
മിലാന്‍: ഐഎസ് ഭീകരരുടെ വേദന അകറ്റാന്‍ ഇന്ത്യയില്‍ നിന്നു ഇറ്റലിയിലേക്ക് അയച്ച മരുന്നുകള്‍ പിടിച്ചെടുത്തു. 2.4 കോടി വേദനസംഹാരി മരുന്നുകളാണ് ഇറ്റലിയില്‍ പിടിച്ചെടുത്തത്. ഐഎസ് ഭീകരരുടെ ഉപയോഗത്തിനായി ലിബിയയിലേക്കു കടത്തുന്നതിനിടെയാണ് ഇറ്റലിയിലെ കസ്റ്റംസ് വിഭാഗം ട്രമഡോള്‍ ഗുളികകള്‍ പിടിച്ചെടുത്തത്. യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ പിന്തുണയോടെയായിരുന്നു പരിശോധന.
ഇറ്റലിയിലെ മറ്റൊരു തുറമുഖമായ ജെനോവയില്‍ നിന്ന് അഞ്ചുമാസം മുന്‍പ് സമാനമായ രീതിയില്‍ ഇന്ത്യയില്‍ നിന്നെത്തിച്ച ട്രമഡോള്‍ ഗുളികള്‍ പിടിച്ചെടുത്തിരുന്നു. അന്ന് 3.6 കോടിയിലേറെ ഗുളികകളാണ് ഷാംപൂ കുപ്പികളിലാക്കി കടത്താന്‍ ശ്രമിച്ചത്. നേരത്തേ കൊക്കെയ്ന്‍ കടത്തിനു കുപ്രസിദ്ധമായിരുന്നു ഈ തുറമുഖം. രാജ്യാന്തര സമ്മര്‍ദം ശക്തമായതിനെത്തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
ട്രമഡോള്‍ എന്ന വേദനസംഹാരി ഗുളിക ഒരെണ്ണത്തിന് രണ്ടു യൂറോ(ഏകദേശം 150 രൂപ)യാണു വില. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. രാജ്യാന്തര തലത്തില്‍ പല ഭീകര സംഘടനകളും തങ്ങളുടെ പോരാളികള്‍ക്കായി വന്‍തോതില്‍ വാങ്ങി നല്‍കുന്ന മരുന്നാണിത്. നൈജീരിയയിലെ ബൊക്കോ ഹറാം ഭീകരസംഘടനയും വന്‍തോതില്‍ ട്രമഡോള്‍ ഗുളികകള്‍ വാങ്ങിക്കൂട്ടുന്നുണ്ട്. കുറഞ്ഞ വിലയും പെട്ടെന്നുള്ള ഫലവുമാണ് ഭീകരരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. വേദനയും ക്ഷീണവും പേടിയും വിശപ്പും അകറ്റി പോരാട്ടത്തിനു പ്രാപ്തരാക്കുന്നതിനാല്‍ ഫൈറ്റേഴ്‌സ് ഡ്രഗ് എന്നും ഈ മരുന്നിന് പേരുണ്ട്.
വടക്കേ ആഫ്രിക്കയിലും മധ്യപൗരസ്ത്യ ദേശത്തുമുള്ള തങ്ങളുടെ പോരാളികള്‍ക്ക് വില്‍ക്കാന്‍ ട്രമഡോള്‍ ഗുളികകള്‍ ഐഎസ് വന്‍തോതില്‍ കടത്തുന്നതു പതിവാണ്. പക്ഷേ ഒന്നിനു രണ്ടു യൂറോ പ്രകാരം ഐഎസിനു അഞ്ചു കോടി യൂറോയുടെ(ഏകദേശം 376 കോടി രൂപ) ലാഭമുണ്ടാകേണ്ട നീക്കത്തിനാണ് ഇത്തവണ റെയ്ഡിലൂടെ ഇറ്റലി തടയിട്ടത്.