ന്യുഡൽഹി :സ്പെഷ്യൽ ഓപ്പറേഷൻസ് ഇന്ത്യ…സർജിക്കൽ സ്ട്രൈക്കിന്റെ 50 മിനിറ്റ് ദൃശ്യങ്ങൾ പുറത്ത് .അതിർത്തി കടന്ന് പാക്കിസ്ഥാനിലെ ഭീകര ക്യാംപുകൾ തകർത്ത ഇന്ത്യൻ സേനയുടെ സർജിക്കൽ സ്ട്രൈക്ക് ദൗത്യത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി ഹിസ്റ്ററി ചാനൽ ഡോക്യുമെന്ററി. അന്ന് നടന്ന സർജിക്കിൽ സ്ട്രൈക്ക് വിഷയമാക്കി നിർമിച്ച ‘സ്പെഷ്യൽ ഓപ്പറേഷൻസ് ഇന്ത്യ: സർജിക്കൽ സ്ട്രൈക്ക്സ്’ എന്ന ഡോക്യുമെന്ററിയിലാണ് ദൃശ്യങ്ങൾ സഹിതം സംഭവം വിവരിക്കുന്നത്.
മിന്നലാക്രമണത്തിൽ പങ്കെടുത്ത 19 പേരെയും മുഖം വ്യക്തമാക്കാതെ ദൃശ്യങ്ങളിൽ കാണിക്കുന്നുണ്ട്. പേര് വെളിപ്പെടുത്താതെ, അന്ന് സംഭവിച്ച ഓരോ നിമിഷങ്ങളും കമാൻഡർമാർ വിവരിക്കുന്നുണ്ട്. അന്ന് സംഭവിച്ചതിന്റെ വ്യക്തമായ അവതരണമാണ് ഹിസ്റ്ററി ചാനൽ ഡോക്യുമെന്ററിയിലുള്ളത്.ദൗത്യത്തിന് തിരിക്കുന്നതിന് മുൻപുള്ള ചർച്ചകളും ആസൂത്രണവും കാട്ടിലൂടെയുള്ള യാത്രയും എല്ലാം ദൃശ്യങ്ങളിലുണ്ട്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയാറാക്കിയ ഗ്രാഫിക്സ് ഭൂപടങ്ങളും കാണാം. ഹെലികോപ്റ്റർ വഴി യാത്രയാകുന്നതും പരിക്കേറ്റ കമാൻഡറെ തിരിച്ച് കോപ്റ്ററിൽ കൊണ്ടുപോകുന്നതും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ കമാൻഡോകൾ ഉപയോഗിച്ച ആയുധങ്ങളും സാങ്കേതിക വിദ്യകളും ഗ്രാഫിക്സ് സഹിതം വിശദീകരിക്കുന്നുണ്ട്.
പാക് അധീന കശ്മീരിലെ ഭീകരക്യാംപുകളിൽ എത്തിയാണ് ഇന്ത്യൻ സേന സർജിക്കൽ സ്ട്രൈക്ക് നടത്തിയത്. 19 പേരടങ്ങുന്ന സംഘത്തിന്റെ മേധാവി മേജർ മൈക് ടാംഗോ ആയിരുന്നു. ഉറി ആക്രമണത്തിനു പ്രതികാരമായാണ് അതിർത്തി കടന്ന് ഭീകരക്യാംപുകൾ ആക്രമിച്ചത്.ദൗത്യം പൂർത്തിയാക്കി മടങ്ങുമ്പോൾ, ഭീകര ക്യാംപുകൾ ആക്രമിച്ചുവെന്ന് അറിഞ്ഞ് അതിർത്തിയിലേക്ക് കൂടുതൽ പാക് സൈനികരെത്തി പാക് സൈന്യം തിരിച്ചടിച്ചു. വെടിയുണ്ടകൾ തലക്കു സമീപത്തുകൂടെ പാഞ്ഞുപോയി. തിരിച്ചു മടങ്ങുന്ന വഴികകൾ എല്ലാം ദുർഘടം നിറഞ്ഞതായിരുന്നു. മല കയറിയായിരുന്നു മടക്കം. വെടിയുണ്ടകൾ ചെവിക്ക് അരികിലൂടെ പാഞ്ഞുപോയെന്ന് വരെ കമാൻഡോകൾ വിവരിക്കുന്നുണ്ട്.