ഐസിഎസ് ത്രീവവാദികളുടെ നട്ടെല്ല് തകരുന്നു; ഒന്നരവര്‍ഷം കൊണ്ട് സഖ്യസേന കൊന്നൊടുക്കിയത് 25,000 പേരെ; വരുമാന മാര്‍ഗമായ എണ്ണപാടങ്ങളും ഇല്ലാതാക്കി

ലോകം മുഴുവന്‍ ഭീകരത വിതയ്ക്കുന്ന ഐസിസ് തീവ്രവാദികള്‍ക്ക് ശക്തമായ തിരിച്ചടികളാണ് ലഭിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഒന്നര വര്‍ഷം കൊണ്ട് ബിട്ടനും അമേരിക്കയുമടങ്ങുന്ന സഖ്യസേന 25,000ത്തോളം ഭീകരരെ കൊന്നൊടുക്കിയെന്നാണ് തെളിയുന്നത്. ഐസിസ് ഭീകരരുടെ കരുത്ത് പാതിയായി കുറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ഒന്നര വര്‍ഷം കൊണ്ട് സഖ്യസേന ഐസിസ് ഭീകരതയുടെ വേരറുത്തിരിക്കുകയാണ്. ഇറാഖിലും സിറിയയിലുമുള്ള ഐസിസ് ഭീകരരുടെ എണ്ണം പാതിയായി കുറച്ചതിന് പുറമെ ഇതിന്റെ നിരവധി തലവന്മാരെയും ഇക്കാലത്തിനിടെ സേന വധിച്ചിട്ടുണ്ട്. ബോംബിങ് റെയ്ഡുകളിലൂടെയും മിസൈല്‍ ആക്രമണങ്ങളിലൂടെയുമാണ് ഇത്തരത്തില്‍ സേന നിര്‍ണായകമായ വിജയങ്ങള്‍ നേടിയിരിക്കുന്നത്. ഇതില്‍ ആര്‍എഎഫ് നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായുള്ള സഖ്യ സേനയ്ക്കുള്ള യുഎസ് മിലിട്ടറി വക്താവായ കോളോണല്‍ സ്റ്റീവ് വാരെനാണ് ഒരു പ്രത്യേക അഭിമുഖത്തിലൂടെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിന് മുമ്പ് നിരവധി എണ്ണപ്പാടങ്ങള്‍ ഐസിസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നതിനാല്‍ അവര്‍ക്ക് വന്‍തോതില്‍ എണ്ണ വില്‍ക്കാനും ഇതിലൂടെ മില്യണ്‍ കണക്കിന് ഡോളറുകള്‍ സമ്പാദിക്കാനും നല്ല തുക പ്രതിഫലമായി ജിഹാദി പോരാളികള്‍ക്ക് നല്‍കാനും സാധിച്ചിരുന്നുവെന്നാണ് വാരെന്‍ പറയുന്നത്. എന്നാല്‍ സഖ്യസേന തുടര്‍ച്ചയായി ഐസിസിന്റെ എണ്ണപ്പാടങ്ങളില്‍ വ്യോമാക്രമണം നടത്തിയതിന്റെ ഫലമായി അവരുടെ വരുമാനമാര്‍ഗം ഇല്ലാതായെന്നും അത് മൂലം ജിഹാദികള്‍ക്ക് കൊടുക്കുന്ന പ്രതിഫലം അവര്‍ വെട്ടിക്കുറച്ചിരിക്കുകയാണെന്നുമാണ് വാരെന്‍ പറയുന്നത്. ഐസിസിന്റെ പ്രഖ്യാപിത തലസ്ഥാനമായ റാഖയ്ക്കുള്ള സാമ്പത്തിക ഉറവിടങ്ങള്‍ അടയ്ക്കാന്‍ തങ്ങള്‍ ത്വരിതഗതിയിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ സഖ്യസേന ഒരുങ്ങുകയാണെന്നും വാരെന്‍ പറയുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ ജിഹാദി ജോണിനെ കൊന്നതും സഖ്യസേനയുടെ നേട്ടമാണെന്നാണ് വാരെന്‍ പറയുന്നത്. അതു പോലെ തന്നെ കരയാക്രമണത്തിലും ഐസിസിനെതിരെ നിര്‍ണായകമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏതാണ്ട് 20 ഓളം മാസങ്ങളായി സഖ്യസേന നടത്തുന്ന തുടര്‍ച്ചയായുള്ള ആക്രമണം ഐസിസിന്റെ നട്ടെല്ലൊടിക്കാന്‍ തുടങ്ങിയെന്നും വാരെന്‍ പറയുന്നു. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ മാത്രം 600 ജിഹാദി പോരാളികള്‍ കൊല്ലപ്പെട്ടുവെന്നും വാരെന്‍ പറയുന്നു. അടുത്തിടെയുള്ള ഡ്രോണ്‍ ആക്രമണങ്ങളും സ്‌പെഷ്യല്‍ ഫോഴ്‌സ് മിഷനുകളിലൂടെയും നിരവധി ഐസിസ് തലവന്മാരെ കൊന്നൊടുക്കാന്‍ സഖ്യസേനയ്ക്ക് സാധിച്ചിട്ടുണ്ട്. ഐസിസിന്റെ എണ്ണപ്പാടങ്ങള്‍ സഖ്യസേന ബോംബിട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് ഭീകരരുടെ വരുമാനത്തില്‍ മൂന്നിലൊന്ന് കുറവുണ്ടായിട്ടുണ്ട്. തല്‍ഫലമായി ജിഹാദികളുടെ പ്രതിഫലത്തില്‍ 50 ശതമാനം വെട്ടിച്ചുരുക്കലാണ് ഐസിസ് നടത്തിയിരിക്കുന്നത്. ആര്‍എഎഫിന്റെ ആക്രമണത്തെ തുടര്‍ന്ന് നോര്‍ത്തേണ്‍ ഇറാഖില്‍ തങ്ങളുടെ കസ്റ്റഡിയിലുള്ള 40 ശതമാനം പ്രദേശങ്ങളില്‍ നിന്നും ഐസിസ് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഐസിസിനെതിരായുള്ള സഖ്യസേനയുടെ ആക്രമണം വേണ്ടത്ര ഫലപ്രദമായില്ലെന്ന വിമര്‍ശനം ഉയര്‍ന്ന് വരുന്നതിനിടെയാണ് നിര്‍ണായകമായ വെളിപ്പെടുത്തലുമായി വാരെന്‍ രംഗത്തെത്തിയിരിക്കുന്നത്. രണ്ടു വര്‍ഷമായി വ്യോമാക്രണം തുടരുന്നുണ്ടെങ്കിലും ഐസിസിനെ പൂര്‍ണമായും ഇല്ലാതാക്കാനായിട്ടില്ലെന്നും ചിലര്‍ ആരോപിക്കുന്നു.

2014ലെ അഭ്യന്തരയുദ്ധത്തിനിടയില്‍ ഐസിസ് കിഴക്കന്‍ ഇറാഖിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ പിടിച്ചടക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ വടക്കന്‍ ഇറാഖിലെ മിക്ക ഭാഗങ്ങളും പിടിച്ചടക്കുകയും ഇസ്ലാമിക് ഖിലാഫത്ത് പ്രഖ്യാപിക്കുകയും അബൂബക്കര്‍ ബാഗ്ദാദിയെ അതിന്റെ ഖലീഫയായി അവരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുര്‍ദിഷ് ട്രൂപ്പിനൊപ്പം ചേര്‍ന്ന് സഖ്യസേന നടത്തുന്ന കരയാക്രമണത്തിലൂടെയും മറ്റും ഐസിസിന്റെ കൈവശമുള്ള മിക്ക പ്രദേശങ്ങളും തിരിച്ച് പിടിക്കാന്‍ സാധിച്ചുവെന്നാണ് വാരെന്‍ പറയുന്നത്. ഐസിസിന്റെ തലസ്ഥാനമായ റാഖ പിടിക്കാനാണിപ്പോള്‍ കനത്ത ശ്രമം നടത്തുന്നതെന്നും വാരെന്‍ പറയുന്നു. ബാഗ്ദാദിലെ തന്റെ ബേസിലിരുന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് നിമിഷവും ഐസിസ് തലവന്‍ ബാഗ്ദാദിയെ യുഎസിന്റെയോ ബ്രിട്ടന്റെയോ ഡ്രോണ്‍ അക്രമിച്ച് കൊല്ലുമെന്നും വാരെന്‍ പറയുന്നു. 2014 സെപ്റ്റംബറിലാണ് ബ്രിട്ടന്‍ ഇറാഖില്‍ വ്യോമാക്രമണം ആരംഭിച്ചത്. ആര്‍എഫ് വിമാനങ്ങളാണിതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നത്.

Top