണ്ഡവ് കൂട്ടിച്ചേർത്തു.
അടിയന്തര സാഹചര്യങ്ങളിൽ കൊവിഡ് ബാധിക്കുന്ന മുതിർന്നവരിൽ നിയന്ത്രിതമായി ഉപയോഗിക്കാൻ ആന്റി -വൈറൽ മരുന്നായ മോൾനുപിരാവിർ ഇന്ത്യയിൽ തന്നെ നിർമ്മിക്കും. 13 കമ്പനികൾ ചേർന്നാണ് മരുന്ന് നിർമ്മിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.