ഐസിസ് തീവ്രവാദികള്‍ തട്ടികൊണ്ട് പോയ മലായാളി വൈദികനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതായതോടെ ആശങ്കയോടെ വിശ്വാസികള്‍. യെമനിലെ ഏദനില്‍ വയോജനങ്ങള്‍ക്കായുള്ള ഒരു വീട്ടില്‍ നാല് ഐസിസ് ഭീകരര്‍ നടത്തിയ ആക്രമണത്തനിടെയാണ് ഫാദറിനെ ബന്ധിയാക്കിയിരിക്കുന്നത്. ഈ ആക്രമണത്തില്‍ നാല് കന്യാസ്ത്രീകളടക്കമുള്ള 16 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ്.വൈദികനെ തട്ടിക്കൊണ്ടു പോയതിന്റെ ഉത്തരവാദിത്വം ഒരൊറ്റ ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇതിന് പുറകില്‍ ഐസിസ് തന്നെയാണെന്നാണ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ഒരാള്‍ സാക്ഷ്യപ്പെടുത്തിയിരുന്നത്. ബാംഗ്ലൂരിലെ സിലെസിയന്‍ ഓര്‍ഡറിലെ അംഗമാണ് ഫാദര്‍ ടോം.
കടുത്ത പീഡനത്തിനാണ് ഫാദറെ ഭീകരര്‍ വിധേയനാക്കിക്കൊണ്ടിരിക്കുന്നതെന്നും യേശുക്രിസ്തുവിനെ കുരിശിലേറ്റിയ ദിനമായ ദുഃഖവെള്ളിയാഴ്ച അദ്ദേഹത്തെയും കുരിശിലേറ്റി വധിക്കാനുള്ള സാധ്യതയേറെയാണെന്നുമാണ് സോഷ്യല്‍ മീഡിയകളില്‍ പടരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. സൗത്ത് ആഫ്രിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സിസ്‌കന്‍ സിസ്റ്റേര്‍സ് സീസന്‍ ഇത് സംബന്ധിച്ച ഒരു പോസ്റ്റ് ഫേസ്ബുക്കിലിട്ടിട്ടുണ്ട്. ടോമിനെ യെമനിലെ മിഷനറീസ് ഓഫ് ചാരിറ്റി ഹോമില്‍ നിന്നും തട്ടിക്കൊണ്ട് പോയിരിക്കുന്നത് ഐസിസാണെന്നും അദ്ദേഹത്തെ കടുത്ത രീതിയില്‍ പീഡിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ കുരിശിലേറ്റി വധിക്കുമെന്നുമാണ് ഈ പോസ്റ്റില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനാല്‍ ആ വൈദികന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നുവെന്നും പ്രസ്തുത പോസ്റ്റ് ആവശ്യപ്പെടുന്നു.
ഈ പോസ്‌ററ് പുറത്ത് വന്നതിനെ തുടര്‍ന്ന് ഇക്കാര്യം നിഷേധിച്ച് കൊണ്ട് ഫാദര്‍ ടോമിന്റെ സിലെസിയന്‍ ഓര്‍ഡറിലെ അംഗങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തെ എവിടെയാണ് തടഞ്ഞ് വച്ചിരിക്കുന്നതെന്നോ അദ്ദേഹം ജീവിച്ചിരിക്കുന്നോ അതോ മരിച്ചുവോ എന്ന കാര്യങ്ങള്‍ പറയാന്‍ അവര്‍ക്ക് സാധിക്കുന്നുമില്ല.തങ്ങള്‍ക്ക് ഫാദര്‍ ടോമിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സിലെസിയന്‍സ് ബാംഗ്ലൂര്‍ പ്രൊവിന്‍സിലെ വക്താവായ ഫാദര്‍ മാത്യൂ വാളര്‍ക്കോട്ട് പ്രതികരിച്ചിരിക്കുന്നത്. ആരും ഇതുവരെ കിഡ്‌നാപ്പിംഗിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതിരുന്നതിനാല്‍ ആരാണ് അദ്ദേഹത്തെ തട്ടിയെടുത്തിരിക്കുന്നതെന്നോ എന്താണ് അവരുടെ ലക്ഷ്യമെന്നോ തങ്ങള്‍ക്കറിയില്ലെന്നും ഫാദര്‍ മാത്യു പറയുന്നു.
എന്നാല്‍ ഈ ആക്രണം നടത്തിയതും ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടു പോയതും ഐസിസ് തന്നെയാണെന്നാണ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ഏക വ്യക്തിയായ സിസ്റ്റര്‍ സിസിലി വെളിപ്പെടുത്തിയിരിക്കുന്നത്. അവിടെയുള്ള എല്ലാവരെയും ഐസിസുകാര്‍ വധിച്ചിരുന്നുവെന്നും താന്‍ ഒരു വാതിലിന് പുറകില്‍ മറഞ്ഞിരുന്നതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നുമാണ് ക്രിസ്ത്യന്‍ പോസ്റ്റിലെ റിപ്പോര്‍ട്ടിലൂടെ സിസിലി വെളിപ്പെടുത്തിയിരിക്കുന്നത്. ഭീകരര്‍ മരത്തില്‍ കെട്ടിയിട്ട് ഓരോരുത്തരെയായി തലയ്ക്ക് വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് സിസ്റ്റര്‍ പറയുന്നത്. അവിടെ അഞ്ച് കന്യാസ്ത്രീകളുണ്ടെന്ന് സൂചന ലഭിച്ച ഭീകരര്‍ തനിക്ക് വേണ്ടി എല്ലായിടത്തും പരതിയിരുന്നുവെന്നും എന്നാല്‍ ഭാഗ്യത്തിന് തനിക്ക് രക്ഷപ്പെടാന്‍ സാധിച്ചുവെന്നും കന്യാസ്ത്രീ വെളിപ്പെടുത്തിയിട്ടുണ്ട്.സിസിലിയെ തേടി ഐസിസുകാര്‍ മൂന്ന് വട്ടം റഫ്രിജറേറ്റര്‍ റൂമിലേക്ക് വന്നിരുന്നുവെങ്കിലും ഒരു വാതിലിന് പുറകില്‍ മറഞ്ഞ് നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.