ഇരിക്കൂർ: ഇരിക്കൂറിലെ കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തെ ചൊല്ലി പാർട്ടിയിൽ ഉടലെടുത്ത തർക്കത്തിന് പിന്നിൽ ഇപ്പോഴത്തെ എം. എൽ.എ കെ.സി.ജോസഫ് എന്ന് സൂചന. ഇരിക്കൂർ സീറ്റിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് കോട്ടയത്തെ സീറ്റിന് ശ്രമം നടത്തി വിജയിക്കാതെ വന്നത്തോടെയാണ് ഇരിക്കൂർ സീറ്റ് തിരിച്ചു പിടിക്കാൻ കെ.സി ശ്രമം തുടങ്ങിയത്.
ഇരിക്കൂറിൽ കഴിഞ്ഞ തവണയും സ്ഥാനാർത്ഥിത്വത്തിന് പരിഗണിച്ച്, കെ സി ക്കുവേണ്ടി മാറിനിന്ന അഡ്വ. സജീവ് ജോസഫിനെയാണ് നേതൃത്വം സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കുന്നത് എന്ന സൂചനയെ തുടർന്നാണ്, കാഞ്ഞിരപ്പള്ളി,ചങ്ങനാശ്ശേരി സീറ്റിന് ശ്രമം നടത്തി വിജയിക്കാതിരുന്ന കെ.സി ഇരിക്കൂറിൽ ഗ്രൂപ്പ് തർക്കം എന്ന പേരിൽ ചില നേതാക്കളെ ഇറക്കി തെരുവിലേക്ക് വലിച്ചിഴച്ചത് എന്നാണ് സൂചന.
തർക്കത്തിന്റെ ആനുകൂല്യം മുതലെടുത്ത് സമവായ ശ്രമം എന്ന നിലയിൽ വീണ്ടും സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കപ്പെടുക എന്നതാണ് കെ.സി പയറ്റുന്ന തന്ത്രം. ഇതിനായി 20 നടുത്ത തത്പരകക്ഷികളെ സ്വാധീനിച്ചാണ് പ്രശ്നം തെരുവിൽ എത്തിച്ചതെന്നും നേതൃത്വം കണക്കു കൂട്ടുന്നു.പ്രതിഷേധ പരിപാടികളുടേതെന്ന പേരിൽ വാർത്തമാധ്യമങ്ങളിലും, ഹൈക്കമാണ്ടിനും വാർത്തകളും ഫോട്ടോയും എത്തിച്ചത് കെ.സി യോട് അടുത്ത കേന്ദ്രങ്ങൾ ആണെന്ന് പുറത്തുവരുന്ന തെളിവുകൾ നിരത്തി നേതൃത്വം വാദിക്കുന്നു.
മലബാറിലെ ഉറച്ച കോൺഗ്രസ് സീറ്റിൽ കഴിഞ്ഞ 40 വർഷത്തോളം പ്രതിനിധീകരിച്ച കെ. സി യുടെ സമീപനം മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരിൽ കടുത്ത അമർഷം ആണ് സൃഷ്ടിക്കുന്നത്.ഇരിക്കൂറിനെ പ്രതിനിധീകരിക്കുന്ന നാട്ടുകാരനായ സ്ഥാനാർത്ഥി ഉണ്ടാവണം എന്നത് മാത്രമാണ് കോൺഗ്രസ് പ്രവർത്തകരുടെ പൊതുവികാരം. തെളിവ് പുറത്ത് വന്നതോടെ പ്രവർത്തകർക്കിടയിൽ പ്രതിഷേധം കനക്കുകയാണ്.