
ബഗ്ദാദ് :ഐഎസ് ഭീകരരെ കൂട്ടത്തോടെ കുഴിച്ചുമൂടിയ ഒന്‍പത് ശവക്കുഴികള്‍ കണ്ടെത്തി. ഇവയില്‍ നിന്നും 365 ഐഎസ് ഭീകരരുടെ മൃതദേഹങ്ങളും കണ്ടെടുത്തു.ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ബെയ്ജി പ്രദേശത്താണ് ശവക്കുഴി കണ്ടെത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ഈ മൃതദേഹങ്ങള്‍ ഐഎസ് ഭീകരുടേതാണെന്ന് സ്ഥിരീകരിച്ചതായോ എന്നാണിവ കുഴിച്ചു മൂടിയതെന്നോ സംബന്ധിച്ച വിശദീകരണം പ്രസ്താവനയില്‍ പറഞ്ഞിട്ടില്ല.
ദിവസങ്ങള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ഐഎസ് ഭീകരരെ ബെയ്ജിയില്‍ നിന്നും തുരത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബെയ്ജിക്കടുത്തുള്ള ഇറാഖിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയും സൈനികര്‍ ഭീകരരില്‍ നിന്നും തിരിച്ചുപിടിച്ചിരുന്നു. 2014 ജൂണ്‍ മുതല്‍ ബെയ്ജി ഉള്‍പ്പെടുന്ന സലാഹുദ്ദീന്‍ പ്രവിശ്യയില്‍ ഐഎസ് സ്വാധീനം ശക്തമായിരുന്നു.