പാക് വിമാനങ്ങളെ ചെറുക്കുന്നതിനിടെ ഇന്ത്യന്‍ മിഗ് വിമാനം പാക് സേന വെടിവച്ചിട്ടെന്ന് സ്ഥിരീകരണം

ന്യൂഡല്‍ഹി: ഇന്ന് രാവിലെ കാശ്മീര്‍ അതിര്‍ത്തിയില്‍ നടന്ന വ്യോമയുദ്ധത്തില്‍ രണ്ട് ഇന്ത്യന്‍ വിമാനങ്ങളെ വെടിവച്ചിട്ടതായും പാക് അധീന കാശ്മീരില്‍ വീണ വിമാനത്തിന്റെ പൈലറ്റുമാരെ പാക്കിസ്ഥാന്‍ അറസ്റ്റുചെയ്തതായും പാക് മാധ്യമങ്ങള്‍. ഇന്ത്യന്‍ മിഗ്-21 വിമാനത്തിന്റെ പൈലറ്റായ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ആണ് പാക് കസ്റ്റഡിയിലുള്ളതെന്ന് ചൂണ്ടിക്കാട്ടി കസ്റ്റഡിയിലുള്ള ആളുടേതെന്ന് വ്യക്തമാക്കി വീഡിയോയും പിടിച്ചെടുത്ത രേഖകളും പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതോടൊപ്പം തകര്‍ന്നുവീണ വിമാനത്തിന്റേതെന്ന് പറയുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

തുടക്കത്തില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും പൈലറ്റുമാര്‍ സുരക്ഷിതരെന്നും ഇന്ത്യന്‍ സേനാവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വന്നെങ്കിലും അല്‍പസമയം മുമ്പ് ഇന്ത്യന്‍ മിഗ്-21ല്‍ പറന്നുയര്‍ന്ന പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ തിരിച്ചെത്തിയിട്ടില്ലെന്ന് സേന വ്യക്തമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദ ഇന്റര്‍നാഷണല്‍ ന്യൂസ്, ദ ഡോണ്‍ തുടങ്ങിയ പത്രങ്ങളാണ് പാക് റേഡിയോയെ ഉദ്ധരിച്ച് ഇത്തരമൊരു റിപ്പോര്‍ട്ടും വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടിട്ടുള്ളത്. രണ്ട് വിമാനങ്ങള്‍ പാക് വ്യോമാതിര്‍ത്തി ലംഘിച്ചതായും രണ്ടും വെടിവച്ചിട്ടതായും രണ്ട് പൈലറ്റുമാരെ അറസ്റ്റുചെയ്തതായും ആണ് റിപ്പോര്‍ട്ടുകളില്‍ ഉള്ളത്.

ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ ചോദ്യം ചെയ്യുന്ന വീഡിയോയാണ് പുറത്തുവിട്ടത്. പാക് ആര്‍മിയുടെ ചോദ്യങ്ങള്‍ക്ക് മുഖം മറച്ച ഇന്ത്യന്‍ സൈനിക യൂണിഫോമിലുള്ള യുവാവ് മറുപടി നല്‍കുന്നതാണ് വീഡിയോയിയില്‍ തന്റെ പേര് അഭിനന്ദന്‍ ആണെന്നും വിങ് കമാന്‍ഡര്‍ ആണെന്നും സര്‍വീസ് നമ്പര്‍ 27981 ആണെന്നും വ്യക്തമാക്കുന്ന യുവാവ് താന്‍ പൈലറ്റാണെന്നും താനൊരു ഹിന്ദു ആണെന്നും പറയുന്ന യുവാവ് മറ്റു പല ചോദ്യങ്ങളോടും മറുപടി പറയാന്‍ വിസമ്മതിക്കുന്നുമുണ്ട്. താന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയിലാണോ എന്നും യുവാവ് ചോദിക്കുന്നു.

ഇത്തരത്തില്‍ ചോദ്യം ചെയ്യുന്ന വീഡിയോയ്ക്കൊപ്പം ‘അഭി’ എന്ന് പേര്‍ ആലേഖനം ചെയ്ത എയര്‍ഫോഴ്സ് യൂണിഫോം ധരിച്ച യുവാവിന്റെ ചിത്രവും പുറത്തുവിട്ടു. യുവാവിന്റെ മുഖത്ത് മുറിവേറ്റതായി ചിത്രങ്ങളില്‍ വ്യക്തമാണ്. മുഖത്തുനിന്ന് രക്തംവാര്‍ന്നതായും കാണാം. ഇത് ഇന്ത്യയുടെ പൈലറ്റാണെന്ന് വ്യക്തമാക്കിയാണ് പാക് പത്രങ്ങളില്‍ റിപ്പോര്‍ട്ടുകള്‍.

ഇതോടൊപ്പം ഒരു റിവോള്‍വര്‍, കണ്ണട, മാപ്പുകള്‍, ആയുധങ്ങളുടേയും മറ്റും രേഖകള്‍ തുടങ്ങി യുവാവില്‍ നിന്ന് പിടിച്ചെടുത്തത് എന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യന്‍ എയര്‍ഫോഴ്സ് നല്‍കുന്നതെന്ന് വ്യക്തമാക്കി ‘സര്‍വൈവല്‍ ഓഫ് ലാന്‍ഡ്’ ബുക്ക്ലെറ്റും പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. കൈകള്‍ പിന്നിലേക്ക് കെട്ടി കാലുമായി ബന്ധിച്ച നിലയില്‍ നിര്‍ത്തിയാണ് യുവാവിനെ ചോദ്യം ചെയ്യുന്നത്. ഇതോടൊപ്പം തകര്‍ന്നുവീണ വിമാനത്തിന്റേതെന്ന വ്യക്തമാക്കുന്ന ചിത്രങ്ങളും മറ്റു പാക് മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചത്. മിഗുമായി പറന്നുയര്‍ന്ന അഭിനന്ദന്‍ തിരിച്ചെത്തിയില്ലെന്നാണ് സേനയെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സി സ്ഥിരീകരണം നല്‍കുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ വിമാനം പാക് അതിര്‍ത്തിയില്‍ തകര്‍ന്നു എന്ന വിവരത്തിനും സ്ഥിരീകരണം ആകുകയാണ്.

Top