
ഇടുക്കി: ഇടുക്കിയിലെ മുസ്ലിം ലീഗിനെ പരസ്യമായി വെല്ലുവിളിച്ച് കോൺഗ്രസ് നേതൃത്വം. മുസ്ലിം ലീഗ് പ്രണയം കോൺഗ്രസിന് ബാധ്യത .കൂടെ നിന്ന് ചതിക്കുന്നവരെന്നും ആരോപണം .തൊടുപുഴ മുനിസിപ്പൽ ചെയർമാൻ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുസ്ലിം ലീഗിനെതിരെ പരസ്യ വെല്ലുവിളിയുമായി ഇടുക്കി ജില്ലാ കോൺഗ്രസ് നേതൃത്വം. എൽഡിഎഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് വാറോല കാട്ടി കോൺഗ്രസിനെ പേടിപ്പിക്കേണ്ടെന്ന് ഡിസിസി അധ്യക്ഷൻ സി പി മാത്യു പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ തൊടുപുഴ നഗരസഭയിലേക്ക് വേണമെങ്കിൽ ഒറ്റക്ക് മത്സരിക്കാൻ തയ്യാറെന്നും കോൺഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി. അനുകൂല സാഹചര്യമുണ്ടായിട്ടും നഗരസഭാ ഭരണം പിടിക്കാമായിരുന്ന അവസരം പരസ്പരം പോരടിച്ച് നഷ്ടപ്പെടുത്തിയതോടെയാണ് ഇടുക്കി ജില്ലാ യുഡിഎഫ് ഘടകത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നത്.
മുസ്ലിം ലീഗ് ഉന്നയിക്കുന്നതു പോലെ ഒരു ധാരണയും ചെയർമാൻ സ്ഥാനത്തെച്ചൊല്ലിയുണ്ടായിട്ടില്ലെന്നും ഭരണം കിട്ടിയാൽ കേരള കോൺഗ്രസ്, കോൺഗ്രസ് പിന്നെ മുസ്ലീം ലീഗ് എന്നതായിരുന്നു തെരഞ്ഞെടുപ്പിന് മുന്നേയുള്ള ധാരണയെന്നും ഡിസിസി നേതൃത്വം പറയുന്നു. ഇടുക്കിയിലെ മുസ്ലീം ലീഗിനകത്തുള്ള പടലപ്പിണക്കമാണ് മുന്നണിയെ നാണക്കേടിലേക്ക് തള്ളിവിട്ടതെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
തിങ്കളാഴ്ച നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെങ്കിൽ ഇടത് വോട്ടുകൾ ഉൾപ്പെടെ പിടിക്കാൻ ഡിസിസി രഹസ്യനീക്കങ്ങൾ നടത്തിയിരുന്നുവെന്നാണ് വിവരം. എന്നാൽ ഇത് ഉൾപ്പെടെ മുന്നണിയോഗത്തിൽ വിശദീകരിച്ചിട്ടും മുസ്ലിം ലീഗ് ഇടഞ്ഞുനിന്നെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.