കൊച്ചി: പതിനായരങ്ങളെയും സാക്ഷി നിര്‍ത്തി കേരള ബ്ലാസ്റ്റേഴ്സ് ജയത്തോടെ തുടങ്ങി. ഐഎസ്എല്‍ രണ്ടാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മഞ്ഞപ്പട നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തത്. കാല്‍പ്പന്തുകളിയുടെ വടക്കു കിഴക്കന്‍ ശക്തിയുമായെത്തിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം. തുടര്‍ച്ചയായ രണ്ടാം സീസണിലും കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മഞ്ഞക്കടലായി ആര്‍ത്തലച്ച അറുപതിനായിരത്തില്‍ അധികം വരുന്ന കാണികളെ ആവേശത്തിമിര്‍പ്പിലാഴ്ത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കെട്ടുകെട്ടിച്ചത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയ പ്രമുഖരെ സാക്ഷി നിര്‍ത്തിയായിരുന്നു മൈതാനത്തിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉശിരന്‍ പ്രകടനം.
ഗോളൊഴിഞ്ഞ ആദ്യപകുതിക്ക്‌ശേഷം രണ്ടാം പകുതിയിലായിരുന്നു മല്‍സരത്തിലെ നാലു ഗോളുകളും. ജോസു പ്രീറ്റോ (49), മുഹമ്മദ് റാഫി (68), സാഞ്ചസ് വാട്ട് (71) എന്നിവരായിരുന്നു കേരളത്തിന്റെ സ്‌കോറര്‍മാര്‍. നിക്കോളാസ് വെലെസിന്റെ (82) വകയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസഗോള്‍. ഗോളൊന്നും നേടാനായില്ലെങ്കിലും ഇടതുവിങ്ങില്‍ മിന്നല്‍നീക്കങ്ങളുമായി കളംനിറഞ്ഞ മലയാളി താരം സി.കെ. വിനീതും കാണികളുടെ കൈയ്യടി നേടി. സ്‌റ്റേഡിയത്തിലേക്കൊഴുകിയെത്തിയ അറുപതിനായിരത്തിലധികം വരുന്ന കാണികളുടെ അകമഴിഞ്ഞ പിന്തുണയും ബ്ലാസ്റ്റേഴ്‌സ് വിജയത്തിന്റെ മാറ്റുകൂട്ടി.
കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു രാജ്യാന്തര േസ്റ്റഡിയത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ കേരള ബ്ലാേസ്റ്റഴ്സ് – നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മല്‍സരത്തിനുമുന്‍പുള്ള ദൃശ്യങ്ങള്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ഐഎസ്എല്ലിന്റെ ആദ്യ പതിപ്പില്‍ തകര്‍ക്കാന്‍ സാധിക്കാതിരുന്ന കോട്ടകളിലൊന്നായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തന്നെ രണ്ടാം സീസണിലെ ആദ്യ പോരാട്ടത്തില്‍ കീഴടക്കാനായത് കേരളത്തിന്റെ ആത്മവിശ്വാസം കൂട്ടും. കഴിഞ്ഞ സീസണില്‍ രണ്ടു തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും കേരളത്തിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിക്കാനായിരുന്നില്ല. ഗുവാഹത്തിയിലെ സ്വന്തം മൈതാനത്തു വച്ചു നടന്ന ആദ്യ പോരാട്ടത്തില്‍ ആരാധക പിന്തുണയോടെ കളിച്ച നോര്‍ത്ത് ഈസ്റ്റ് ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ മുട്ടുകുത്തിച്ചപ്പോള്‍ കൊച്ചിയില്‍ നടന്ന രണ്ടാം മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
മാര്‍ക്വീ താരങ്ങളില്ലാതെയാണ് ഇരുടീമുകളും സീസണിലെ പ്രഥമ മല്‍സരത്തിനിറങ്ങിയത്. ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വീ താരം സ്‌പെയിനിന്റെ ലോകകപ്പ് ജേതാവ് കാര്‍ലോസ് മര്‍ച്ചേന പുറംവേദനമൂലം നാട്ടില്‍ പോയി. മറുവശത്ത്, നോര്‍ത്ത് ഈസ്റ്റിന്റെ മാര്‍ക്വീ താരം സിമാവോ സബ്രോസ മൂന്നാമത്തെ മല്‍സരത്തിലേ കളത്തിലിറങ്ങാന്‍ സാധ്യതയുള്ളൂ.