ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം അറസ്റ്റില്‍. ഡല്‍ഹിയിലെ ജോര്‍ ബാഗ് വസതിയില്‍ നിന്നാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ജോര്‍ ബാഗ് വസതിയുടെ മതില്‍ ചാടിക്കടന്നാണ് സി.ബി.ഐ സംഘം അകത്തേക്ക് കടന്നത്. വീടിന്‍റെ ഗേറ്റ് അടച്ചിട്ടനിലയിലായിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥരടക്കമുള്ള 20 അംഗം മതില്‍ ചാടിക്കടന്നത്.
ഒരു കോടതിയിലും തനിക്കെതിരെ കുറ്റപത്രമില്ലെന്നും കേസില്‍ താനോ തന്‍റെ കുടുംബാംഗങ്ങളോ പ്രതികളല്ലെന്നും ചിദംബരം പറഞ്ഞു. ഇന്ത്യയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. നിയമത്തില്‍ വിശ്വാസമുണ്ട്. നിയമത്തെ മാനിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. അറസ്റ്റില്‍ പരിരക്ഷയാണ് ആവശ്യപ്പെട്ടതെന്നും അത് പൗരന്‍റെ അവകാശമാണെന്നും ചിദംബരം പറഞ്ഞു.
ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കാനാവില്ലെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്. ലിസ്റ്റ് ചെയ്യാതെ എങ്ങനെ ഹര്‍ജി പരിഗണിക്കുമെന്നും ലിസ്റ്റ് ചെയ്താല്‍ ഹര്‍ജി പരിഗണിക്കുമെന്നുമായിരുന്നു കോടതി നിലപാട്.
ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്സ് മീഡിയ എന്ന കമ്പനിക്ക് വിദേശത്ത് നിന്ന് പണം സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. കമ്പനിയ്ക്ക് വിദേശനിക്ഷേപമായി ലഭിച്ചത് 305 കോടി രൂപയാണ്.