ലീഗിൽ പൊട്ടിത്തെറി !ഹാരിസ് ബീരാന്‍ ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി!!തെങ്ങും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി. നിര്‍ദേശം തങ്ങളുടേത്, കുഞ്ഞാലിക്കുട്ടിക്കും സലാമിനും എതിർപ്പ്

മലപ്പുറം: സുപ്രീംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാനെ മുസ്ലീം ലീഗ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്ന് റിപ്പോര്‍ട്ട്.മത്സരത്തിന് തയ്യാറാകാന്‍ ഹാരിസ് ബീരാന് നിര്‍ദേശം നല്‍കിയതായാണ് വിവരം. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ തന്നെയാണ് ഹാരിസിന്റെ പേര് നിര്‍ദേശിച്ചത്. അതേസമയം പികെ കുഞ്ഞാലിക്കുട്ടിയും പിഎംഎ സലാമും അടക്കമുള്ള നേതാക്കള്‍ക്ക് തീരുമാനത്തില്‍ വിയോജിപ്പ് ഉള്ളതായാണ് വിവരം.സംഘടനാ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ നേതാക്കളെ പരിഗണിക്കാത്തതിലാണ് എതിര്‍പ്പ്. ഒരു പ്രമുഖ വ്യവസായിയുടെ നിര്‍ദേശപ്രകാരമാണ് ഹാരിസ് ബീരാനെ പരിഗണിച്ചതെന്നും ആരോപണമുണ്ട്.

യുഡിഎഫില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് കുഞ്ഞാലിക്കുട്ടി എത്തണമെന്ന ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ രാജ്യസഭയിലേക്ക് ഇല്ലെന്നും അക്കാര്യത്തില്‍ ഉചിതമായ സമയത്ത് സാദിഖലി തങ്ങള്‍ തീരുമാനമെടുക്കുമെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. അതേസമയം ഇത്തവണ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പുതുമുഖമായിരിക്കും എത്തുകയെന്നും യുവാക്കള്‍ക്കായിരിക്കും പരിഗണനയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡല്‍ഹിയിലെ കെ എം സി സി നേതാവ് കൂടിയാണ് ഹാരിസ് ബീരാന്‍. സാദിഖലി ശിഹാബ് തങ്ങള്‍ ഗള്‍ഫ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. അതേസമയം ഹാരിസ് ബീരാനെ പരിഗണിക്കുന്നതില്‍ യൂത്ത് ലീഗ് നേതൃത്വത്തിനും പ്രതിഷേധമുണ്ട്. ഇത്തവണ രാജ്യസഭയിലേക്ക് പുതുമുഖങ്ങളെ അയയ്ക്കും എന്നായിരുന്നു സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നത്.

ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് എന്നിവരുടെ പേരാണ് യൂത്ത് ലീഗ് മുന്നോട്ട് വെക്കുന്നത്. എന്നാല്‍ യൂത്ത് ലീഗിന് സീറ്റ് ലഭിച്ചേക്കില്ല എന്നാണ് വിവരം. ഹാരിസ് ബീരാന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത് പിഎംഎ സലാമാണ്. കുഞ്ഞാലിക്കുട്ടിക്കും സലാം രാജ്യസഭയില്‍ എത്തുന്നതിനാണ് താല്‍പര്യം. കുഞ്ഞാലിക്കുട്ടിയുടെ പേര് ആദ്യം ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും അദ്ദേഹം താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു.

ഏതായാലും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. പി എം എ സലാമിനെ രാജ്യസഭയിലേക്കയച്ചാല്‍ ഇ കെ വിഭാഗവുമായുള്ള തര്‍ക്കത്തിന് പരിഹാരം കണ്ടെത്താം എന്ന ഫോര്‍മുലയാണ് നേതൃത്വത്തിലെ ഒരു വിഭാഗത്തിനുള്ളത്. സലാമിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണം എന്നതാണ് ഇ കെ വിഭാഗത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.

രാജ്യസഭയിലേക്ക് അയച്ചാല്‍ ഇതിന് രമ്യമായ പരിഹാരമാകും എന്നാണ് കണക്കുകൂട്ടല്‍. രാജ്യസഭാ സീറ്റ് യൂത്ത് ലീഗിന് അനുവദിക്കണം എന്ന് പി കെ ഫിറോസ് സാദിഖലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റിപ്പുറത്ത് നിന്നുളള നേതാവ് സി പി ബാവാ ഹാജിയുടെ പേരും പട്ടികയിലുണ്ട്. മുസ്‌ലിം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് ബാവ ഹാജി. നേരത്തെ മൂന്ന് ലോക്‌സഭാ സീറ്റ് ലീഗ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇത് അനുവദിക്കാനാകില്ല എന്നും അടുത്ത ഒഴിവില്‍ രാജ്യസഭയിലേക്ക് പരിഗണിക്കാം എന്നുമായിരുന്നു കോണ്‍ഗ്രസ് മുന്നോട്ട് വെച്ച വാഗ്ദാനം. ഈ സാഹചര്യത്തിലാണ് ലീഗിന് രാജ്യസഭയിലേക്ക് അവസരം ലഭിച്ചത്. കേരളത്തിലെ രണ്ട് ലോക്‌സഭാ സീറ്റിലും മികച്ച ഭൂരിപക്ഷത്തോടെ ജയിക്കാന്‍ ലീഗിനായിരുന്നു. തമിഴ്‌നാട്ടിലെ ഒരു സീറ്റിലും മുസ്ലീം ലീഗ് ജയിച്ചിട്ടുണ്ട്.

Top