ഓരോ ദിവസവും കടന്നുപോകുമ്പോഴും ഐസിസിന്റെ ശക്തി കൂടുകയാണ്. ഓരോ രാജ്യങ്ങളെയും ഐസിസ് എന്ന ക്രൂര സംഘടന കൈയ്യിലൊതുക്കുകയാണ്. വര്‍ഷങ്ങളായി കൊന്നൊടുക്കിയും പിടിച്ചെടുത്തും പക തീര്‍ക്കുന്ന ഐസിസ് ഇന്ന് ആഗോള സംഘടനയായി മാറി.
അതിവേഗം പടര്‍ന്നുപിടിക്കുന്ന മാറാവ്യാധി പോലെ ലോകത്തുമുഴുവന്‍ വ്യാപിക്കുകയാണ് ഐസിസ്. ഐസിസിന് സ്വാധീനശേഷിയുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തി വൈറ്റ് ഹൗസ് തയ്യാറാക്കിയ ഭൂപടത്തിലാണ് ഭീകര സംഘടന എത്രത്തോളം വലുതായെന്ന് വ്യക്തമാക്കുന്നത്. 2014-ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ഐസിസിനെതിരെ ആക്രമണം ആരംഭിക്കുമ്പോള്‍ വെറും ഏഴുരാജ്യങ്ങളില്‍ മാത്രമായിരുന്നു അതിന് സ്വാധീവമുണ്ടായിരുന്നത്. അതിന്റെ പ്രവര്‍ത്തകരിലേറെയും ഇറാഖില്‍നിന്നും സിറിയയില്‍നിന്നും ഉള്ളവരും.
എന്നാല്‍, ഐസിസിനെതിരായ പോരാട്ടം തുടങ്ങി ഒരുവര്‍ഷത്തിനുള്ളില്‍ 18 രാജ്യങ്ങളിലേക്ക് അതിന്റെ പ്രവര്‍ത്തനം വ്യാപിച്ചു. ഉന്മൂലനശ്രമം തുടങ്ങിയശേഷം മൂന്നിരട്ടിയായി ഐസിസ് വളരുകയാണ് ചെയ്തതെന്ന് അമേരിക്ക തന്നെ സമ്മതിക്കുന്നുവെന്ന് ഈ ഭൂപടത്തില്‍ വ്യക്തമാണ്.
ഐസിസിന് സ്വാധീനമുള്ളതും ഐസിസിന് വളരാന്‍ വളക്കൂറുള്ളതുമായ രാജ്യങ്ങലെയാണ് ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഈജിപ്ത്, മാലി, സൊമാലിയ, ടുണീഷ്യ, ബംഗ്ലാദേഷ്, ഫിലിപ്പിന്‍സ്, ഇന്‍ഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഐസിസ് സ്വാധീനം ഉറപ്പിച്ചുകഴിഞ്ഞുവെന്ന് അമേരിക്കയിലെ നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ തയ്യാറാക്കിയ ഭൂപടം വ്യക്തമാക്കുന്നു.