കൊറോണ വൈറസ് പടരുന്നതിനിടെ നിര്‍ണായക ആവശ്യവുമായി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി. ഈ വര്‍ഷത്തെ ഐപിഎല്‍ ക്രിക്കറ്റ് മാറ്റിവെക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ ആവശ്യപ്പെട്ടു. അതേസമയം കൊറോണ വൈറസ് ബാധിതരുടെ ഇന്ത്യയിലെ എണ്ണം 34 ആയി ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. നേരത്തെ ഐപിഎല്‍ മാറ്റിവെക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് മന്ത്രി നല്‍കിയിരിക്കുന്നത്.
രാജ്യത്ത് ഹോളി ആഘോഷിക്കുന്നത് വരെ പ്രമുഖ നേതാക്കള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ജനങ്ങളോട് കൂട്ടമായി നിന്ന് നടത്തുന്ന ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആവശ്യപ്പെട്ടിരുന്നു. കൂട്ടമായി നില്‍ക്കുന്നത് വഴി കൊറോണ പടര്‍ന്ന് പിടിക്കാ നുള്ള സാധ്യത വര്‍ധിക്കുകയാണ്. ഇതിനിടയിലാണ് ഐപിഎല്‍ നടത്തുന്നത്. രാജ്യത്ത് ഏറ്റവുമധികം കാണികളുള്ള ടി20 ക്രിക്കറ്റ് ലീഗാണ് ഐപിഎല്‍. കൊറോണ ബാധയുടെ സമയത്ത് മത്സരം വെക്കുന്നത് അപകടം വര്‍ധിപ്പിക്കുന്നതാണെന്ന് വിലയിരുത്തലുണ്ട്. ഇത്തരം അപകടങ്ങള്‍, പടര്‍ന്ന് പിടിക്കാന്‍ സാധ്യത കൂടുതലുള്ളവയാണ്. ഒരുപാട് പേര്‍ സ്റ്റേഡിയത്തില്‍ വരുന്ന ഐപിഎല്‍ പോലൊരു കായിക ടൂര്‍ണമെന്റ് ഇപ്പോള്‍ നടത്തുന്നത് ഉചിതമല്ല. ഇതെല്ലാം കെട്ടടങ്ങിയതിന് ശേഷം നടത്തുന്നതാണ് നല്ലതെന്നും രാജേഷ് തോപ്പെ പറഞ്ഞു.
അതേസമയം ഐപിഎല്‍ മാറ്റിവെക്കാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും, ഔദ്യോഗികമായി തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിസിസിഐ ഈ തീരുമാനത്തോട് യോജിക്കാന്‍ സാധ്യതയില്ല. ഐപിഎല്ലിലൂടെ വന്‍ തുകയാണ് ബിസിസിഐക്ക് ലഭിക്കുക. മാറ്റിവെച്ചാല്‍ അത് സ്‌പോണ്‍സര്‍ഷിപ്പിനെ അടക്കം ബാധിക്കും. അന്താരാഷ്ട്ര മത്സര ക്രമങ്ങളെയും ഇത് ബാധിക്കും.
ഐപിഎല്‍ കഴിഞ്ഞ് ഇന്ത്യക്ക് തിരക്കേറിയ മത്സര ഷെഡ്യൂളാണ് ഉള്ളത്. അധികം വൈകാതെ തന്നെ ടി20 ലോകകപ്പും വരും. അതുകൊണ്ട് ഐപിഎല്‍ മാറ്റിവെച്ചാല്‍ ഈ വര്‍ഷത്തെ ഷെഡ്യൂളില്‍ പിന്നെ നടക്കില്ല. മാര്‍ച്ച് 29ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യ മത്സരം. നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഐപിഎല്‍ മാറ്റിവെക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. രോഗത്തെ പ്രതിരോധിക്കാനുള്ള സജ്ജീകരണം ടൂര്‍ണമെന്റിലുണ്ടാവും. ബിസിസിഐ എല്ലാ സുരക്ഷിതത്വവും ടൂര്‍ണമെന്റില്‍ ഒരുക്കുമെന്ന് ഗാംഗുലി പറഞ്ഞു. അതേസമയം ലോകവ്യാപകമായി ക്രിക്കറ്റ് മത്സരങ്ങളില്‍ മുന്‍കരുതലുകള്‍ നടക്കുന്നുണ്ട്. ഇംഗ്ലണ്ട് ടീം ശ്രീലങ്കയ്‌ക്കെതിരെ കളിക്കുമ്പോള്‍ എതിരാളികള്‍ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കില്ല.