റഷ്യന്‍ വിമാനം തകര്‍ന്ന സംഭവം: ഐ.എസ് ഉത്തരവാദിത്വം ഏറ്റെടുത്തു

കെയ്‌റോ: ഐ എസ് കൊടും ക്രൂരത തുടരുന്നു.ഈജിപ്തില്‍ നിന്നും 224 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം തകര്‍ന്നതിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഈജിപ്തിലെ സിനായ് മേഖലയില്‍ വച്ചാണ് വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടമായത്. ഐഎസ് ഭീകരരുടെ ശക്തി കേന്ദ്രമാണ് ഈജിപ്തിലെ സിനായ് പ്രദേശം.ഈജിപ്റ്റിലെ ഷരം എല്‍ ഷെയ്ഖില്‍ നിന്ന് പറന്നുയര്‍ന്ന ഉടനാണ് റഷ്യന്‍ വിമാനം തകര്‍ന്നു വീണത്. വിമാനം വെടിവച്ചിട്ടതാണെന്ന് ഐ.എസ് അവകാശപ്പെട്ടു. 224 യാത്രക്കാരുമായി പോയ വിമാനമാണ് തകര്‍ന്നത്. ദുരന്തത്തില്‍ ആരും രക്ഷപെട്ടിട്ടില്ലെന്ന് ഈജിപ്റ്റ് അധികൃതര്‍ അറിയിച്ചു.MAIN-Sun-Express
അപകടകാരണം സാങ്കേതിക തകരാറെന്ന ധാരണയില്‍ അന്വേഷണം പുരോഗമിക്കവെയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തത്. സെന്റ പീറ്റേഴ്‌സ് ബെര്‍ഗിലേക്കുള്ള യാത്രാ മധ്യേയാണ് വിമാനം തകര്‍ന്നത്. പറന്നുയര്‍ന്ന് 23 മിനിറ്റിന് ശേഷം വിമാനവും റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. റഷ്യന്‍ വ്യോമയാന കമ്പനിയായ കോഗാലി മാവ്യയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് തകര്‍ന്നത്.
മരണമടഞ്ഞ യാത്രക്കാരില്‍ ഭൂരിപക്ഷം പേരും റഷ്യക്കാരാണ്. മരണമടഞ്ഞവരോടുള്ള ആദര സൂചകമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നവംബര്‍ 1ന് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം വിമാനം തകര്‍ന്നു വീഴുന്നതിന് തൊട്ടു മുമ്പ് സാങ്കേതിക തകരാറിനെക്കുറിച്ച് പൈലറ്റ് വിവരം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ ഐ.എസിന്റെ അവകാശവാദത്തിന് അടിസ്ഥാനമുണ്ടോയെന്ന് അന്വേഷണത്തിന് ശേഷമേ അധികൃതര്‍ സ്ഥിരീകരിക്കൂ.

Top