ഇസ്രായേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ ഇറാന്‍ ഉപരോധം പ്രഖ്യാപിച്ചു !

ടെഹ്‌റാന്‍: അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ ഇറാന്‍ ഉപരോധം പ്രഖ്യാപിച്ചിച്ചു .ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെയാണ് ഉപരോധം. ഇസ്രായേലിനെ പിന്തുണയ്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതുസംബന്ധിച്ച് ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കി.

അമേരിക്കയുടെ സ്‌പെഷ്യല്‍ ഓപറേഷന്‍സ് കമാന്റ് ജനറല്‍ ബ്രയാന്‍ പി ഫെന്റണ്‍, വൈസ് അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ ഉള്‍പ്പെടെ ഉപരോധ പട്ടികയിലുണ്ട്. ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്പ്‌സ്, സൈനിക കമാന്റര്‍ ജെയിംസ് ഹോക്കന്‍ഹുള്‍, ചെങ്കടലില്‍ നങ്കൂരമിട്ടിരിക്കുന്ന ബ്രിട്ടീഷ് റോയല്‍ നേവി എന്നിവര്‍ക്കെതിരെയും ഇറാന്‍ ഉപരോധം ചുമത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേരിക്കന്‍ കമ്പനികളായ ലോക്കീഡ് മാര്‍ട്ടിന്‍, ഷെവറോണ്‍, ബ്രിട്ടീഷ് കമ്പനികളായ എല്‍ബിറ്റ് സിസ്റ്റം, പാര്‍ക്കര്‍ മെഗ്ഗിറ്റ്, റാഫേല്‍ എന്നിവയ്‌ക്കെതിരെയും ഉപരോധം ചുമത്തിയിട്ടുണ്ട്. ഇറാനിലെ ആര്‍ക്കും ഇവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാകില്ല. ബാങ്ക് ഇടപാടും പാടില്ല. വിസ അനുവദിക്കുകയോ ഇറാനില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കുകയോ ഇല്ല എന്നിവയാണ് ഉപരോധത്തിന്റെ ഭാഗമായുള്ള നടപടികള്‍.

എന്നാല്‍ ഇറാന്റെ ഉപരോധം അമേരിക്കയെയോ ബ്രിട്ടനെയോ കാര്യമായി ബാധിക്കില്ല. അവര്‍ക്ക് ഇറാനുമായി അടുത്ത ബന്ധമില്ല എന്നതു തന്നെ കാരണം. എന്നാല്‍ ഇറാനോട് ചേര്‍ന്നുള്ള മേഖലയില്‍ നങ്കൂരമിട്ടിരിക്കുകയാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനിക കപ്പലുകള്‍. ഉപരോധ പട്ടികയില്‍ സൈന്യവുമായി ബന്ധപ്പെട്ടവരുള്ളതിനാല്‍ ഇറാന് ആക്രമിക്കാനും അത് ന്യായീകരിക്കാനും വഴിയൊരുങ്ങും.

ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 35000ത്തിലധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അറബ് ലോകത്ത് നിന്ന് ഒരു രാജ്യവും ഇസ്രായേലിനെതിരെ ശക്തമായ നടപടി എടുക്കുന്നില്ല എന്ന ആക്ഷേപം അറബ് സമൂഹത്തില്‍ വ്യാപകമാണ്. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിരന്തരം പ്രസ്താവനകള്‍ ഇറക്കുന്നുണ്ടെങ്കിലും സൈനിക നീക്കം നടത്തിയത് ഇറാനാണ്. ഇത് പശ്ചിമേഷ്യയില്‍ തങ്ങള്‍ക്കുള്ള സ്വാധീനം വര്‍ധിക്കാന്‍ സഹായിക്കുമെന്ന് ഇറാന്‍ കരുതുന്നു. പുതിയ ഉപരോധ നടപടിക്ക് പിന്നിലുള്ള ഇറാന്റെ ഒരു ലക്ഷ്യവും ഇതുതന്നെയാണ്.

ഇസ്രായേലിനും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് ഇറാന്റെ തീരുമാനം. പലസ്തീനുമായി ഐക്യപ്പെടുന്നതില്‍ തങ്ങള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇറാന് സാധിച്ചിട്ടുണ്ട്. ആണവ പദ്ധതിയുടെ പേരില്‍ ഇറാനെതിരെ അമേരിക്ക ഉപരോധം ചുമത്തിയിരുന്നു. ബറാക് ഒബാമ പ്രസിഡന്റായ വേളയില്‍ ഉപരോധം പിന്‍വലിച്ചെങ്കിലും ഡൊണാള്‍ഡ് ട്രംപ് വന്നതോടെ പുനഃസ്ഥാപിക്കപ്പെട്ടു. പിന്നീട് വന്ന ജോ ബൈഡന്‍ ഭരണകൂടം പല ഘട്ടങ്ങളിളായി ഉപരോധം ശക്തിപ്പെടുത്തി. ഏറ്റവും ഒടുവില്‍ ഇസ്രായേലിനെതിരെ പ്രത്യക്ഷ ആക്രമണം നടത്തിയപ്പോഴാണ് ഇറാനെതിരെ ഉപരോധം കടുപ്പിച്ചത്.

Top