ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ പൊളിച്ചത് വര്‍ഷങ്ങളുടെ പഴക്കമുള്ള കല്‍മണ്ഡപം;പ്രതിഷേധം കനത്തപ്പോള്‍ ശമിപ്പിക്കാന്‍ രാജകുടുംബവുമെത്തി.നടപടി തങ്ങളറിയാതെയെന്ന് പുരാവസ്തു വകുപ്പ്.

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ പത്മതീര്‍ത്ഥത്തില്‍ ആചാരപരമായി പ്രാധാന്യമുള്ളതും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതുമായ കല്‍മണ്ഡപങ്ങളിലൊന്ന് നവീകരണത്തിന്റെ പേരില്‍ പൊളിച്ചതോടെ ഭക്തജനങ്ങള്‍ ഇളകി. കേന്ദ്രസര്‍ക്കാറിന്റെ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ആര്‍ട് ആന്‍ഡ് ഹെറിറ്റേജ് കമ്മിഷന്‍ പൈതൃക മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണിത്. നവരാത്രി ദിവസം സരസ്വതീദേവിയുടെ ആറാട്ട് നടത്തുന്നത് ഈ കല്‍മണ്ഡപത്തിലാണ്. അഞ്ഞൂറോളം വര്‍ഷം പഴക്കമുള്ളവയാണ് പൊളിച്ച കല്‍മണ്ഡപം. ഇത്രയും ചരിത്രപ്രാധാന്യമുള്ള പ്രദേശത്ത് നവീകരണം പ്രശ്‌നം നടത്തിയത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തിന് ആക്കം കൂട്ടി തിരുവിതാകൂര്‍ രാജകുടുംബാംഗങ്ങള്‍ കൂടി രംഗത്തെത്തിയതോടെ നവീകരണം തല്‍ക്കാലം നിര്‍ത്തിവച്ചത്.

ചരിത്രപ്രാധാന്യമുള്ള ഈ കല്‍മണ്ഡപങ്ങള്‍ ശാസ്ത്രീയമായി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സാംസ്‌കാരിക മന്ത്രിക്കു കത്ത് നല്‍കുമെന്നു പുരാവസ്തു ഡയറക്ടര്‍ ഡോ. ജി പ്രേംകുമാര്‍ അറിയിച്ചു. പൈതൃക മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലത്തു തങ്ങളുടെ അനുമതിയില്ലാതെയാണു കല്‍മണ്ഡപം പൊളിച്ചത്. ക്ഷേത്ര ഭരണസമിതിയുടെ ഈ നടപടിക്കെതിരെ മന്ത്രിക്കു പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊളിച്ച കല്‍മണ്ഡപത്തിനു സമീപം കുത്തിയിരുന്നു പ്രതിഷേധിച്ച രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയെയും മകന്‍ ആദിത്യ വര്‍മയെയും ക്ഷേത്ര സുരക്ഷാ ചുമതലയുള്ള പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഇടപെട്ടാണ് അനുനയിപ്പിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടയടപ്പു സമരം നടത്തിയ 16നു രാത്രിയാണു രഹസ്യമായി മണ്ഡപം പൊളിക്കാന്‍ ആരംഭിച്ചത്. അതിനാല്‍ സമീപത്തെ വ്യാപാരികള്‍ പോലും വിവരം അറിഞ്ഞില്ല.

ജെസിബി ഉപയോഗിച്ചു കൂറ്റന്‍ കല്‍ത്തൂണുകള്‍ പൊളിച്ചിട്ടു. മറ്റ് അവശിഷ്ടങ്ങള്‍ ഈയിടെ വറ്റിച്ചു ശുദ്ധീകരിച്ച പത്മതീര്‍ത്ഥത്തിലേക്കു തള്ളി. ഇന്നലെ നിര്‍മ്മാണ ജോലികള്‍ക്കായി വീണ്ടും തൊഴിലാളികള്‍ എത്തിയപ്പോഴാണു വിവരം പുറത്തറിഞ്ഞത്. നാട്ടുകാര്‍ സംഘടിച്ചു പണി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. വിവരം അറിഞ്ഞു ഗൗരി ലക്ഷ്മി ബായി മകനുമൊത്തു സ്ഥലത്തു പാഞ്ഞെത്തി. അതോടെ പ്രതിഷേധം ശക്തമായി. കല്‍മണ്ഡപം പൊളിച്ചിട്ട അവശിഷ്ടങ്ങള്‍ക്കുമേല്‍ കുത്തിയിരുന്നു രാജകുടുംബാംഗങ്ങള്‍ പ്രതിഷേധിച്ചതോടെ സ്ഥിതി സംഘര്‍ഷഭരിതമായി. ഒടുവില്‍ പണി നിര്‍ത്തിവയ്ക്കുന്നതായി പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ സുകുമാരപിള്ള അറിയിച്ചതോടെയാണു സ്ഥിതി ശാന്തമായത്.

എന്നാല്‍ ദേവസ്വം വകുപ്പ് അനുവദിച്ച പണം ഉപയോഗിച്ചാണു പത്മതീര്‍ത്ഥ നവീകരണം നടത്തുന്നതെന്നു സുപ്രീം കോടതി നിയോഗിച്ച ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. വെയിലും മഴയുമേല്‍ക്കാതെ മേല്‍ക്കൂരയോടുകൂടിയ നടപ്പാത നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണു കല്‍മണ്ഡപം പൊളിച്ചതെന്നാണ് അവരുടെ ന്യായം.

Top