ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം ഇന്നും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ദുരൂഹതകള്‍ ഒഴിയാതെയാണ് തമിഴ്‌നാടിന്റെ അമ്മ വിട വാങ്ങിയത്. അപ്പോളോ ആശുപത്രിയില്‍ നിന്നും ജയലളിതയ്ക്ക് ലഭിച്ചത് മോശം ചികിത്സയാണെന്ന് അന്വേഷണ കമ്മീഷന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നു. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നും കമ്മീഷന്‍ ആരോപിക്കുന്നു.
തമിഴ്നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണന്‍, അപ്പോളോ ആശുപത്രി അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് ജയലളിതയ്ക്ക് മോശം ചികിത്സ നല്‍കാന്‍ ഗൂഢാലോചന നടത്തിയെന്ന് കമ്മീഷന്‍ ആരോപിക്കുന്നു. ജയലളിതയ്ക്ക് മികച്ച ചികിത്സ നല്‍കാനായി വിദേശത്ത് കൊണ്ടുപോകാനുളള ആലോചനയെ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവു എതിര്‍ത്തുവെന്നും കമ്മീഷന്‍ ആരോപിക്കുന്നു.
കമ്മീഷന് മുന്നില്‍ ചീഫ് സെക്രട്ടറി തെറ്റായ രേഖകള്‍ ഹാജരാക്കിയെന്നും അന്വേഷണ കമ്മീഷന്‍ പറയുന്നു. ജയലളിതയുടെ മരണം അസ്വാഭാവികമാണ് എന്ന ആരോപണത്തെ ശക്തിപ്പെടുന്ന ഈ വെളിപ്പെടുത്തല്‍ തമിഴ്നാട്ടില്‍ പുതിയ വിവാദത്തിന് വഴി തുറന്നിരിക്കുകയാണ്. അതേസമയം കമ്മീഷന്റെ ആരോപണങ്ങള്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയും അപ്പോളോ ആശുപത്രി അധികൃതരും നിഷേധിച്ചിട്ടുണ്ട്.