ഗോകുലത്തിന്റെത് കേരളത്തിലെ ഏറ്റവും വലിയ കള്ളപ്പണം വെളിപ്പെടുത്തല്‍; കൂടുതല്‍ പരിശോധന ഉണ്ടാകാതിരിക്കാനുള്ള അടവാണെന്നും റിപ്പോര്‍ട്ട്

കണ്ണൂര്‍: കേരളത്തിലെ ഏറ്റവും വലിയ കള്ളപ്പണം വെളിപ്പെടുത്തലുകളില്‍ ഒന്നായി മാറുകയാണ് ഗോകുലം ഗ്രൂപ്പിന്റെതായി ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍. 1100 കോടി രൂപയുടെ കള്ളപ്പണം കൈവശമുണ്ടെന്ന വെളിപ്പെടുത്തലാണ് ഗോകുലം ഗ്രൂപ്പ് നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

സിനിമാ മേഖലയിലുള്‍പ്പെടെ ബന്ധങ്ങളുള്ള പ്രമുഖ വ്യവസായിയാണ് ഗോകുലം ഗോപാലന്‍. അടുത്തകാലത്ത് ആരംഭിച്ച ഫ്‌ളവേഴ്‌സ് ടിവിയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇതിലെല്ലാം വ്യാപകമായി കള്ളപ്പണ നിക്ഷേപം നടന്നിട്ടുണ്ടെന്നും ഇതില്‍ കേരളത്തിലെ മുന്‍നിര രാഷ്ട്രീയ നേതാക്കളും പണം നിക്ഷേപിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങളാണ് ലഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1100 കോടിയുടെ നികുതി വെട്ടിപ്പ് സ്വയം ഗ്രൂപ്പ് സത്യവാങ്മൂലത്തിലൂടെ വെളിപ്പെടുത്തുന്നുണ്ടെങ്കിലും കേരളത്തിലെ മുന്‍നിര രാഷ്ട്രീയക്കാരുള്‍പ്പെടെ പണം നിക്ഷേപിച്ചതിന് തെളിവുണ്ടെന്ന് കണ്ടെത്തിയതോടെ ഇക്കാര്യത്തില്‍ വലിയ അന്വേഷണമാണ് നടക്കാന്‍ പോകുന്നത്. ആദ്യഘട്ടത്തില്‍ ജൂവലറി, ധനകാര്യ സ്ഥാപനങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇതിനിടെയാണ് ഏപ്രില്‍ 19ന് ഗോകുലം ഗ്രൂപ്പിന്റെ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. അഞ്ഞൂറോളം ജീവനക്കാര്‍ ഒരേദിവസം സ്ഥാപനങ്ങളിലും ഗോകുലം ഗോപാലന്റെ വീട്ടിലുമുള്‍പ്പെടെ പരിശോധന നടത്തുകയായിരുന്നു.

ഇതില്‍ നിരവധി നികുതിവെട്ടിപ്പിന്റെ രേഖകള്‍ പിടിച്ചെടുത്തതായും ഇത് പരിശോധിച്ചുവരുന്നതായും ആദായനികുതി ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയിരുന്നു. പിടി വീഴുമെന്ന് ഉറപ്പായതോടെയാണ് ഇന്ന് ഗോകുലം ഗ്രൂപ്പ് തങ്ങളുടെ കൈവശം 1100 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന് തുറന്നു സമ്മതിച്ചതെന്നാണ് സൂചന. തുടര്‍ന്നുള്ള അന്വേഷണം ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗ്രൂപ്പ് ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്ന് ആദായനികുതി ഉദ്യോഗസ്ഥരും കരുതുന്നു. ഗ്രൂപ്പില്‍ കള്ളപ്പണം നിക്ഷേപിച്ചവരില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലേയും മുന്‍നിര രാഷ്ട്രീയക്കാരും ഗള്‍ഫ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില വ്യവസായികളും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം ആദായനികുതി വകുപ്പ് പരിശോധിച്ചു വരികയാണ്.

ഗോകുലം ഗ്രൂപ്പിലെ കള്ളപ്പണ നിക്ഷേപത്തെ പറ്റി കൂടുതല്‍ അന്വേഷണം നടന്നാല്‍ രാഷ്ട്രീയ നേതാക്കളടക്കമുള്ളവരിലേക്കും കള്ളപ്പണം ഇടപാടിനായി ഗ്രൂപ്പിന് നല്‍കിയവരിലേക്കും അന്വേഷണം നീളുമെന്ന് വന്നപ്പോഴാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയതെന്നാണ് അധികൃതരും കരുതുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ റെയ്ഡില്‍ പിടിച്ചെടുത്ത വിവരങ്ങളില്‍ വിശദമായ പരിശോധന നടന്നേക്കും. അങ്ങനെ വന്നാല്‍ കേരള രാഷ്ട്രീയത്തിലെ പല പൊയ്മുഖങ്ങളും അഴിഞ്ഞുവീഴുകയും ചെയ്യും. ഗോകുലം ഗ്രൂപ്പില്‍ റെയ്ഡ് തുടങ്ങിയതുതന്നെ കേന്ദ്രസര്‍ക്കാരിന്റെ ഫലപ്രദമായ നീക്കമായും വിലയിരുത്തലുകള്‍ വന്നിരുന്നു. കേരളത്തിലെ രാഷ്ട്രീയ രംഗത്തുനിന്നുള്ള ബിനാമി നിക്ഷേപങ്ങളുള്‍പ്പെടെ ഇത്തരം ധനകാര്യ സ്ഥാപനങ്ങളില്‍ നടക്കുന്നതായി സൂചനകള്‍ പുറത്തുവന്നിരുന്നു. ഇത് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ആദ്യം ഗോകുലം ഗ്രൂപ്പില്‍ പരിശോധന തുടങ്ങിയത്.

ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍ ഗോകുലം ഗോപാലിന് വിനയാകുമെന്നാണ് സൂചന. ചിട്ടിക്കമ്പനി ശാഖകള്‍, ഓഫീസുകള്‍, വീടുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. എറണാകുളത്തെ മേഖലാ ഓഫീസിലുള്‍പ്പെടെ 30 സ്ഥലങ്ങള്‍ പരിശോധിച്ചതായി ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു. രേഖകള്‍ വിശദമായി പരിശോധിച്ചാലേ ക്രമക്കേടുകളുണ്ടോയെന്ന് വ്യക്തമാവൂ. ആദായനികുതി വകുപ്പിന്റെ ചെന്നൈ ഡയറക്ടറേറ്റാണ് റെയ്ഡ് ആസൂത്രണം ചെയ്തത്. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് ശാഖകള്‍, ഹോട്ടലുകള്‍, വീടുകള്‍, സിനിമാ നിര്‍മ്മാണ കമ്പനി ഓഫീസുകള്‍ എന്നിവിടങ്ങള്‍ പരിശോധിച്ചു. ഇതിനിടയിലാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടന്നിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ 43, കേരളത്തില്‍ 29, കര്‍ണാടകയില്‍ ആറ്, പുതുച്ചേരിയില്‍ രണ്ട് സ്ഥാപനങ്ങളിലാണ് 500ഓളം ഉദ്യോഗസ്ഥരുെട നേതൃത്വത്തില്‍ പരിശോധന നടന്നത്. ശ്രീഗോകുലം ചിറ്റ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ കുറച്ചുനാളായി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുെന്നന്നും നികുതി വെട്ടിപ്പ് നടക്കുന്നതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വ്യാപക പരിശോധന നടത്താന്‍ ചെന്നൈ ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ചതെന്നും ആദായനികുതി വൃത്തങ്ങള്‍ പറഞ്ഞു.

19 രാവിലെ ഓഫിസുകളിലും വസതികളിലും ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചത്. നിക്ഷേപങ്ങള്‍ സംബന്ധിച്ച മുഴുവന്‍ രേഖയും ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. പിടിച്ചെടുത്ത രേഖകള്‍ ചെന്നൈ ഡയറക്ടറേറ്റിന് കൈമാറുമെന്നും അവിടെയാണ് തുടരന്വേഷണം നടക്കുകയെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Top