ന്യൂഡൽഹി:ഇന്ത്യൻ പട്ടാളത്തെ അതിക്രൂരമായി കൊന്നൊടുക്കിയ ചൈനക്ക് കനത്ത തിരിച്ചടികൊടുക്കാൻ ഇന്ത്യ .ഒരിഞ്ച് ഭൂമിയോ ഒരു സൈനിക പോസ്റ്റോ ഇന്ത്യക്ക് നഷ്ടമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈന ഇന്ത്യൻ മണ്ണിലേക്ക് കടന്നുകയറിയിട്ടില്ല. നമ്മുടെ 20 സൈനികർ വീരമൃത്യു വരിച്ചു. പക്ഷേ കടന്നുകയറാൻ ശ്രമിച്ചവർക്ക് അതിനുള്ള മറുപടി ഇന്ത്യൻ സൈന്യം കൊടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി സർവകക്ഷി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി.വ്യോമസേനയുടെ യുദ്ധവിമാനങ്ങളും അപ്പാച്ചെ ആക്രമണ ഹെലികോപ്‌റ്ററുകളും ലേ മുന്നണിയിൽ. കിഴക്കൻ ലഡാക് മേഖലയിൽ യഥാർഥ നിയന്ത്രണരേഖ (എല്‍എസി)യിൽ ഉടനീളം ചൈനീസ് സൈനിക സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണിത്. വ്യോമസേനാ മേധാവി ആർ കെ എസ് ഭദൗരിയ ശ്രീനഗർ, ലേ വ്യോമസേനാ താവളങ്ങളിൽ രണ്ടു ദിവസത്തെ സന്ദർശനം നടത്തിയതിനുപിന്നാലെയാണ് സുഖോയ്–-30 എംകെഐ, മിറാഷ് 2000, ജാഗ്വാർ പോർവിമാനങ്ങളും അപ്പാച്ചെ ഹെലികോപ്‌റ്ററുകളും മുന്നണിയിലെത്തിച്ചത്. ഉത്തരവ് ലഭിച്ചാലുടൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നീങ്ങാൻ സേനാതാവളങ്ങൾക്ക് നിർദേശം നൽകി.
കിഴക്കൻ ലഡാക്കിൽ പതിനായിരത്തോളം ചൈനീസ് സൈനികരുണ്ടെന്ന് കണക്കാക്കുന്നു. തിബറ്റിൽ ചൈനയുടെ വ്യോമതാവളങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇവിടേക്ക് കൂടുതല്‍ സന്നാഹങ്ങള്‍ എത്തിക്കാന്‍ പ്രയാസമാണ്. ജമ്മു -കശ്‌മീരിലെ താവളങ്ങൾക്കു പുറമെ ബറേലി, ആദംപുർ എന്നിവിടങ്ങളും ഉപയോഗിക്കാനാകുന്ന ഇന്ത്യൻ വ്യോമസേനയ്‌ക്ക് ഈ പ്രയാസമില്ല. പാക് അധീന കശ്‌മീരിലെ സ്‌കർദു വ്യോമതാവളം ചൈന ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. സ്‌കർദുവിൽ ഇതുവരെ ചൈനീസ് യുദ്ധവിമാനങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല.
ഇതിനിടെ, മേജർ ജനറൽ തലത്തിൽ മൂന്നു ദിവസംനീണ്ട ചർച്ചകൾക്കുശേഷം നാല് ഓഫീസർമാർ അടക്കം 10 ഇന്ത്യൻ സൈനികരെ ചൈന വിട്ടയച്ചു. ഗൽവാനിലെ ഏറ്റുമുട്ടലിനുശേഷം ഏതാനും ഇന്ത്യൻ സൈനികരെ കാണാതായെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സൈന്യം വെള്ളിയാഴ്‌ചവരെ ഇതിനോട് മൗനം പാലിച്ചു. ആരെയും കാണാതായിട്ടില്ലെന്ന് വെള്ളിയാഴ്‌ച സൈനികവക്താവ് പ്രതികരിച്ചു.
അതേസമയം കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ഇന്ത്യന്‍ സൈനികരെ ചൈനീസ് പട്ടാളം കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോർട്ട്. പ്രാകൃതമായ രീതിയിലാണ് ചൈന ആക്രമിച്ചതെന്നാണ് സേനാ വൃത്തങ്ങൾ നൽകുന്ന വിവരം. വീരമൃത്യു വരിച്ച 20 പേരിൽ 17 പേർക്ക് മുഖത്തുൾപ്പെടെ ആഴത്തിൽ മുറിവേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മൂന്ന് പേരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിൽ വികൃതമാക്കി. വീരമൃത്യു വരിച്ച കേണൽ ബി. സന്തോഷ് ബാബുവിന്റെയും മറ്റു രണ്ടു പേരുടെയും മുഖത്ത് പരുക്കുകളില്ല. ഇവരുടെ തലയ്ക്കു പിന്നിൽ ഭാരമേറിയ ഇരുമ്പ് ദണ്ഡുകൊണ്ട് അടിയേറ്റതിന്റെ ക്ഷതമുണ്ട്. സന്തോഷിന്റെയുൾപ്പെടെ 16 പേരുടെ മൃതദേഹം ഗൽവാൻ നദിയിൽ നിന്നാണു ലഭിച്ചത്. ആക്രമിച്ച ശേഷം ഇവരെ നദിയിലേക്കു തള്ളിയിട്ടെന്നാണ് സൂചന. ഇരുപതിൽ 12 പേരുടെയും മരണം സംഭവിച്ചത് നദിയിൽ വീണ് കൊടും തണുപ്പേറ്റാണ്.