മലപ്പുറം: സര്‍ക്കാര്‍ കെ എം ഷാജിയെ വേട്ടയാടുകയാണെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വേട്ടയാടലിന് ഷാജിയെ വിട്ടുകൊടുക്കില്ലെന്നും പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. കണ്ണൂരിലെ കൊലപാതകത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കെഎം ഷാജിയെ ബലിയാടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ഷാജിക്കൊപ്പമാണെന്നും കണ്ണൂര്‍ കൊലപാതകത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് നടക്കുന്നതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഷാജിയുടെ വീട്ടിലെ പരിശോധന രാഷ്രീയ പ്രേരിതമാണെന്ന് മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും ആരോപിച്ചു . ഷാജിയുമായി താന്‍ സംസാരിച്ചിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പരിശോധന എന്ന് പറഞ്ഞാല്‍ അതിനെ തെറ്റ് പറയാനാകില്ല. കെഎം ഷാജി ഇപ്പോള്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘കണ്ണൂര്‍ കൊലപാതകത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമം. അതിന് വേണ്ടി ഷാജിയെ ബലിയാടാക്കുന്നു. ഷാജിക്ക് പാര്‍ട്ടിയുടെ എല്ലാ പിന്തുണയും ഉണ്ടാവും. തുടക്കം മുതല്‍ തന്നെ ഷാജിക്കൊപ്പമാണ്. സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന ഉറച്ച വിശ്വാസം ലീഗിനുണ്ട്.’ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഷാജിയുടെ വീട്ടിലെ വിജിലന്‍സ് റെയിഡില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമാണ് ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെഡിഡ് നടത്തിയത്. കോഴിക്കോട്ടേയും കണ്ണൂരിലേയും വീട്ടില്‍ ഒരേസമയമായിരുന്നു റെയിഡ്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഷാജിയെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം.
ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടന്ന റെയ്ഡില്‍ അരകോടി രൂപയാണ് പിടിച്ചെടുത്തത്. കോഴിക്കോട്ടെ വീട്ടില്‍ നിന്നും വിദേശ കറന്‍സിയും, ചില നിര്‍ണായക രേഖകളും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എംഎല്‍എയായ ശേഷം 28 തവണയാണ് ഷാജി വിദേശയാത്ര നടത്തിയതെന്ന് വ്യക്തമാക്കുന്ന രേഖകളും കണ്ടെത്തിയിരുന്നു. കെഎം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വരവിനേക്കാള്‍ 166 ശതമാനം അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ് അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു. 2011 മുതല്‍ 2020 വരെയുള്ള വരുമാനത്തിലാണ് വരവില്‍ കൂടുതല്‍ വരവുള്ളത്. ഇക്കാലയളവില്‍ 88,57,452 രൂപയാണ് ഷാജിയുടെ വരുമാനം. എന്നാല്‍, 2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ കാലത്തുണ്ടായെന്നാണ് കണ്ടെത്തല്‍. ഇത് വരവിനേക്കാള്‍ 116 ശതമാനം അധികമാണ്. പ്ലസ്ടു അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന കേസും നിലനില്‍ക്കുന്നുണ്ട്.
അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് കഴിഞ്ഞ ദിവസമാണ് കേസില്‍ കെ എം ഷാജി എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളിലാണ് പരിശോധന നടത്തിയിരുന്നത്. കണ്ണൂരിലെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിജിലന്‍സ് വിദേശ കറന്‍സികളും കണ്ടെടുത്തു എന്നാണ് വിവരം. കുട്ടികളുടെ ശേഖരമാണ് ഇതെന്നാണ് ഷാജിയുടെ വിശദീകരണം. മഹസറില്‍ രേഖപ്പെടുത്തിയ ശേഷം ഇത് വീട്ടില്‍ തിരികെ വച്ചു.