ഡിജിപി ജേക്കബ് തോമസിനെതിരെ ആദായ നികുതി വകുപ്പിന്റെ നടപടി; തമിഴ്‌നാട്ടിലെ 50.33 ഏക്കര്‍ ഭൂമി കണ്ടുകെട്ടുന്നു

കണ്ണൂര്‍: ഡിജിപി ജേക്കബ് തോമസിനു തമിഴ്‌നാട്ടിലുള്ള 50.33 ഏക്കര്‍ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു. ഭൂമി ജപ്തി ചെയ്യാന്‍ ആദായ നികുതി വകുപ്പ് നേരത്തേ നോട്ടിസ് നല്‍കിയിരുന്നു. തമിഴ്‌നാട്ടിലെ രാജപാളയത്ത് വിരുദു നഗറില്‍ ബെനാമി ഇടപാടില്‍ ജേക്കബ് തോമസ് 50.33 ഏക്കര്‍ ഭൂമി സ്വന്തമാക്കിയെന്ന കണ്ടെത്തലിനെതുടര്‍ന്നാണു നടപടി.

തമിഴ്‌നാട് വിരുദനഗറിലെ 50.33 ഏക്കറാണ് കണ്ടുകെട്ടുന്നത്. രാജപാളയത്ത് ജേക്കബ് തോമസ് 50 ഏക്കര്‍ ഭൂമി വാങ്ങിയെന്നും ഇതു സ്വത്ത് വിവരത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭൂമി കണ്ടുകെട്ടാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചത്.ബിനാമി പേരില്‍ ജേക്കബ് തോമസ് ഭൂമി സ്വന്തമാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജേക്കബ് തോമസിന്റെ കേരളത്തിലെ വീടുകളില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2001ല്‍ രണ്ട് ഘട്ടമായി 33 പേരില്‍ നിന്നാണ് ജേക്കബ് തോമസ് സ്വന്തം പേരില്‍ ഭൂമി വാങ്ങിയത്. 2002, 2003 വര്‍ഷങ്ങളില്‍ അദ്ദേഹം സര്‍ക്കാരിനു നല്‍കിയ സ്വത്തുവിവര സത്യവാങ്മൂലത്തില്‍ ഇതുണ്ട്. ഭാര്യ ഡെയ്‌സിയുടെ പേരിലാണ് ഭൂമിയെന്നാണ് 2003ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇതു രേഖപ്പെടുത്തിയിട്ടില്ല.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യാ സര്‍വീസ് കോണ്‍ടക്ട് റൂള്‍സ് 16 (2) പ്രകാരം സ്വത്തുവിവരം നിര്‍ബന്ധമായും വെളിപ്പെടുത്തണമെന്നാണ് ചട്ടം. രജിസ്ട്രേഷന്‍ രേഖകളില്‍ കൊച്ചിയിലെ ഇസ്ര അഗ്രോടെക് എന്ന കമ്പനിയുടെ വിലാസത്തിലാണ് ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ ഭൂമി. രജിസ്ട്രേഷന്‍ രേഖകള്‍ പ്രകാരം ജേക്കബ് തോമസ് അഗ്രോടെക് കമ്പനി ഡയറക്ടറാണ്. എന്നാല്‍, കമ്പനി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച രേഖകളില്‍ ബേബി തോമസ്, ലെവിന്‍ തോമസ് എന്നിവരാണു ഡയറക്ടര്‍മാര്‍. ഇതേ വിലാസത്തില്‍ ഒരു ടൂര്‍ ഓപ്പറേറ്ററുടെ ഓഫീസുമുണ്ട്. ജേക്കബ് തോമസും ഈ ടൂര്‍ കമ്പനിയുമായുള്ള ബന്ധം മുമ്പ് വിജിലന്‍സ് അന്വേഷിച്ചെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല.

ഏറ്റവും ഒടുവിലായി ജേക്കബ് തോമസ് സര്‍ക്കാരിന് സമര്‍പ്പിച്ച സ്വത്തുവിവര രേഖപ്രകാരം അദ്ദേഹത്തിനു 37.95 കോടിയുടെ ആസ്തിയുണ്ട്. കര്‍ണാടകയിലെ കുടകില്‍ ഭാര്യയുടെ പേരിലുള്ള 151 ഏക്കര്‍ ഭൂമിയുടെ കാര്യവും ഇതില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Top