കഭീ കഭീ മേരെ ദില്‍ മേം… ; ഖയ്യാം യാത്രയായി; മണ്‍മറഞ്ഞത് ഹിന്ദി ചലച്ചിത്രഗാനശാഖയിലെ അതുല്യ പ്രതിഭ

ഹിന്ദി ചലച്ചിത്ര സംഗീത ലോകത്ത് നീണ്ടു നിന്ന സംഗീത സപര്യയ്ക്ക് പൂര്‍ണ്ണതയേകി ഖയ്യാം യാത്രയായി. 92 വയസ്സായിരുന്നു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ രാത്രി ഒന്‍പതരയോടെയായിരുന്നു അന്ത്യം. ജൂലൈ 28-നാണ് ഖയ്യാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരളിലെ അണുബാധ ഗുരുതരമായതോടെയായിരുന്നു അന്ത്യം.

ഖയ്യാമിന്‍റെ വിയോഗത്തോടെ തിരശ്ശീല വീണത് ഹിന്ദി സിനിമാസംഗീതചരിത്രത്തിലെ കാവ്യഗീതികള്‍ക്കാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യം കവിത. പിന്നെയാണ് ഈണം . അതായിരുന്നു ഖയ്യാമിന്‍റെ വിശ്വാസപ്രമാണം. ആറ് പതിറ്റാണ്ടോളം സിനിമയുടെ ഭാഗമായി നിലനിന്നിട്ടും ആകെ സംഗീത സംവിധാനം നിർവഹിച്ച ചിത്രങ്ങളുടെ എണ്ണം നാൽപ്പതിൽ കവിയാതിരുന്നതിന് കാരണവും ഈ ഒരൊറ്റ പ്രമാണം കൊണ്ടുതന്നെയാണ്.

ഈണങ്ങളിലെ മൗനമുഖരിതമായ ഇടവേളകളുടെ പേരില്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട് ഖയ്യാം. “തോഡി സി ബേവഫായീ” എന്നാ ചിത്രത്തില്‍ ഗുല്‍സാര്‍ എഴുതിയ `ഹസാര്‍ രാഹേ മുഡ്‌ കെ ദേഖി ‘ എന്ന ഗാനത്തിന്‍റെ പല്ലവിയും അനുപല്ലവിയും ഗായകന്‍ കിഷോര്‍ കുമാറിനെ അസ്വസ്ഥനാക്കി. വരികളുടെ താളത്തിന് ഭംഗം വരുന്നു എന്ന് കിഷോറിന്റെ പരാതി വന്നു. ഖയ്യാം ആ ഗാനം രണ്ടാമതും ചിട്ടപ്പെടുത്തി. പാടിനോക്കിയ ശേഷം കിഷോര്‍ മൈക്രോഫോണിലൂടെ വിളിച്ചു പറഞ്ഞു: “ക്ഷമിക്കണം ഖയ്യാം സാബ്. തെറ്റ് എന്‍റേതായിരുന്നു.. ആദ്യത്തെ ഈണം തന്നെയാണ് ഗംഭീരം.”

ഖയ്യാമിന്‍റെ സംഗീത ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ദൗത്യമായിരുന്നു “ഉമ്രാവ്ജാന്‍”. ഗവേഷണങ്ങള്‍ക്കൊടുവില്‍ ഖയ്യാം സൃഷ്ടിച്ച ഗാനങ്ങൾക്ക് മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ചു. ആശാ ഭോസ്ലെക്ക് മികച്ച ഗായികയ്ക്കുള്ള ബഹുമതിയും.

കഭീ കഭീ മേരെ ദില്‍ മേം… ഖയ്യാമിന്‍റെ ഈ ഗാനം ഇഷ്ടപ്പെടാത്തവര്‍ ആരും ഉണ്ടാകില്ല. ആ ചിത്രത്തിലെ പാട്ടുകൾ ചിട്ടപ്പെടുത്താൻ യഷ് ചോപ്ര കണ്ടുവെച്ചിരുന്നത് ശരിക്കും ഖയ്യാമിനെയായിരുന്നില്ല എന്നതാണ് വാസ്തവം. ലക്ഷ്മികാന്ത്‌ പ്യാരേലാലിനായിരുന്നു ആദ്യം നറുക്ക് വീണത്.

ലക്ഷ്മി –പ്യാരേയുടെ സംഗീതവും കിഷോർ കുമാറിന്‍റെ ശബ്ദവും അമിതാബ് ബച്ചൻ സിനിമകളുടെ ബോക്സോഫീസ് വിജയങ്ങളുടെ പ്രധാനഘടകമായിരുന്ന കാലം. തിരക്ക് മൂലം നിന്നുതിരിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അന്ന് ലക്ഷ്മികാന്ത് പ്യാരേലാൽ. യഷ് ചോപ്രയ്ക്ക് കാത്തിരിക്കാന്‍ ഒട്ടും ക്ഷമയുണ്ടായിരുന്നില്ല. മറ്റൊരു സംഗീത സംവിധായകനെ ഉടൻ കണ്ടെത്തിയേ പറ്റൂ എന്ന് യഷ് ചോപ്ര തീരുമാനിച്ചപ്പോള്‍ സാഹിറാണ് ഖയ്യാമിന്‍റെ പേര് നിർദേശിച്ചത്.

നേരത്തെ ദസ്തയേവ്സ്കിയുടെ` കുറ്റവും ശിക്ഷയും’ എന്ന കൃതിയെ ആധാരമാക്കി രമേശ്‌ സെഹ്ഗാൾ സംവിധാനം ചെയ്ത “ഫിർ സുബഹ് ഹോഗി” (1958) എന്ന സിനിമക്ക് വേണ്ടി സാഹിറിന്‍റെ കവിതകൾ അതീവസുന്ദര ഗാനങ്ങളാക്കി മാറ്റിയ വ്യക്തിയായിരുന്നു ഖയ്യാം.

ഉർദു ഭാഷയുടെയും കവിതയുടെയും ആരാധകനായിരുന്നു ഖയ്യാം. കഭീ കഭീക്ക് മുൻപ് പത്തോളം ഹിന്ദി ചിത്രങ്ങൾക്ക് മാത്രമേ ഖയ്യാം സംഗീതസംവിധാനം നിർവഹിച്ചിരുന്നുള്ളൂ. അങ്ങനെയുള്ള ഒരാളെ എങ്ങനെ വിശ്വസിച്ച് ഈ സിനിമയുടെ സംഗീതസംവിധാനം ഏല്‍പ്പിക്കുമെന്ന സംശയം യഷ് ചോപ്രയ്ക്ക് ഉണ്ടായിരുന്നു.

കമാൽ അമ്രോഹിയുടെ പുറത്ത് ഇറങ്ങാനിരിക്കുന്ന ക്ലാസിക് ചിത്രമായ “റസിയാ സുൽത്താന്” വേണ്ടി ലതാ മങ്കേഷ്കര്‍ പാടിയ ഗസൽ ഖയ്യാം കേള്‍പ്പിച്ചു. ഏ ദിൽ-എ-നാദാൻ ആർസൂ ക്യാ ഹേ ജുസ്തജൂ ക്യാ ഹേ.. ഒറ്റത്തവണയേ യഷിന് അതു കേൾക്കേണ്ടി വന്നുള്ളൂ. ഖയ്യാമിനെ കഭീ കഭിയുടെ സംഗീതസംവിധായകനായി അദ്ദേഹം നിശ്ചയിച്ചു. സാഹിറായിരുന്നു എക്കാലത്തേയും പ്രിയപ്പെട്ട കവിയെങ്കിലും പിൽക്കാലത്ത് മറ്റ് ഗാനരചയിതാക്കളുടെ വരികളിൽ നിന്നും അപൂർവ സുന്ദര ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് ഖയ്യാം. ഖയ്യാമിന്‍റെ വിയോഗത്തോടെ ഹിന്ദി ചലച്ചിത്ര ലോകത്തിന് നഷ്ടപ്പെട്ടത് പകരം വയ്ക്കാനാകാത്ത സംഗീത പ്രതിഭയെയാണ്.

Top