ഇന്ദിരാഭവനിലെ അയ്യന്‍കാളി അനുസ്മരണം

തിരുവനന്തപുരം-: കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തില്‍ ദളിത് വിഭാഗങ്ങള്‍ രാജ്യത്ത് യാതൊരു സുരക്ഷിതത്വവുമില്ലെന്നും വ്യാപകമായി ഇവര്‍ പീഡിപ്പിക്കപെടുന്നുണ്ടെന്നും കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ മഹാത്മ അയ്യന്‍കാളിയുടെ 75ാം ചര്‍മവാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുധീരന്‍.
കാലഹരണപ്പെട്ട സിദ്ധാന്തങ്ങളിലൂടെ രാജ്യത്ത് മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്തി പ്രാകൃതമായ  ചാതുര്‍വര്‍ണ്യത്തിന്റെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കാനാണ് ബി.ജെ.പിയും കൂട്ടരും ശ്രമിക്കുന്നത്.സ്വാധി പ്രാചിയെ പോലുള്ള നിരവധി ബി.ജെ.പി നേതാക്കാള്‍് മതസ്പര്‍ദ്ധ വളര്‍ത്തുന്ന നിരവധി പ്രസ്താവനകള്‍ നടത്തുന്നു. ഇവരെ നിയന്ത്രിക്കാന്‍ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നില്ല. ഭരണഘടനയില്‍ മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. മതേതരത്വം എന്ന വാക്ക് ഭരണഘടയില്‍ നിന്നും ഒഴിവാക്കണമെന്നാണ് ഇവരുടെ വാദം.കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍  നിന്ന് പോലും മതേതരത്വം എന്ന പദം നീക്കം ചെയ്യുന്നു.
ഭരണഘടന ശില്‍പി അംബേദ്ക്കറിനെ പോലും അവഹേളിക്കാന്‍ ശ്രമം നടന്നു. ഭരണഘടന നിര്‍മ്മാണ പ്രക്രിയയില്‍ ഡോ. അംബേദ്ക്കറിന് പങ്കില്ലെന്നാണ് ബി.ജെ.പി നേതാവ് റാം ബഹാദൂര്‍ റായി പറഞ്ഞത്. ഇത്തരത്തില്‍ അസബിഷ്ണുത നിറഞ്ഞ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണം.
തലശ്ശേരിയില്‍ ദളിത് സഹോദരിമാരെ അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടി കാട്ടുനീതിയാണ്. യജമാനന്‍മാരുടെ ഏത് ഉത്തരവും അനുസരിക്കാന്‍ മടിക്കാത്ത പോലീസിന്റെ നടപടി ആപത്താണ്.സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസിനുള്ളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ച ക്രിമനലുകളായിട്ടുള്ള ഗുണ്ടകളുള്‍പ്പടെയുള്ളവരെ ദളിത് സഹോദരിമാര്‍ അക്രമിച്ചെന്ന കല്‍പ്പിത കഥ ജനം എങ്ങനെയാണ് വിശ്വസിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചവരെ തെരഞ്ഞ് പിടിച്ചാണ് സി.പി.എം പ്രതികാരം വീട്ടുന്നത്. കഴിഞ്ഞ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കാരായി ചന്ദ്രശേഖരനെതിരെ മത്സരിച്ച വ്യക്തിയായിരുന്നു ദളിത് കോണ്‍ഗ്രസ് ഭാരവാഹികൂടിയായിരുന്നു പോലീസ് അറസ്റ്റ് ചെയ്ത ദളിത് സഹോദരിമാരുടെ പിതാവ്. അതിന്റെ പ്രതികരണമാണ് പെണ്‍കുട്ടികളെ കൈകുഞ്ഞിനൊപ്പം അറസ്റ്റ് ചെയ്ത് ജയിലിടച്ചത്.
പോലീസീന്റെ നടപടി കേരളത്തിന് തന്നെ അപമാനകരമാണ്. രാഷ്ട്രീയ വിദ്വേഷത്തിന്റെയും പകപോക്കലിന്റെയും ഭാഗമാണ് പോലീസ് നടപടി. പോലീസിന്റെ ഇത്തരത്തിലുള്ള നടപടികള്‍ തുടക്കത്തിലെ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അവര്‍ വലിയ വിലകൊടുക്കേണ്ടി വരും. എല്ലാവരെയും ഒന്നായി കാണുമെന്നും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ പകവീട്ടില്ലെന്നും മുഖ്യമന്ത്രി ഒരു ഭാഗത്ത് പറയുമ്പോഴാണ് മറുവശത്ത് ഇത്തരം പ്രതികാര നടപടികള്‍ സ്വീകരിക്കുന്നത്.പോലീസിന്റെ നടപടിയില്‍ മുഖ്യമന്ത്രി മറുപടി പറയണം.  ബി.ജെ.പിയുടെ അസഹിഷ്ണുതയെ ചെറുക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്ന  സി.പി.എമ്മിന്റെ അനീതിയുടേയും  അക്രമത്തിന്റെയും അസഹിഷ്ണുത അവസാനിപ്പിക്കാന്‍ സീതാറം യെച്ചൂരി മുന്‍ കൈ എടുക്കണം.
മിക്കച്ച പോലീസ് സേനയാണ് കേരളത്തിലുള്ളത്. ഗുഡാലോചന സംബന്ധിച്ച കാര്യത്തില്‍ അനിശ്ചിതത്തമുണ്ടെങ്കിലും ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികള്‍ക്ക് ശിഷവാങ്ങികൊടുക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നു. ജിഷവധക്കേസില്‍ പഴുതുകളടച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കി യഥാര്‍ത്ഥ പ്രതിക്ക് ശിഷ നല്‍കണം. അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ചില വാര്‍ത്തകള്‍ വരുന്നുണ്ട്.ഇപ്പോള്‍ അത്തരം വിവാദങ്ങളിലേക്ക് കോണ്‍ഗ്രസ് പോകുന്നില്ല. ജിഷാ വധം രാഷ്ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസ് ശ്രമിക്കുന്നില്ല.സമൂഹത്തില്‍ മറ്റൊരു ജിഷാമാര്‍ ഉണ്ടാകാതിരിക്കാനാണ് നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത്.
ദളിത് വിഭാഗത്തിനോടുള്ള അനീതിക്കെതിരെയുള്ള പോരാട്ടത്തില്‍ ഏത് അറ്റം വരെപോകാനും എന്ത് ത്യാഗം സഹിക്കാനും കോണ്‍ഗ്രസ് തയ്യാറാണ്. ദളിത് വിഭാഗത്തിന് എന്നും കോണ്‍ഗ്രസ്  അര്‍ഹമായ പ്രധാന്യം നല്‍കിയിട്ടുണ്ട്. കെ.ആര്‍ നാരായണന്‍, കെ.ജി.ബാലകൃഷ്ണന്‍, മീരാകുമാര്‍ ഉള്‍പ്പടെയുള്ളവരെ ഉന്നത പദവികളില്‍ അവരോധിക്കാന്‍ കോണ്‍ഗ്രസാണ് മുന്‍കൈയെടുത്തത്. സാമൂഹ്യ നിതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാഹാത്മ അയ്യന്‍കാളിയുടെ ജീവിതം പ്രചോദനമാണെന്നും സുധീരന്‍ പറഞ്ഞു.
വെമ്പയമ്പലത്തെ അയ്യന്‍കാളി പ്രതിമയിലും കെ.പി.സി.സിലെ അയ്യന്‍കാളിയുടെ ഛായചിത്രത്തിലും കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ സമ്മേളനത്തില്‍ മുന്‍മന്ത്രി വി.എസ്.ശിവകുമാര്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ശരത്ചന്ദ്ര പ്രസാദ്,  മണ്‍വിള രാധകൃഷ്ണന്‍, സെക്രട്ടറിമാരായ നെയ്യാറ്റിന്‍കര സനല്‍, മണക്കാട് സുരേഷദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വിദ്യാധരന്‍ തുടങ്ങിയവരും പങ്കെടുത്തു.
Top