മധുരപ്രതികാരം വീട്ടി ടീം ഇന്ത്യ: കിവീസിനെ തകർത്ത് ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യൻപട

മുംബൈ: ഇന്ത്യ ന്യൂസീലൻഡ് രണ്ടാം ടെസ്റ്റിൽ കിവീസിനെ 372 റൺസിന് തകർത്ത് ടെസ്റ്റ് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. നാട്ടിൽ ഇന്ത്യയുടെ തുടർച്ചയായ 14-ാം ടെസ്റ്റ് പരമ്പര വിജയമാണിത്. സ്‌കോർ: ഇന്ത്യ 325, ഏഴിന് 276 ഡിക്ലയേർഡ് ന്യൂസീലൻഡ് 62, 167. കാൺപുരിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിലായിരുന്നു.

540 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 167 റൺസിൽ ഓൾ ഔട്ട് ആകുകയായിരുന്നു. നാലു വിക്കറ്റുകൾ വീതം വീഴ്ത്തിയ ആർ. അശ്വിനും ജയന്ത് യാദവുമാണ് കിവീസിനെ തകർത്തത്. അഞ്ചിന് 140 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന് 27 റൺസ് കൂടി മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. രചിൻ രവീന്ദ്ര (18), കൈൽ ജാമിസൺ (0), ടിം സൗത്തി (0), വില്യം സോമർ വില്ലെ (1), ഹെന്റി നിക്കോൾസ് (44) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം വീണത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് നാലാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണർ ടോം ലാഥത്തെ ആറു റൺസിന് അശ്വിൻ വിക്കറ്റിന് മുന്നിൽ കുരുക്കി. പിന്നീട് ഡാരിൽ മിച്ചലിനെ കൂട്ടുപിടിച്ച് ഇന്നിങ്‌സ് മുന്നോട്ടുനയിക്കുകയായിരുന്ന വിൽ യങ്ങിനേയും അശ്വിൻ പുറത്താക്കി. 41 പന്തിൽ 20 റൺസായിരുന്നു യങ്ങിന്റെ സമ്പാദ്യം. സ്‌കോർ ബോർഡിൽ പത്ത് റൺസ് ചേർത്തപ്പോഴേക്കും കിവീസിന് മൂന്നാം വിക്കറ്റും നഷ്ടപ്പെട്ടു. എട്ടു പന്തിൽ ആറു റൺസെടുത്ത റോസ് ടെയ്‌ലറെ അശ്വിൻ ചേതേശ്വർ പൂജാരയുടെ കൈയിലെത്തിച്ചു.

പിന്നീട് നാലാം വിക്കറ്റിൽ ഹെൻട്രി നിക്കോൾസും ഡാരിൽ മിച്ചലും ഒത്തുചേർന്നു. ഇത് കിവീസിന് അൽപം ആശ്വാസമേകി. ഇരുവരും 73 റൺസ് സ്‌കോർ ബോർഡിൽ ചേർത്തു. മിച്ചലിനെ പുറത്താക്കി അക്‌സർ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അർധസെഞ്ചുറി നേടിയ ഡാരിൽ മിച്ചലാണ് ന്യൂസീലൻഡ് നിരയിൽ ഇതുവരെയുള്ള ടോപ് സ്‌കോറർ.

92 പന്തുകൾ നേരിട്ട മിച്ചൽ, ഏഴു ഫോറും രണ്ടു സിക്സും സഹിതം 60 റൺസെടുത്താണ് പുറത്തായത്. ടെസ്റ്റിൽ ഡാരിൽ മിച്ചലിന്റെ മൂന്നാമത്തെ അർധസെഞ്ചുറിയാണിത്. തുടർന്ന് ക്രീസിലെത്തിയ ടോം ബ്ലൻഡെൽ മിന്നൽ വേഗത്തിൽ പുറത്തായി. ആറു പന്ത് നേരിട്ട ബ്ലൻഡൽ അക്കൗണ്ട് തുറക്കും മുമ്പ് റൺ ഔട്ടായി.

Top