നമ്പി നാരായണന്റെ പേര് പറയിപ്പിച്ചത് 14 വയസുളള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി…

പതിനാല് വയസുളള തന്റെ മകളെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണ സംഘം നമ്പി നാരായണന്റെയും ശശികുമാറിന്റെയും പേരുകള്‍ നിര്‍ബന്ധിപ്പിച്ച് പറയിപ്പിച്ചതെന്ന് ചാരക്കേസിലെ ഫൗസിയ ഹസന്റെ വെളിപ്പെടുത്തല്‍. ചാരക്കേസില്‍ അനുഭവിച്ച പീഡനങ്ങളും ചതിയും വ്യക്തമാക്കുന്ന ഫൗസിയ ഹസന്റെ ഓര്‍മ്മക്കുറിപ്പുകളുടെ മലയാള പരിഭാഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മാധ്യമപ്രവര്‍ത്തകരായ ആര്‍.കെ ബിജുരാജും പി. ജസീലയും ചേര്‍ന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്റെ പേര് ‘വിധിക്കുശേഷം ഒരു ചാരവനിതയുടെ വെളിപ്പെടുത്തലുകള്‍’ എന്നാണ്. ചാരക്കേസിന്റെ തുടക്കം മുതല്‍ മോചിതയായി മാലിയിലിറങ്ങുന്നതു വരെയുള്ള അനുഭവങ്ങളാണ് പുസ്തകത്തില്‍ വിവരിക്കുന്നത്.ഡിസി ബുക്‌സാണ് പ്രസാധകര്‍. അന്വേഷണ സംഘം ആഗ്രഹിച്ച ഉത്തരങ്ങള്‍ നല്‍കാത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചെന്നും നാട്ടുകാരിയും കൂട്ടുകാരിയുമായ മറിയം റഷീദ കേസില്‍ നിന്നു രക്ഷപ്പെടാനായി തന്നെ ചതിച്ചെന്നും ഫൗസിയ പുസ്തകത്തില്‍ പറയുന്നു. മറിയം റഷീദ പൊലീസിനു നല്‍കിയ മൊഴികളില്‍ പലതും കളവായിരുന്നെന്നും സ്വയം രക്ഷപ്പെടാന്‍ പൊലീസിന്റെ തിരക്കഥ അനുസരിച്ചുള്ള മൊഴി നല്‍കി തന്നെ ബലിയാടാക്കുകയായിരുന്നെന്നും ഇവര്‍ ആരോപിക്കുന്നു. ചെന്നൈയില്‍ വച്ച് അന്വേഷണസംഘം ക്രൂരമായി മര്‍ദിച്ച സംഭവവും ഫൗസിയ വിവരിക്കുന്നു.

തനിക്കു ലഭിച്ച 25000 ഡോളറടങ്ങുന്ന പാര്‍സല്‍ എന്തു ചെയ്തു എന്നു ചോദിച്ചായിരുന്നു മര്‍ദനം. അങ്ങനെയാണ് മറിയം റഷീദ നല്‍കിയ മൊഴി. അറിയില്ലെന്നു പറഞ്ഞപ്പോഴായിരുന്നു മര്‍ദനം. ഒരാള്‍ മുഷ്ടി ചുരുട്ടി എന്റെ പിറകില്‍ ഇടതു ഭാഗത്തിടിച്ചു. ചൂണ്ടുവിരല്‍ പിടിച്ചെടുത്ത് നടുവിരലിനു മുകളിലായി വച്ചു. അദ്ദേഹത്തിന്റെ കയ്യിലിരുന്ന പേനയെടുത്ത് വിരലിനു പിറകില്‍ ആഞ്ഞു കുത്തി. മുന്നിലിരുന്നയാള്‍ ഷൂ കൊണ്ട് എന്റെ വലതു കാല്‍വിരലില്‍ ശകക്തമായി അമര്‍ത്തി. അസഹ്യമായിരുന്നു വേദന. ഒരിക്കല്‍ കൂടി അവര്‍ എന്റെ മുഖത്തടിച്ചു. അപ്പോഴും എന്റെ കൈവിരലും കാലും അവര്‍ സ്വതന്ത്രമാക്കിയില്ല. ആ ചോദ്യം അവര്‍ നിരവധി തവണ ആവര്‍ത്തിച്ചു.

എന്റെ തൊണ്ട വരണ്ടു.സംസാരിക്കാന്‍ കഴിയാതായി. അവരെന്റെ ഇടതുകൈയില്‍ ആഞ്ഞടിച്ചു. കുനിച്ചു നിര്‍ത്തി പിറകിലും ശക്തിയായി ഇടിച്ചു. അപ്പോഴും ഡോളറടങ്ങിയ പാര്‍സല്‍ ലഭിച്ചിട്ടില്ലെന്ന് ഞാന്‍ പറഞ്ഞു. കൊന്നു കടലിലെറിയുമെന്ന് അവരിലൊരാള്‍ ഭീഷണിപ്പെടുത്തി. രമണ്‍ ശ്രീവാസ്തവയ്ക്കെതിരെ ഹൈക്കോടതി പരാമര്‍ശമുണ്ടായത് പൊലീസ് പറഞ്ഞു പറയിച്ച തങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നെന്നും ഫൗസിയ വ്യക്തമാക്കുന്നു.

സിബിഐ കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് നമ്പി നാരായണനെ ആദ്യമായി കാണുന്നതെന്നും ഫൗസിയ പുസ്തകത്തില്‍ പറയുന്നു. ചോദ്യം ചെയ്യലില്‍ പേര് കേട്ടിട്ടുണ്ടായിരുന്നു. ഒരു ദിവസം സിബിഐ ഓഫിസര്‍മാര്‍ തന്നെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ ധാരാളം ആള്‍ക്കാരുണ്ടായിരുന്നു. ഈ വ്യക്തി ആരാണെന്ന് സിബിഐ ഓഫിസര്‍മാര്‍ ചോദിച്ചു. തനിക്ക് അറിയില്ലെന്ന് പറഞ്ഞു. അപ്പോള്‍ സിബിഐ ഓഫിസര്‍ പറഞ്ഞു, ഇതാണ് നിങ്ങളുടെ ഫ്രണ്ട് നമ്പി നാരായണന്‍ എന്ന്. രമണ്‍ ശ്രീവാസ്തവയെ അന്നും ഇന്നും താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഫോട്ടോ മാത്രമാണ് കണ്ടിട്ടുളളതെന്നും ഫൗസിയ വ്യക്തമാക്കുന്നു.

Top