ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ നടത്തുന്ന നടപടികള്‍ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാന്‍ തന്നെയെന്ന് റിപ്പോര്‍ട്ട്. ആര്‍ട്ടിക്കിള്‍ 35 A യാണ് സംസ്ഥാനത്തിന്റെ പരമാധികാരം നിശ്ചയിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത്. ആര്‍ട്ടിക്കിള്‍ 35 A പ്രകാരം ജമ്മു കശ്മീര്‍ പെര്‍മനന്റ് റെസിഡന്റ്‌സ് അല്ലാത്ത ഇന്ത്യന്‍ പൗരന്മാര്‍ക്കൊന്നും കശ്മീരില്‍ ജോലി തേടാനോ, ഭൂമി വാങ്ങാനോ സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ ബിസിനസ് നടത്താനോ കഴിയില്ല. ഇതിനെതിരെ കോടതിയില്‍ പോകാനും കഴിയില്ല.
ബിജെപി എംപിമാര്‍ക്ക് എഴാം തീയ്യതിവരെ വിപ് നല്‍കിയിരിക്കുകയാണ്. ഇതും അടിയന്തര മന്ത്രിസഭാ യോഗവും ആര്‍ട്ടിക്കിള്‍ 370, 35 A എന്നിവയ്‌ക്കെതിരെ നീക്കം നടത്താനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ആശങ്ക കാശ്മീരില്‍ പടരുകയാണ്. ഇവ എടുത്തുകളയുമെന്നത് ബിജെപിയുടെ പ്രകടന പത്രികയിലുള്ള പ്രഖ്യാപനമാണ്.
ഇതിനിടെ, താഴ്വരയില്‍ സൈനീക വിന്യാസം കൂട്ടിയതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീട്ടുതടങ്കലിലാണ്. ശ്രീനഗറിലടക്കം പലയിടത്തും നിരോധനാജ്ഞ നിലവില്‍ വന്നു.
ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് നേതാക്കളെ കാരണം വെളിപ്പെടുത്താതെ വീട്ടുതടങ്കലിലാക്കിയത്. രജൗറി, ഉധംപൂര്‍ ജില്ലകളിലും കാശ്മീര്‍ താഴ്വരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുയോഗങ്ങളും റാലികളും നിരോധിച്ചു. തന്നെ വീട്ടുതടങ്കലിലാക്കിയതായി വിശ്വസിക്കുന്നു എന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു. ഒമറിന്റെ ട്വീറ്റ്മെഹബൂബ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
ജമ്മുകാശ്മീരില്‍ മൊബൈല്‍ ഇന്റെര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിറുത്തിവെച്ചു. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കാശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ആരംഭിച്ച സൈനീകവിന്യാസമാണ് കുടത്ത നടപടികളിലേയ്ക്ക് നീങ്ങിയത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. കാശ്മീര്‍ വിഷയം മുന്‍നിറുത്തി പ്രത്യേക കാബിനറ്റ് യോഗം ഇന്നു രാവിലെ 9.30ന് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരും.