കോട്ടയം : ഷാൻ ബാബു കൊലക്കേസുമായി ബന്ധപ്പെട്ട് പോലീസിനെതിരേ ഷാനിന്റെ അമ്മ ഉയർത്തിയ ആരോപണങ്ങൾ ശരിയല്ലെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ. പരാതി ലഭിച്ചിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന ആരോപണം തെറ്റാണ്.
പരാതി ലഭിച്ചാൽ സ്വീകരിക്കേണ്ട നടപടികൾ പോലീസ് ചെയ്തിട്ടുണ്ട്. പെട്ടെന്ന് തന്നെ എല്ലാ നടപടികളും സ്വീകരിച്ചു.
അതിനാൽ പോലീസിനെതിരായ ആരോപണങ്ങൾ ശരിയല്ലെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഷാൻ ബാബു വധക്കേസിൽ പ്രതികളായ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട ഷാനിന്റെ അമ്മ പോലീസിനെതിരേ രംഗത്തെത്തിയത്. മകനെ കാണാനില്ലെന്ന് പരാതി നൽകിയിട്ടും പോലീസ് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നായിരുന്നു അവരുടെ ആരോപണം.
ജോമോനാണ് മകനെ കൂട്ടിക്കൊണ്ടു പോയതെന്ന് പോലീസിനെ അറിയിച്ചിരുന്നതായും അമ്മ പറഞ്ഞു.
കേസിലെ പ്രതികളിൽ രണ്ടുപേരെ കഴിഞ്ഞ ദിവസം തന്നെ പിടികൂടി. ബാക്കി മൂന്നുപേരെ ചൊവ്വാഴ്ച പുലർച്ചെയും പിടികൂടി. ഇവരുടെ ഓട്ടോയും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഒക്ടോബറിൽ ഒന്നാംപ്രതിയായ ജോമോന്റെ സുഹൃത്തിനെ ഷാനിന്റെ സുഹൃത്ത് തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തി മർദിച്ചിരുന്നു.
ഇത് ഫോണിൽ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ഈ ദൃശ്യങ്ങൾക്ക് ഷാൻബാബുവും സുഹൃത്തുക്കളും ചില കമന്റുകൾ ചെയ്തത് ജോമോനും കൂട്ടാളികൾക്കും അപമാനമുണ്ടാക്കി. ഈ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പ്രധാനറോഡിൽ പോലീസിന്റെ വാഹനപരിശോധന ഉണ്ടായിരുന്നതിനാൽ ഷാൻബാബുവിന്റെ മൃതദേഹവുമായി പ്രതികൾ മറ്റൊരു വഴിയിലൂടെയാണ് വന്നത്. പോലീസ് സ്റ്റേഷന് സമീപത്തുവെച്ച് മറ്റുള്ളവർ ജോമോനെ ഇറക്കിവിട്ട് മടങ്ങുകയായിരുന്നു. തുടർന്നാണ് ജോമോൻ മൃതദേഹവുമായി സ്റ്റേഷന്റെ മുന്നിലെത്തിയത്.
കൊല്ലപ്പെട്ട ഷാൻബാബു നേരത്തെ കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ടെന്നും പോലീസ് പറയുന്നു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് മേധാവി അറിയിച്ചു.