കേരളത്തില്‍ ഇത്തവണ രണ്ടക്ക സീറ്റുകള്‍!!400 ൽ അധികം സീറ്റുകള്‍ നേടി ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി മോദി

പത്തനംതിട്ട: കേരളത്തിൽ ഇത്തവണ പത്തിലധികം സീറ്റ് ലഭിക്കുമെന്നും രാജ്യത്ത് നാനൂറിലധികം സീറ്റുകള്‍ നേടി ബിജെപി അധികാരത്തില്‍ വരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ടയില്‍ എന്‍ഡിഎ പ്രചാരണ വേദിയില്‍ സംസാരിക്കുകയായിരുന്നു മോദി. കഴിഞ്ഞ തവണ ബിജെപിക്ക് രണ്ട് അക്ക വോട്ട് ശതമാനം നല്‍കി. ഇത്തവണ രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ ലഭിക്കുമെന്നും മോദി പറഞ്ഞു.

മലയാളത്തില്‍ സംസാരിച്ചുകൊണ്ടായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്. ‘എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവര്‍ക്കും എന്റെ നമസ്‌കാരം’, എന്ന് പറഞ്ഞതിന് പിന്നാലെ ശരണം വിളിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. ഇത്തവണ കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് ഉറപ്പാണെന്നും മോദി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റബ്ബര്‍ വിലവര്‍ധനവില്‍ എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇരുമുന്നണികളും നടത്തുന്നത്. ഇവിടെ ശത്രുക്കള്‍ ഡല്‍ഹിയില്‍ മിത്രങ്ങളാണ്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സ്വര്‍ണത്തിന്റെ മറവില്‍ എല്‍ഡിഎഫും സോളാറിന്റെ മറവില്‍ യുഡിഎഫും കൊള്ള നടത്തിയെന്ന് ആരോപിച്ച മോദി കേരളം മാറി ചിന്തിക്കണമെന്നും ആവശ്യപ്പെട്ടു.

സിപിഐഎമ്മും കോണ്‍ഗ്രസും കാലഹരണപ്പെട്ടു. പതിറ്റാണ്ടുകള്‍ ഭരിച്ചിടത്ത് അവര്‍ക്ക് അധികാരം നഷ്ടപ്പെട്ടു. കോണ്‍ഗ്രസും ഇടതുപക്ഷവും മാറിമാറി വരുന്ന ചക്രം പൊളിക്കണം. കൊള്ളക്കാരെ പരാജയപ്പെടുത്താന്‍ തനിക്ക് കേരളത്തിന്റെ ആശീര്‍വാദം വേണം. മലയാളികള്‍ പുരോഗമന ചിന്താഗതിയുള്ളവരാണ്. കേരളത്തിന്റെ പുരോഗതിക്കായാണ് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ സമഗ്ര വികസനമാണ് മോദിയുടെ ഗ്യാരണ്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനില്‍ പങ്കെടുത്ത് പത്മജ വേണുഗോപാല്‍. കെ കരുണാകരനും എ കെ ആന്റണിയും ഗ്രൂപ്പ് കളിച്ചപ്പോഴും അനിൽ ആന്റണിയുമായി നല്ല അടുപ്പമുണ്ടായിരുന്നുവെന്നും തനിക്ക് വേണ്ടി പ്രവർത്തിക്കാൻ വന്ന ആളാണെന്നും അതുകൊണ്ട് അനിലിന് വേണ്ടി ഇവിടെ എത്തിയെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരും. കരുണാകരന്‍റെ മകൾ എന്ന രീതിയിലാണ് ഇക്കാര്യം പറയുന്നത്. ഈ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കും. കെ. കരുണകാരന്‍റെ മകൾ ആയതിനാൽ വേദിയിൽ കോണ്‍ഗ്രസിന്‍റെ പരിപാടികളില്‍ ഒരു മൂലയിൽ ആയിരുന്നു സ്ഥാനമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.

അനില്‍ ആന്‍റണിയുടെ പ്രചാരണ യോഗത്തില്‍ പത്മജ വേണുഗോപാലിന് മുന്‍നിരയിലാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. ഇവിടെ സ്ത്രീകൾക്ക് അംഗീകാരമുണ്ടെന്നും മോദി തന്നെ ആകർഷിച്ചുവെന്നും അതിനാൽ ബിജെപിയിൽ ചേർന്നുവെന്നും പത്മജ പറഞ്ഞു. മോദിയുടെ വീടാണ് ഭാരതം. കോൺഗ്രസിന് നല്ല നേതൃത്വം ഇല്ല. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എഐസിസി ആസ്ഥാനം പൂട്ടും. കെ കരുണാകരന്റെ മകളെ കോൺഗ്രസിന് വേണ്ട. അത് കെ മുരളീധരന്, അതായത് എന്‍റെ സഹോദരന് മനസിലാകും.

കെ മുരളീധരന് പരവതാനി വിരിച്ച ആണ് താൻ പോന്നത്. അല്പം വൈകി എല്ലാം മനസ്സിൽ ആകുന്ന ആൾ ആണ് കെ. മുരളീധരൻ. പ്രബലമായ സമുദായം കോൺഗ്രസിൽ നിന്ന് അകന്നു.എല്ലാ ബൂത്തിലും തനിക്ക് ആള് ഉണ്ട്. വെറുതെ ബിജെപിയിൽ വന്നത് അല്ല. തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയവർ ആണ് പാർട്ടി വിട്ടപ്പോൾ ആക്ഷേപിക്കുന്നത്. പ്രവർത്തിക്കാൻ ഒരു അവസരം മാത്രം ചോദിച്ചു ആണ് ബിജെപിയിൽ വന്നത്. ഒരു സ്ഥാനവും വേണ്ട. നിങ്ങളുടെ പത്മേച്ചിയാണ് താനെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

Top