
മാലദ്വീപ്: ഐഎസ്ആര്‍ഒ ചാരക്കേസിലെ ചാരസുന്ദരി എന്ന് അറിയപ്പെട്ട ഫൗസിയ ഹസന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. കേസില്‍ പ്രതിയായ നമ്പി നാരായണനെ അറിയില്ലായിരുന്നെന്നും പേരുപോലും കേട്ടിട്ടുണ്ടായിരുന്നില്ലെന്നുമാണ് ഫൗസിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഐബി ഉദ്യോഗസ്ഥരും കേരള പൊലീസും ചേര്‍ന്നു ഭീഷണിപ്പെടുത്തി പലതും പറയിക്കുകയായിരുന്നെന്നും ഫൗസിയ പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ഫൈസിയയുടെ വെളിപ്പെടുത്തല്‍.
ഐഎസ്ആര്‍ഒ ചാരവൃത്തിക്കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ച മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും മാധ്യമങ്ങളില്‍നിന്ന് അകന്നുകഴിയുകയായിരുന്നു ഇത്രയും വര്‍ഷം. അതേസമയം, പഴയ കേസിന്റെ കാര്യങ്ങള്‍ സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും കേരള പൊലീസിനും ഐബിക്കുമെതിരെ രാജ്യാന്തര മനുഷ്യാവകാശ കമ്മിഷനില്‍ കേസ് കൊടുക്കുമെന്നും മറിയം റഷീദ അറിയിച്ചു.
നമ്പിനാരായണന്റെ ആത്മകഥയില്‍ പറയുന്നതു പോലെയുള്ള കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഫൗസിയയും വെളിപ്പെടുത്തിയിരിക്കുന്നത്. പൊലീസ് പറയുന്നതെല്ലാം സമ്മതിച്ചില്ലെങ്കില്‍ 14 വയസ്സുള്ള മകളെ മുന്നില്‍ക്കൊണ്ടു വന്ന് മാന ഭംഗം ചെയ്യുമെന്നും പൊലീസ് ഭീഷണിപ്പെടുത്തി. ഇതോടെയാണ് പൊലീസ് പറഞ്ഞ കള്ളക്കഥകളെല്ലാം സമ്മതിക്കേണ്ടി വന്നതെന്നും ഫൗസിയ. നമ്പി നാരായണനെ ആദ്യമായി കണ്ടതു സിബിഐ കസ്റ്റഡിയിലായിരുന്നുവെന്നും രമണ്‍ ശ്രീവാസ്തവയെ ഒരിക്കല്‍പോലും നേരിട്ടു കണ്ടിട്ടില്ലെന്നും ഫൗസിയ പറഞ്ഞു.
‘ഓര്‍മകളുടെ ഭ്രമണപഥം’ എന്ന ആത്മകഥയില്‍ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണു ഫൗസിയയുടെ വെളിപ്പെടുത്തല്‍. ഭീഷണിപ്പെടുത്തി പേരു പറയിച്ചതാണെന്നു പൊലീസ് വാഹനത്തില്‍ വച്ചു മറിയം റഷീദ പറഞ്ഞതായി നമ്പി നാരായണന്‍ ആത്മകഥയില്‍ പറയുന്നു. നമ്പി നാരായണന്‍ എന്ന പേരു വ്യക്തമായി പറയാന്‍ പോലും കഴിഞ്ഞില്ലെന്നും കുറ്റസമ്മത വിഡിയോ പകര്‍ത്തുന്നതിനിടെ പേര് എഴുതിക്കാണിച്ചു വായിപ്പിക്കുകയായിരുന്നെന്നും മറിയം പറഞ്ഞതായി പുസ്തകത്തിലുണ്ട്. എന്നാല്‍, ചാരക്കേസില്‍ സത്യമുണ്ടായിരുന്നെന്നും ഭീഷണിപ്പെടുത്തി പറയിച്ചതല്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് ‘നിര്‍ഭയം’ എന്ന ആത്മകഥയില്‍ പറയുന്നത്.
പതിനാലു വയസ്സുകാരിയായ മകളെ മുന്നില്‍ കൊണ്ടുവന്നു മാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതോടെയാണു ചോദ്യംചെയ്യലില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞ പലതും സമ്മതിക്കേണ്ടി വന്നത്. ജയില്‍ മോചിതയായ ശേഷം, കേരള പൊലീസിനും ഐബിക്കും എതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. പിന്നീട് ഇന്ത്യയില്‍ ബിസിനസ് ആവശ്യത്തിനെത്തിയ മകന്‍ നാസിഫ് താമസിച്ച ഹോട്ടലില്‍ ഐബി ഉദ്യോസ്ഥര്‍ എത്തി കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തി. തുടര്‍ന്നു കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്നു മാലെയിലെ ഇന്ത്യന്‍ എംബസിയില്‍ എഴുതി നല്‍കിയെന്നും ഫൗസിയ പറഞ്ഞു. പല ആവശ്യങ്ങള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കേണ്ടി വരുന്ന ബന്ധുക്കളോടു പൊലീസ് മോശമായി പെരുമാറുമോ എന്നു ഭയന്നാണു കേസ് പിന്‍വലിച്ചതെന്നും ഫൗസിയ പറഞ്ഞു.