ടെഹ്റാന്‍: ഞങ്ങള്‍ പ്രതികാരം തുടങ്ങിയെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി. ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ വ്യോമക്രമണം വിജയകരമായിരുന്നുവെന്ന് ഖമനയി. ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് ഇറാന്‍റെ പ്രതികാരം തുടങ്ങിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാഖിലെ ആക്രമമണം അമേരിക്കയുടെ മുഖത്തേറ്റ അടിയാണ്. അമേരിക്കയും ഇസ്രായേലും അവരുടെ കൂട്ടാളികളും ഇറാന്‍റെ ശത്രുക്കളാണെന്നും ആയത്തുള്ള ഖമനേയി വ്യക്തമാക്കി.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ നടത്തിയ മിസൈല്‍ ആക്രമണത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖമനേയി. അമേരിക്കയ്ക്ക് തിരിച്ചടി നല്‍കിയെങ്കിലും അത് പര്യാപ്തമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഇറാന്‍റെ വിപ്ലവ വീര്യം സജീവമായി നിലനില്‍ക്കുന്നുണ്ടെന്നുള്ളതിന് തെളിവാണ് ഖാസിം സുലൈമാനിയുടെ സംസ്കാര ചടങ്ങുകളില്‍ കണ്ടത്. മേഖലയിലെ അമേരിക്കയുടെ സാന്നിധ്യം അവസാനിപ്പിക്കണം. തങ്ങളുടെ പ്രധാന ശത്രുക്കള്‍ യുഎസും അഹങ്കാരം നിറഞ്ഞ ഇസ്രായേലുമാണ്.
അല്‍ അസദ് താവളത്തിന് നേരെയാണ് പ്രധാനമായും ഇറാന്‍റെ ആക്രമണമുണ്ടായത്. 15 മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചത്. ഖുദ്സ് ഫോഴ്സ് തലവന്‍ ജനറല്‍ മേജര്‍ ഖാസിം സുലൈമാനിയടക്കമുള്ളവരെ വ്യോമാക്രമണത്തില്‍ യുഎസ് കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്‍റെ തിരിച്ചടി.ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകള്‍ അമേരിക്കന്‍ സഖ്യസേനയുടെ സൈനികര്‍ ഉണ്ടായിരുന്ന ഇറാഖിന്‍റെ രണ്ട് വിമാനത്താവളങ്ങളില്‍ വന്ന് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മൊബൈലില്‍ പകര്‍ത്തിയെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി പെന്റഗൺ വക്താവ് ജൊനാഥൻ ഹൊഫ്മാനാണ് സ്ഥിരീകരിച്ചത്. അതേസമയം, യുഎന്‍ ചട്ടപ്രകാരമുള്ള പ്രതിരോധ നടപടി മാത്രമാണ് ഇറാന്‍ സ്വീകരിച്ചതെന്നാണ് സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണത്തെക്കുറിച്ച് ഇറാന്‍ വിദേശ കാര്യമന്ത്രി ജവാദ് സരീഫ് പ്രതികരിച്ചത്.