ശബരിമല സ്ത്രീ പ്രവേശനം ബിജെപിക്ക് അധിക ഗുണം ചെയ്‌തെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നാമജപ ഘോഷയാത്രയിലൂടെ ഒന്നിപ്പിച്ച ഹിന്ദു വോട്ട് ബാങ്കിനെ ബിജെപി കയ്യലൊതുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുകയും എന്നാല്‍ ഭക്തര്‍ക്കൊപ്പം എന്ന് പൂര്‍ണ്ണാര്‍ത്ഥത്തില്‍ പറയാന്‍ കഴിയാത്ത കോണ്‍ഗ്രസിന് പാരയാകുകയാണ് അവരുടെ നിലപാടുകള്‍.
കോണ്‍ഗ്രസിന് ജയ സാധ്യതയുള്ള ഏക മണ്ഡലം എറണാകുളം മാത്രമാകും. യുഡിഎഫില്‍ ലീഗ് രണ്ട് മണ്ഡലങ്ങള്‍ നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നാമാവശേഷമാകുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് നേടും. തിരുവതാംകൂര്‍ മേഖലകളില്‍ എല്‍ഡിഎഫിന്റെ കുത്തകകളായി കരുതുന്ന മണ്ഡലങ്ങളില്‍ ബിജെപി വിജയിക്കും. തിരുവനന്തപുരം, ആറ്റിങ്ങല്‍ , കൊല്ലം, കോട്ടയം, പത്തനംതിട്ട എന്നിവയില്‍ ബിജെപിയിലേക്ക് കോണ്‍ഗ്രസ് വോട്ടുകള്‍ അപ്പാടെ മറിയും.
അസംബ്ലി തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്നും പ്രതിപക്ഷ സ്ഥാനത്ത് ബിജെപി വരുമെന്നുമാണ് മറ്റൊരു സുപ്രധാന വിലയിരുത്തല്‍. കോണ്‍ഗ്രസ് കേരളത്തില്‍ നാമാവശേഷമാകുന്നതിന് കാരണമായത് ശബരിമല നിലപാട് തന്നെയാകും. മതപരമായി മൃദുസമീപനങ്ങളിലൂടെ കോണ്‍ഗ്രസ് അടുപ്പിച്ചു നിര്‍ത്തിയിരുന്ന മുഴുവന്‍ വോട്ടുകളും ബിജെപിയിലേയ്ക്ക് കുത്തിയൊഴുകും. ‘അവിടെയും ഇവിടെയുമല്ലാത്ത’ നിലപാട് ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്തതാണ് കേരളത്തെ ബിജെപിയുടെ തെന്നിന്ത്യയിലെ മുഖ്യപാളയമാക്കി മാറ്റാന്‍ പോകുന്നത്.
കേരളത്തിലെ ആര്‍എസ്എസ് ചാനലിനു ലഭിച്ച ഉയര്‍ന്ന റേറ്റിങ് മുതല്‍ കുടുംബശ്രീകളില്‍ നടത്തിയ അന്വേഷണങ്ങള്‍ വരെയാണ് രഹസ്യാന്വേഷണ വിഭാഗത്തെ ഇത്തരത്തിലൊരു വിലയിരുത്തലില്‍ എത്തിച്ചത്. കുടുംബശ്രീകളിലെ 90 ശതമാനം സ്ത്രീകളും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നു എന്ന വിവരം റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. ഭൂരിപക്ഷ ഹിന്ദു കമ്മ്യൂണിറ്റിയായ നായര്‍ വോട്ടുകളും ഈഴവ വോട്ടുകളില്‍ ഒരു ഭാഗവും ഇതുവരെ കോണ്‍ഗ്രസ്സിന് ലഭിച്ചിരുന്നത് സംഘപരിവാറില്‍ എത്തിച്ചേരും.
ശബരിമല ഭക്തര്‍ എന്ന ഒറ്റ മുദ്രാവാക്യം അവരെ മതപരമായി പരിവാര്‍ കൂട്ടത്തിലേക്കു അടുപ്പിച്ചു. ആചാര സംരക്ഷകര്‍ അവരാണ് എന്ന തോന്നലാണ് ഇതിന് കാരണം. അതായത് 2019 പാര്‍ലമെന്റ് ഇലക്ഷനിലൂടെ കേന്ദ്രത്തില്‍ മാറ്റമുണ്ടായാലും കേരളത്തില്‍ ബിജെപി എങ്ങനെയും തുറന്ന അക്കൗണ്ട് നിലനിര്‍ത്തുക മാത്രമായിരിക്കില്ല, മറിച്ച് അഞ്ചു മുതല്‍ ആറു സീറ്റുകള്‍ നേടുകയും ചെയ്യും. മറ്റു ഭൂരിപക്ഷം സീറ്റുകളിലും രണ്ടാം സ്ഥാനത്ത് എത്തും.
ജനം എന്ന ടിവി ചാനല്‍ നടത്തിയ കുതിപ്പും ഇത് ചൂണ്ടികാണിക്കുന്നു. ആരും ശ്രദ്ധിക്കാതെ ന്യൂസ് ചാനല്‍ റേറ്റിങ് ഏറ്റവും കൂടുതല്‍ മുന്നിലുള്ള ഏഷ്യാനെറ്റുമായി ദൂരം കുറച്ചു, രണ്ടാം സ്ഥാനത്തെത്തി അതായതു ലിബറല്‍ ആശയങ്ങള്‍ അജണ്ടയായി സ്വീകരിച്ച ചാനലുകള്‍ വളരെയധികം പിറകോട്ട് പോയി. ഇതെല്ലാം ബിജെപിയുടെ വളര്‍ച്ചയുടെ സൂചനയാണ്. ഒരു ഭൂരിപക്ഷ സമുദായത്തിന്റെ സെന്റിമെന്റല്‍ വികാരങ്ങളെ ആചാര സംരക്ഷണം പറഞ്ഞു ആവശ്യമുള്ള എല്ലാ ചേരുവകളും വെച്ച് തുന്നി ചേര്‍ത്തു കഴിഞ്ഞു.
ഇതോടെ ബിജെപിക്ക് ശക്തമായ സ്വന്തം മീഡിയ കേരളത്തില്‍ ലഭിക്കും. ഈഴവ സമൂഹത്തിനിടയിലും സിപിഐഎമ്മിനോട് അതൃപ്തികളുണ്ടായിട്ടുണ്ട്. ഈ വോട്ടുകളും ബിജെപി പാളയത്തിലേയ്ക്കാകും എത്തുന്നത്. ലീഗിതര മണ്ഡലങ്ങളില്‍ സിപിഐഎമ്മിന്റെ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ക്കാകും ജയസാധ്യത. ഇവിടെയും ബിജെപിയാകും കടുത്ത മത്സരം കാഴ്ചവയ്ക്കുക. മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കാള്‍ ശബരിമലയാകും തെരഞ്ഞെടുപ്പ് വിഷയമാകുന്നത് എന്ന സൂചനയാണ് ഐബി റിപ്പോര്‍ട്ടിന്റെ കാതല്‍.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേയ്ക്ക് താഴ്ത്തുന്നതോടെ കേരളത്തിന്റെ വലതു മുന്നണിയായി ബിജെപി മാറും. ഈ സാഹചര്യത്തില്‍ ബിജെപി സംസ്ഥാന ഭരണത്തില്‍ എത്തരുതെന്ന ബോധ്യമുള്ള ജനവിഭാഗങ്ങള്‍ ഒന്നടങ്കം എല്‍ഡിഎഫിനെ പിന്തുണയ്ക്കും. കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ മുതല്‍ മുസ്ലീം ലീഗ് വരെ ഇടതുമുന്നണിയെ പിന്തുണയ്ക്കേണ്ടി വരും. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും പരസ്പരം പോരടിച്ച് ചിന്നഭിന്നമായ പ്രതിപക്ഷമായി മാറുമെന്ന വിലയിരുത്തലും ഐബി റിപ്പോര്‍ട്ടില്‍ മേലുള്ള വിലയിരുത്തലില്‍ ഉണ്ട്.
കേന്ദ്ര സര്‍ക്കാരിനോട് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് സമരം ചെയ്യാതെ, പിണറായി വിജയനെ മാത്രമാണ് കോണ്‍ഗ്രസ് ഉന്നമിട്ടത്. ശബരിമല വിഷയത്തില്‍ മോദി ഇനിയും ഒന്നും പറഞ്ഞിട്ടില്ല. മോദിയ്ക്ക് എതിരായി വിശ്വാസികളെ തിരിക്കാനും ശബരിമല സമരം ഏറ്റെടുക്കാനും കോണ്‍ഗ്രസ് ഇനിയും ശ്രമിച്ചിട്ടില്ല. സംഘപരിവാര്‍ അജണ്ടയിലാണ് കോണ്‍ഗ്രസും ചെന്നു വീണത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അജണ്ട തങ്ങളുടേതെന്ന് വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസ് നേതൃത്വം അത് മനസിലാകാത്തതു പോലെ അഭിനയിച്ചു.
കോണ്‍ഗ്രസിലെ ഹൈന്ദവ ആഭിമുഖ്യമുള്ളവരെ അപ്പാടെ പര്‍ച്ചേസ് ചെയ്ത് ബിജെപിയില്‍ എത്തിക്കാവുന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായിരുന്ന സെക്കുലര്‍ മുഖം സ്വയം വികൃതമാക്കുകയാണുണ്ടായത്. ഇത് പാര്‍ട്ടിയുടെ ജീവനെടുക്കുന്ന ഏര്‍പ്പാടാണെന്ന മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെടുകയും ചെയ്തു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സമരം ഡല്‍ഹിയിലേയ്ക്ക് മാറ്റുമെന്ന സൂചനകളാണ് ലഭിക്കുന്നത്.