മുംബൈ: ചാരക്കേസ് വീണ്ടും സജീവമാകുന്നു. നഷ്ടപരിഹാരം വേണമെന്ന ഫൗസിയ ഹസന്റെ ആവശ്യത്തെ പിന്തുണച്ച് നമ്പി നാരായണന്‍ രംഗത്ത് വന്നു . താന്‍ ഇത് നേരത്തെ ഉന്നയിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ചാരക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാലം ജയില്‍വാസം അനുഭവിച്ചത് ഫൗസിയ ഹസനാണ്. കേരള സര്‍ക്കാരിന് അവരെ സഹായിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നമ്പി നാരായണന്‍ മുംബൈയില്‍ പറഞ്ഞു.
നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഫൗസിയ ഹസന്‍ രാവിലെ കോഴിക്കോട്ട് പറഞ്ഞിരുന്നു. നമ്പി നാരായണനെ ആദ്യമായി കണ്ടത് സിബിഐ കസ്റ്റഡിയിലാണെന്നും കേസിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം പുറത്തുകൊണ്ടു വരണമെന്നും ഫൗസിയ ഹസന്‍ ആവശ്യപ്പെട്ടു.
വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് നമ്പി നാരായണന് നീതി ലഭിച്ചത്. അദ്ദേഹത്തിന് ലഭിച്ചത് പോലെ തനിക്കും ചാരക്കേസില്‍ നീതി കിട്ടണം. അതിനായി ഏതറ്റം വരെയും നിയമയുദ്ധം നടത്തും. പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് തനിക്ക് എല്ലാം നഷ്ടപ്പെട്ടു. മക്കളുടെ വിദ്യാഭ്യാസം വരെ താറുമാറായി. അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് വിവരിക്കാന്‍ പോലുമാകില്ല. അഭിഭാഷകന്‍ പ്രസാദ് ഗാന്ധിയുമായി ആലോചിച്ച് ഏത് കോടതിയെ സമീപിക്കണമെന്ന് തീരുമാനിക്കും. നമ്പി നാരായണനെ മുന്‍ പരിചയമില്ല.
1967ല്‍ മാലിദ്വീപ് വിദേശകാര്യ മന്ത്രാലയത്തില്‍ ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ചാരക്കേസില്‍ കുറ്റാരോപിതയായി 1994 മുതല്‍ 97 വരെ കേരളത്തില്‍ ജയില്‍വാസമനുഭവിച്ചു. ശേഷം മാലിയില്‍ എത്തിയ ഫൗസിയ 1998 മുതല്‍ 2008 വരെ നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ സെന്‍സറിങ് ഓഫീസറായിരുന്നു. നൂറോളം സിനിമയില്‍ അഭിനയിച്ചു.