മലയാള ചലച്ചിത്ര രംഗത്ത് മറക്കാനാവാത്ത മുഖങ്ങളിലൊന്നാണ് ഇന്ദ്രന്‍സ്. പഴയ ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ ഇന്ദ്രന്‍സ് തകര്‍ത്തഭിനയിച്ച വേഷങ്ങള്‍ മറ്റൊരാള്‍ക്കും ചെയ്യാന്‍ പറ്റാത്തതാണ്. എന്നാല്‍, ഇടയ്ക്കിടെ ഇന്ദ്രന്‍സ് എന്ന അഭിനയ പ്രതിഭയെ കാണാതായി. ഒരു നല്ല വേഷവും ഇന്ദ്രന്‍സിനെ തേടിയെത്തിയിട്ടില്ല.
എന്നാല്‍, മലയാളികളെ ഞെട്ടിക്കാന്‍ ഇന്ദ്രന്‍സ് വീണ്ടും എത്തുകയാണ്. പാതി ബോധവും മറുപാതി ഉപബോധവുമായി ജീവിക്കുന്ന കമ്മാരന്‍ എന്ന കഥാപാത്രമായാണ് ഇന്ദ്രന്‍സിന്റെ വേഷം. മണ്‍റോതുരുത്ത് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരത്തിന്റെ പരിഗണന പട്ടികയില്‍ ഇടം നേടിയ ഇന്ദ്രന്‍സിന് അടുത്ത വര്‍ഷം പ്രതീക്ഷ നല്‍കുന്ന കഥാപാത്രമാണ് കമ്മാരന്‍.
ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന പാതി എന്ന ചിത്രത്തിലാണ് ഇന്ദ്രന്‍സ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെയ്യം മുഖത്തെഴുത്തുകാരനും നാട്ടുവൈദ്യനുമാണ് കമ്മാരന്‍. ഒരിക്കല്‍ നടത്തിയ ഭ്രൂണഹത്യയുടെ പാപബോധവും പേറിയാണ് ഇയാള്‍ ജീവിക്കുന്നത്. ഒരിക്കല്‍ ഉപേക്ഷിച്ച ജോലി പലരുടെയും നിര്‍ബന്ധത്തിനും സമ്മര്‍ദ്ദത്തിനും വഴങ്ങി വീണ്ടും ചെയ്യേണ്ടി വരുമ്പോള്‍ കമ്മാരന്‍ അനുഭവിക്കുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം.
ഒതേനന്‍ എന്ന തെയ്യം കലാകാരനായി ജോയ് മാത്യുവും ചിത്രത്തിലുണ്ട്്. വിജേഷ് വിശ്വമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് ലഷ്മണന്‍ കാഞ്ഞിരങ്ങാടാണ്. രമേഷ് നാരായണനാണ് സംഗീത സംവിധാനം.