ഇന്ത്യന്‍ ബൗളിങ്ങില്‍ പുതിയ പ്രതീക്ഷ; നാഥു സിങ്

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ഫാസ്റ്റ് ബൗളിങിന്റെ ഭാവി താരമാണ് നാഥു സിങ് എന്ന ജയ്പൂരുകാരന്‍. വെറുമൊരു തൊഴിലാളിയുടെ മകനില്‍ നിന്ന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങിന്റെ തന്നെ ഭാവിയായി മാറിയിരിക്കുകയാണ് നാഥു. നവംബര്‍ അഞ്ചിന് ആരംഭിക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരങ്ങള്‍ക്കു മുന്നോടിയായി നടക്കുന്ന വാം അപ്പ് മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നാഥു.
നാഥുവിലെ ഒരു പ്രത്യേക എനര്‍ജി കണ്ടെത്തിയത് മറ്റാരുമല്ല, സാക്ഷാല്‍ രാഹുല്‍ ദ്രാവിഡ് തന്നെ. നാഥുവിനെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങിന്റെ ഭാവി എന്നു വിശേഷിപ്പിച്ചതാകട്ടെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഗ്ലെന്‍ മക് ഗ്രാത്തും. എംആര്‍എഫ് പേസ് ഫൗണ്ടേഷനിലെ പരിശീലനത്തിനിടെയാണ് മഗ്രാത്ത് നാഥുവിന്റെ പ്രത്യേകത കണ്ടെത്തിയത്.
നാല് ഫസ്റ്റ് ക്ലാസ് മാച്ചുകളില്‍ രാജസ്ഥാനു വേണ്ടി നാഥു 12 വിക്കറ്റാണ് സ്വന്തമാക്കിയത്. ആദ്യ മാച്ചിനു ശേഷം ഗൗതം ഗംഭീറിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ നാഥുവിന് കഴിഞ്ഞിരുന്നു. അത്രകണ്ട് മികച്ചതായിരുന്നു നാഥുവിന്റെ പ്രകടനം.
കുഞ്ഞുനാളിലെ നാഥുവിന്റെ ആഗ്രഹമായിരുന്നു ഒരു ഫാസ്റ്റ് ബൗളര്‍ ആകുക എന്നത്. എന്നാല്‍ സാധാരണ തൊഴിലാളിയായ അച്ഛന്റെ പരിമിതികളില്‍ സ്വന്തം ആഗ്രഹം നാഥു ഉള്ളിലൊതുക്കി. എന്നാല്‍ ക്രിക്കറ്റ് സുഹൃത്തുക്കള്‍ തന്നെ നാഥുവിന്റെ ഭാവിയെ പറ്റി അച്ഛനോട് പറഞ്ഞു. അങ്ങനെ നാഥു ജയ്പൂരിലെ സുറാന അക്കാദമിയിലെത്തി. ഇതു തന്നെയാണ് നാഥുവിന്റെ ജീവിതത്തില്‍ വഴിത്തിരിവായതും.
ഇവിടെ നിന്ന് രാജസ്ഥാന്‍ അണ്ടര്‍ 19 ടീമിലേക്ക് നാഥു തെരഞ്ഞെടുക്കപ്പെട്ടു. രഞ്ജി ട്രോഫി!യില്‍ ഡല്‍ഹിക്കെതിരെ 87 ന് 7 വിക്കറ്റ് നേടുകയും ചെയ്തു.
താന്‍ ഇപ്പോള്‍ ഒരുപാട് മാറിയിരിക്കുകയാണെന്ന് നാഥു തന്നെ പറയുന്നു. പണ്ട് ടിവിയില്‍ ക്രിക്കറ്റ് കാണുമ്പോള്‍ താനും ഒരിക്കല്‍ ഇതുപോലെ പന്തെറിയുമെന്ന് നാഥു കരുതിയിരുന്നു.
തന്റെ പോരായ്മകളും നേട്ടങ്ങളും അറിയാമെന്നതാണ് സഹതാരങ്ങളില്‍ നിന്ന് നാഥുവിനെ വ്യത്യസ്തനാക്കുന്നത്. ഷോയിബ് അക്തറാണ് നാഥുവിന്റെ ഇഷ്ടതാരം.

Top