ദിലീപ് രാജിക്കത്ത് പുറത്ത് വിട്ടത് മോഹന്‍ലാലിനെ തകര്‍ക്കാന്‍; താര സംഘടനയെ ചെറുതാക്കാനും ഉദ്ദേശം

താര സംഘടനയായ എ.എം.എം.എയെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ചാണ് ദിലീപ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ തന്റെ രാജിക്കത്ത് പോസ്റ്റ് ചെയ്തതെന്ന ആരോപണവുമായി നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍ രംഗത്ത്. സംഘടനയെ മാത്രമല്ല ദിലീപ് മോഹന്‍സലാലിനെയും ഉന്നം വയ്ക്കുന്നുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

തന്റെ രാജി താരസംഘടനയായ എ.എം.എം.എ ചോദിച്ച് വാങ്ങിയതാണെന്ന മോഹന്‍ലാലിന്റെ പ്രസ്താവന നിഷേധിച്ചു കൊണ്ട് നടന്‍ ദിലീപ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. രാജി വെച്ചത് സംഘടന ആവശ്യപ്പെട്ടതു കൊണ്ടല്ലെന്നും സ്വയം രാജി വെച്ചതാണെന്നും വിശദമാക്കിയാണ് രാജിക്കത്ത് സഹിതം ദിലീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.

രാജിക്കത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ് പുറത്താക്കലല്ല എന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം എ.എം.എം.എ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദിലീപില്‍ നിന്ന് രാജി ചോദിച്ചു വാങ്ങി എന്ന മോഹന്‍ലാലിന്റെ വാദത്തെയാണ് ദിലീപ് ഇതിലൂടെ തള്ളിയത്. ഈ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ദിലീപിന്റെ ഈ പ്രവൃത്തിയെയാണ് നിര്‍മാതാവും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍ വിമര്‍ശിക്കുന്നത്.

മോഹന്‍ലാലിനെയും താരസംഘടനയായ എ.എം.എം.എയെയും തരം താഴ്ത്തുകയാണ് ദിലീപ് ചെയ്തതെന്ന് ലിബര്‍ട്ടി ബഷീര്‍ ആരോപിക്കുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യം മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും എതിരേ ആരോപണവുമായി ദിലീപ് എത്തിയത് മറക്കരുതെന്നും താന്‍ ഇല്ലാത്ത സംഘടന ഉണ്ടാകരുത് എന്ന ദുഷിച്ച ചിന്താഗതിയോട് കൂടിയാണ് ദിലീപ് മോഹന്‍ലാലിന്റെയും എ.എം.എം.എയുടെയും പേരില്‍ ഇങ്ങനെയൊരു കുറിപ്പിട്ടിരിക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി

Top