നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരായ വ്യജവാര്‍ത്തകള്‍ ചമച്ചവര്‍ കുടുങ്ങും. വ്യാജവാര്‍ത്തകള്‍ക്കും മാധ്യമ വിചാരണകള്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയിലാണ് ഉത്തരവ്. അഡ്വ ശ്രീജിത്ത് പെരുമന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഇതുവരെ ദിലീപിനെതിരായി അന്വേഷണം നടത്തിയ ആലുവ റൂറല്‍ എസ്പി ക്ക് ഇനി ദിലീപിന് വേണ്ടി അന്വേഷണം നടത്തേണ്ടി വരും. ദിലീപിനെതിരെ നടന്ന വ്യാജവാര്‍ത്തകളും, മാധ്യമ വിചാരണയും അന്വേഷിച്ചു നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. വയനാട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ നിര്‍ദേശം അദ്ദേഹം ഈ കേസിന്റെ ചുമതലയുള്ള ആലുവ റൂറല്‍ എസ് പിയും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായ എ വി ജോര്‍ജ്ജിന് കൈമാറി.
എട്ട് ആഴ്ചകള്‍ക്കുള്ളില്‍ അന്വേഷണം നടത്തി നടപടി എടുക്കാനും, സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ പരാതിക്കാരനായ അഡ്വ ശ്രീജിത്ത് പെരുമനയെ അറിയിക്കാനും കമ്മീഷന്‍ ഉത്തരവിട്ടു.
ദിലീപ് ഉള്‍പ്പെട്ട കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സമയത്തും വ്യാജ വാര്‍ത്തകളും അപകീര്‍ത്തികരമായ വാര്‍ത്തകളും കോടതികളെ ഉള്‍പ്പെടെ ആക്ഷേപിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും പടച്ചു വിടുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെയും മുഖ്യധാര മാധ്യമങ്ങളെയും ഉള്‍പ്പെടുത്തി വാര്‍ത്തകള്‍ സഹിതമാണ് വിശദമായ പരാതികള്‍ നല്‍കിയത്.
Sub judice (under judicial consideration and therefore prohibited from public discussion elsewhere) ആയിട്ടുള്ള അഥവാ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ മാധ്യമങ്ങള്‍ സമാന്തര അന്വേഷണമോ വിചാരണയോ നടത്തരുതെന്നും തെറ്റായതോ, അപകീര്‍ത്തികരമായോ, പ്രതികളുടെയോ, ഇരയുടെയോ സ്വകാര്യതയെ ബാധിക്കുന്നതോ ആയ വാര്‍ത്തകള്‍ നല്‍കരുതെന്നും സുപ്രീം കോടതിയുടെതുള്‍പ്പെടെ വിധിന്യായങ്ങള്‍ നിലനില്‍ക്കെയാണ് കോടതികളെ പോലും തെളിവുകള്‍ ഏതുമില്ലാതെ ആക്ഷേപിക്കുന്ന തരത്തില്‍ കോടതി അലക്ഷ്യമായിട്ടുള്ള ഈ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചില കോണുകളില്‍ നിന്നും പടച്ചു വിട്ടുകൊണ്ടിരിക്കുന്നത്.
ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിച്ച് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളില്‍ കേസിനെയും, സ്വതന്ത്രവും നീതിയുക്തമായ വിചാരണയെയും ബാധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത് .
ദിലീപ് ജാമ്യം ലഭിച്ചു ജയില്‍ മോചിതനായതിനാല്‍ ആരാധകരും ആഘോഷ കമ്മറ്റിക്കാരും, ഒപ്പം സൂര്യപ്രകാശം നായരമ്മയെ കിട്ടിയതിനാല്‍ മാധ്യമ കമ്മറ്റിക്കാരും പെട്ടീം പടവും മടക്കി യുദ്ധമൊക്കെ അവസാനിപ്പിച്ച് പോയ മട്ടാണ് കാണുന്നത്… എങ്കിലും ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ദിലീപ് മസാലകള്‍ ഇപ്പോഴും ചൂടപ്പം പോലെ വിറ്റഴിക്കുന്നുണ്ട്.
സമാനതകളില്ലാത്ത വിഴുപ്പലക്കലിനും, അശ്ലീല ചര്‍ച്ചകള്‍ക്കും പാത്രമായ ദിലീപ് കേസില്‍ രംഗം അസഹനീയമായപ്പോഴാണ്. മസാലക്കഥകളെഴുതി സമൂഹത്തെ മലീമസമാക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും മറ്റു ഊത്തെഴുത്തുകാര്‍ക്കുമെതിരെ വിവിധ വകുപ്പുകളില്‍ പരാതികള്‍ നല്‍കിയത്.
കോടതിയുടെ പരിഗണയിലിരിക്കുന്ന സെന്‍സിറ്റിവും സെന്‍സേഷണലുമായ ഒരു കേസില്‍ നടക്കുന്ന മാധ്യമ വിചാരണകളും അവഹേളനങ്ങളും ചൂണ്ടികാണിച്ചു നല്‍കിയ കേസില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനിയൊരു പ്രതി ചേര്‍ക്കപ്പെട്ട ആള്‍ക്കും, ഇരകള്‍ക്കും ഇത്തരം അവസ്ഥയിലൂടെ കടന്നുപോകാതിരിക്കാന്‍ തക്ക രീതിയിലുള്ള ഒരു നടപടിയിലേക്കും, ആത്യന്തികമായി കള്ളക്കഥകള്‍ പടച്ചുവിടുന്ന ഓണ്‍ലൈന്‍ മാധ്യങ്ങള്‍ക്ക് ഒരു സാമൂഹിക നിയന്ത്രണം ഏര്‍പ്പെടുത്താനും ഈ പരാതിയുടെ തുടര്‍ നടപടികളിലൂടെ കഴിയുമെന്ന് വിശ്വസിക്കുന്നു.