ചെന്നൈ:ഭീകര സംഘടനായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലയാളിയെ തമിഴ്നാട്ടിലെ തിരുനെല്‍വേലി രായനല്ലൂരിന് സമീപം കടയനല്ലൂരില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ ഉണ്ടപ്ലാവ് മളിയേക്കല്‍ വീട്ടില്‍ ഹാജ മുഹമ്മദിന്റെ മകന്‍ സുബഹാനി (28)യാണ് അറസ്റ്റിലായത്. ഇയാള്‍ വര്‍ഷങ്ങളായി തിരുനെല്‍വേലിയിലാണ് താമസം.
കഴിഞ്ഞ ദിവസം കണ്ണൂരിലെ കനക മലയില്‍ നിന്നും ഐഎസുമായി ബന്ധമുള്ള ആറ് യുവാക്കളെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി ബന്ധമുള്ളയാളാണ് ഇയാള്‍. ഞായറാഴ്ച കണ്ണൂരില്‍ പാനൂരിനു സമീപം പെരിങ്ങത്തൂര്‍ കനകമലയില്‍നിന്ന് അഞ്ചുപേരെയും ഇവര്‍ നല്‍കിയ വിവരമനുസരിച്ചു കോഴിക്കോട്ടെ കുറ്റ്യാടിയില്‍നിന്ന് ഒരാളെയുമാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. മാസങ്ങളായി നിരീക്ഷണത്തിലുള്ള സംഘത്തെ കനകമലയില്‍ യോഗം ചേരുന്നതിനിടെയാണു പിടികൂടിയതെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
12 പേരാണ് ഈ സംഘത്തില്‍ ഉള്ളതെന്നാണു സൂചന. ബാക്കിയുള്ളവര്‍ രാജ്യത്തിനു പുറത്താണെന്നാണു എന്‍ഐഎ കരുതുന്നത്. ഇവരെ പിടികൂടാനുള്ള എല്ലാ നടപടികളും ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് എന്‍ഐഎ പറഞ്ഞു.
ഐപിഎസ് ഉദ്യോഗസ്ഥനായ പിഎന്‍ ഉണ്ണിരാജന്‍, ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഹൈക്കോടതി ജഡ്ജിമാര്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എന്നിവരെ വക വരുത്തുകയായിരുന്നു ഈ സംഘത്തിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട തെളിവുകളും എന്‍ഐഎ സംഘത്തിന് ലഭിച്ചിട്ടുണ്ട്.