കാസര്‍ഗോഡ്: കാണാതായ 17 പേര്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. പടന്നയില്‍ നിന്ന് കാണാതായവര്‍ എല്ലാം ഒന്നിച്ചാണെന്നും ഐഎസില്‍ ചേര്‍ന്നതു കൊണ്ട് ഇവരുടെ കുടുംബത്തിന് ഭീഷണിയുണ്ടാകാമെന്നും പറയുന്നു.
ഹോസ്ദുര്‍ഗ് കോടതിയിലാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാണാതായ 17 പേരുടെ കേസുകള്‍ ഒറ്റക്കേസായി കണക്കിലെടുക്കും. ഇതിനിടെ പാലക്കാട് നിന്നും കാണാതായവര്‍ക്കെതിരെ പൊലീസ് ഇന്ന് യുഎപിഎ ചുമത്തിയിരുന്നു. പാലക്കാട് സ്വദേശികളും സഹോദരങ്ങളുമായ ഈസ, യഹിയ എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. പാലക്കാട് ഡിവൈഎസ്പി എം കെ സുല്‍ഫിക്കറിന്റെ നേത്യത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. യഹിയക്കെതിരെ നേരത്തെ എറണാകുളം പൊലീസും യുഎപിഎ ചുമത്തിയിരുന്നു.
എന്നാല്‍ ഇസ്ലാമിക തത്വങ്ങള്‍ക്ക് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐഎസ് എന്ന് സന്ദേശത്തില്‍ പറയുന്നു. അതേസമയം കാസര്‍ഗോഡ് നിന്നും 17 പേരെ കാണാതായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി. സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തുടരന്വേഷണം കൂടുതല്‍ ഉന്നതതലത്തില്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 17പേരെ കാണാതായ സംഭവത്തില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി സുനില്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നല്‍കിയ സാഹചര്യത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശ പ്രകാരമാണ് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. അന്താരാഷ്ട്ര ബന്ധമുള്ള സംഭവമായതിനാല്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണം ഗുണകരമാകില്ലെന്ന നിഗമനത്തോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജില്ലയില്‍ നിന്നും 17പേരെ കാണാതായ സംഭവത്തില്‍ ചന്തേര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.