മഞ്ചേശ്വരം: മുസ്ലീം ലീഗില്‍ നിന്നും സി.പി.എം. ലേക്ക് ചേരുന്ന കെ.കെ. മുഹമ്മദ് കുഞ്ഞിയേയും അനുയായികളേയും സ്വീകരിക്കാന്‍ ഇന്ന് വൈകീട്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തും. വൈകീട്ട് നാലിന് കുംബളയില്‍ ചേരുന്ന ചടങ്ങില്‍ വെച്ച് മുസ്ലീം ലീഗ് നേതാക്കളും പ്രവര്‍ത്തകരും ചെങ്കൊടിയേന്തും. ഒരു കാലത്ത് സി.പി.എം. ഉം. സി.പി.ഐ.യും കൈവശം വെച്ച മഞ്ചേശ്വരം മണ്ഡലം മുസ്ലീം ലീഗിന് അടിയറവു പറയിച്ചതിന്റെ അമരക്കാരില്‍ ഒരാളായിരുന്നു കെ.കെ. എന്ന് അറിയപ്പെടുന്ന കെ.കെ. മുഹമ്മദ് കുഞ്ഞി. ഈ മണ്ഡലത്തില്‍ മുന്‍നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും അയ്യായിരത്തിലേറെ ലീഡ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കെ.കെ.യെ ഒഴിവാക്കുകയായിരുന്നു. അതോടെ അയ്യായിരം ലീഡ് പ്രതീക്ഷിച്ച ഈ മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിക്ക് കേവലം 89 വോട്ടിന് മാത്രമേ വിജയിക്കാനായുള്ളൂ. അതുപോലും ഇപ്പോള്‍ കോടതി കയറിയിരിക്കയാണ്. ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പരാതിയില്‍ ഹൈക്കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കയാണ്. യു.ഡി.എഫ് തീര്‍ത്തും ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് മുഹമ്മദ്കുഞ്ഞിയും അനുയായികളും സി.പി.എം. ലേക്ക് പോകുന്നത്.
ചെര്‍ക്കളം അബ്ദുളള മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും മത്സര രംഗത്തിറങ്ങിയപ്പോഴാണ് കെ.കെ. എന്നു വിളിക്കപ്പെടുന്ന അബ്ദുള്ളക്കുഞ്ഞിക്ക് തെരഞ്ഞെടുപ്പ് ചുമതലക്ക് നിയോഗിക്കപ്പെട്ടത്. സി.പി.ഐ.(എം.) ല്‍ നിന്നും മണ്ഡലം പിടിച്ചെടുത്തതോടെ അബ്ദുള്ളക്കുഞ്ഞിയുടെ വിജയമായാണ് അക്കാലത്ത് വിലയിരുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിനുവേണ്ടി മത്സരിച്ച പി.ബി. അബ്ദുള്‍ റസാഖ് ജയിച്ചത് വെറും 89 വോട്ടിനായിരുന്നു. കെ.കെ.യെ തെരഞ്ഞെടുപ്പു ചുമതലയില്‍ നിന്നും മാറ്റിയപ്പോഴാണ് 5000 ത്തോളം ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തില്‍ അബ്ദുള്‍ റസാഖ് കഷ്ടിച്ച് ജയിച്ചത്. മഞ്ചേശ്വരത്തെ 167 ബൂത്തുകളിലും രാഷ്ട്രീയ കരുക്കള്‍ നീക്കാന്‍ അറിയുന്ന കെ.കെ.യെ നേതൃത്വം അവഗണിക്കുകയായിരുന്നു.
` ഇല്ലാത്ത കുറ്റത്തിന്റെ പേരിലാണ് തനിക്കെതിരെ ആരോപണമുയരുന്നത്. മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണം നല്‍കുന്നതിന്റെ ചുമതല തനിക്കായിരുന്നു. സ്വീകരണം ഗംഭീരമായെന്ന് എല്ലാവര്‍ക്കും ബോധ്യമായെങ്കിലും അതിനിടെ ചില അനിഷ്ട സംഭവങ്ങള്‍ നടന്നു. പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. അതിനു കാരണക്കാരനായ ജില്ലാ പോലീസ് ചീഫ് രാം ദാസ് പോത്തന് തന്റെ വീട്ടില്‍ സ്വീകരണം നല്‍കിയെന്ന് ആരോപണമാണ് തന്റെ പേരില്‍ ചിലര്‍ പടച്ചുണ്ടാക്കിയത്. ഇക്കാര്യം മക്കയെ പിടിച്ച് സത്യം ചെയ്യാമെന്ന് പറഞ്ഞിട്ടും ചിലര്‍ തന്നെ ഒറ്റപ്പെടുത്തുകയായിരുന്നു. പാര്‍ട്ടി കമ്മീഷനും തന്റെ ഭാഗത്തുനിന്ന് തെറ്റില്ലെന്ന് ബോധ്യപ്പെട്ടിരുന്നു. എന്നിട്ടും തന്നെ ഒതുക്കന്നതിനുളള കളിയാണ് നടക്കുന്നത്. സംസ്ഥാന നേതൃത്വത്തിന് വരെ പരാതി നല്‍കിയെങ്കിലും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഒഴിച്ച് മറ്റൊരാളും വിശദീകരണം ചോദിച്ചിട്ടില്ല.
നിലവിലുള്ള സാഹചര്യത്തില്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ സി.പി..(എം.) ന് മാത്രമേ കഴിയൂ. അതുകൊണ്ട് താനും അണികളും ചെങ്കൊടി പിടിക്കാന്‍ തീരുമാനിച്ചിരിക്കയാണ്. മുസ്ലീം ലീഗിന് നില നില്‍ക്കണമെങ്കില്‍ സി.പി.ഐ.(എം.) ന്റെ സഹായം വേണമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കയാണ്.പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു കൂട്ടം നേതാക്കളുടെ സംങ്കുചിത താതാപര്യം മാത്രമാണ് മുസ്ലീം ലീഗ് നേതൃത്വം സംരക്ഷിക്കുന്നതെന്ന് കെ.കെ. മുഹമ്മദ് പറയുന്നു. പുത്തന്‍ പണക്കാരും മണല്‍മാഫിയയുമാണ് മുസ്ലീം ലീഗിനെ നയിക്കുന്നത്. ജനങ്ങളുമായി ഇടപെടുന്ന നേതാക്കളെ തഴഞ്ഞ് പുറത്താക്കുകയാണ്. പരമ്പരാഗത ലീഗ് ശക്തി കേന്ദ്രങ്ങള്‍ ഇപ്പോള്‍ തികഞ്ഞ മുരടിപ്പിലാണ്. അതിനാല്‍ മതേതരനിലപാടുകള്‍ സ്വീകരിക്കുന്ന പ്രസ്താനമായ സി.പി.എം. ല്‍ ചേരുകയാണ്. വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഏക പാര്‍ട്ടി സി.പി.എം. ആണെന്നും കെ.കെ.മുഹമ്മദ് പറഞ്ഞു.